
തിരുവനന്തപുരം: വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തിൽ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.
അതിതീവ്ര ദുരന്തമായി (ലെവൽ 3) പ്രഖ്യാപിച്ചാൽ പുനർനിർമ്മാണത്തിന് വലിയ സഹായം ലഭിക്കും. അതാണ് തുടക്കംമുതൽ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേന്ദ്രം നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനം വരിക. ഇതു സംബന്ധിച്ചുള്ള ഒരു വ്യക്തതയും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
ലെവൽ 1, 2 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ദുരന്തങ്ങൾക്ക് കേന്ദ്ര സഹായം കാര്യമായി ലഭിക്കണമെന്നില്ല. അല്ലെങ്കിൽ കേന്ദ്രം സ്വയം തീരുമാനിക്കണം. മാത്രമല്ല, അത്തരം സന്ദർഭങ്ങളിൽ ഓരോ വിഭാഗത്തിലും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളും കണക്കുകളുമുണ്ട്. ലെവൽ 3 യിലേക്കുവരുമ്പോൾ മാനദണ്ഡ പരിധിയില്ല. കേന്ദ്രതാത്പര്യപ്രകാരം സാമ്പത്തിക സഹായം നിശ്ചയിക്കാം. ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് 2000 കോടിയും നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് കേന്ദ്രത്തിന് കേരളം സമർപ്പിച്ചിട്ടുള്ളത്. ആവശ്യം ആവർത്തിക്കുന്നുണ്ടെങ്കിലും കൃത്യമായ മറുപടി കിട്ടിയിട്ടില്ല.
ദുരന്തം ലെവൽ 3 ആയാൽ
ഒരു ജില്ലയ്‌ക്കോ സംസ്ഥാനത്തിനോ താങ്ങാനും പരിഹരിക്കാനും സാധിക്കുന്നതിനുമപ്പുറമുള്ളതും കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ളതുമായ വലിയ ദുരന്തമാണിത്. ഇക്കാര്യത്തിൽ എത്ര സഹായം നൽകണമെന്നത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക. അനുഭാവ പൂർവമായ സമീപനമാണെങ്കിൽ സംസ്ഥാനം പ്രതീക്ഷിക്കുന്നതിനും മേലെയുള്ള സഹായം കിട്ടിയേക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പി ഫണ്ടിൽ നിന്നും നിശ്ചിത ശതമാനം സ്വീകരിക്കാനാവും. വലിയ ട്രെയിൻ അപകടങ്ങൾ, വിമാനഅപകടങ്ങൾ എന്നിവയ്ക്ക് ലെവൽ 3 വിഭാഗത്തിൽപ്പെടുത്തിയുള്ള സഹായമാണ് കേന്ദ്രം നൽകാറുള്ളത്. ഉഭയകക്ഷി ബന്ധമുള്ള രാജ്യങ്ങളിലെ സംഘടനകളുടെയും യു.എൻ, ഡബ്‌ള്യു. എച്ച്.ഒ പോലുള്ള ബഹുരാഷ്ട്ര സംഘടനകളുടെയും അധിക സാമ്പത്തിക, സാങ്കേതിക സഹായങ്ങളും തേടാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |