SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

തിരുവനന്തപുരം ജനറൽ ആശുപത്രി: 94ലും ഒൻപതാം വാർ‌ഡിന്റെ അന്നദാതാവിന് ചെറുപ്പം

radha

തിരുവനന്തപുരം : കാൽനൂറ്റാണ്ടായി രാധാകൃഷ്ണപിള്ളയുടെ വീടിന്റെ അടുക്കളയിൽ തീ എരിയുന്നത് അശരണരായ രോഗികൾക്കുവേണ്ടി. ഭക്ഷണത്തിനുവേണ്ടി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിൽ നിലവിളിച്ചവർക്കു മുന്നിൽ 26 വർഷംമുമ്പ് അവതരിച്ച പച്ചമനുഷ്യൻ. പേട്ട കവറടി റോ‌ഡിലെ ലക്ഷ്മി മന്ദിരത്തിൽ എം.രാധാകൃഷ്ണപിള്ള. പിന്തുണയുമായി എന്നും ഒപ്പമുണ്ടായിരുന്ന ഭാര്യ ഇന്ദിരാമ്മയുടെ മരണദിവസം പോലും ഒൻപതാം വാർഡിൽ രാധാകൃഷ്ണപിള്ള ഭക്ഷണം മുടക്കിയില്ല.

പ്രായം 94കടന്ന ഈ മനുഷ്യൻ രാവിലെ എഴുന്നേൽക്കുന്നതും രാത്രി ഉറങ്ങുന്നതും വയറെരിയുന്നവരെക്കുറിച്ച് ചിന്തിച്ചാണ്. രാധാകൃഷ്ണപിള്ളയുടെ പെൻഷൻ തുകയും സുമനസുകൾ നൽകുന്ന സംഭാവനകളും ചേർത്തുവച്ചാണ് മുടങ്ങാതെ ഭക്ഷണം തയ്യാറാക്കുന്നത്. പാലാ സ്വദേശിയായ രാധാകൃഷ്ണപിള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി കിട്ടിയാണ് തലസ്ഥാനത്ത് എത്തിയത്. സൂപ്രണ്ടായി വിരമിച്ച ശേഷം വിശക്കുന്നവന് അന്നം വിളമ്പാൻ തീരുമാനിച്ചു. ആദ്യം ഫോർട്ട് ആശുപത്രിയിലെത്തി. അധികൃതർ സൗകര്യം നൽകിയില്ല. പിള്ള ജനറൽ ആശുപത്രിയിലെത്തി. അന്നത്തെ സൂപ്രണ്ട് ഡെക്ലസ് ഇരുകൈയും നീട്ടി സ്വീകരിച്ചു. അങ്ങനെയാണ് 2000 ഏപ്രിലിൽ ഒൻപതാം വാർഡിൽ അന്നംവിളമ്പിയത്. അവിടെ കണ്ട കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറമായി. ഇതോടെ എല്ലാദിവസവും ഭക്ഷണം നൽകാൻ തയ്യാറായി. എന്നാൽ,​ വീട്ടിൽ നിന്നുള്ള ഭക്ഷണം മാത്രമേ പാടുള്ളൂവെന്ന് അധികൃതർ നിർദ്ദേശിച്ചു. ആ വാക്ക് ഇന്നും പാലിക്കുന്നു. ഇതിനായി മാതാ വനിതാ ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു. സഹായിയായി സെക്രട്ടേറിയറ്റിലെ റിട്ട. ഉദ്യോഗസ്ഥൻ അശോക്‌കുമാറും ഒപ്പമുണ്ട്.

നാലു കൂട്ടം കറി നിർബന്ധം

മിനിമം നാലു കൂട്ടം കറി ഉണ്ടാവും. അതേ ഭക്ഷണത്തിന്റെ പങ്കാണ് അദ്ദേഹവും വീട്ടുകാരും കഴിക്കുന്നത് പ്രായാധിക്യം കാരണം ഇപ്പോൾ ഭക്ഷണം എത്തിക്കാൻ പ്രയാസം. ആശുപത്രിയിൽ നിന്ന് ജീവനക്കാർ ഓട്ടോയിലെത്തി ഭക്ഷണമെടുത്തുകൊണ്ടുപോകും.രാധാകൃഷ്ണപിള്ളയുടെ പിറന്നാളും തിരുവോണവുമെല്ലാം ഒൻപതാം വാർഡിലാണ്.അന്ന് വിഭവസമൃദ്ധമായ സദ്യയാണ്. സാധാരണ ദിവസങ്ങളിൽ മൂന്നു സ്ത്രീകൾ സഹായത്തിനെത്തും. ഓണത്തിന്റെ അഞ്ചു ദിവസവും മക്കളായ വേണുഗോപാൽ,ശങ്കരനാരായണൻ,ജയലക്ഷമി മരുക്കളായ ഷീലജ,ഷിജി,സുരേഷ്കുമാർ എന്നിവരാണ് പാചകം.

ത്യാഗനിർഭരവും സേവനസന്നദ്ധവുമായ ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തെ സ്വാമി അപ്പൂപ്പൻ എന്ന് വിളിക്കാനാണ് തോന്നിയത്.വിശപ്പിന്റെ വിലയറിഞ്ഞ് അർഹതപ്പെട്ടവർക്ക് നൽകുന്ന സ്വാമി അപ്പൂപ്പന് എന്റെ ബിഗ് സല്യൂട്ട്

-മോഹൻലാൽ,നടൻ

(ടെലിവിഷൻ പരിപാടിയിൽ പറഞ്ഞത്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA