SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

രാത്രിയിലെ കാട് അതിമനോഹരം, വീണ്ടും പോകാനൊരുങ്ങി ശരണ്യ

saranay

കോഴിക്കോട്: മൂന്നു രാത്രിയും രണ്ടുപകലും തടിയൻഡമോൾ മലനിരകളിലെ കാട്ടിൽ ഒറ്റപ്പെട്ടുപോയ ശരണ്യ വീണ്ടും ട്രക്കിംഗ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ''രാത്രിയിലെ കാട് കാണാൻ അതിമനോഹരം. ചുറ്റും മിന്നാമിനുങ്ങുകളും ആകാശം നിറയെ നക്ഷത്രങ്ങളും. പേടി തോന്നിയില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ആത്മവിശ്വാസവും കരുത്തുമാണ് ലഭിച്ചത്.""- ഇന്നലെ പുലർച്ചെ ഒന്നരയോടെ നാദാപുരത്തെ പേരോട് ഇയ്യങ്കോട് നടുക്കണ്ടി സോമന്നൗയം വീട്ടിലെത്തിയ ശരണ്യയെ അമ്മ ശെെലജയും അച്ഛൻ ഗോപിയും ചേർത്തുപിടിച്ചു. സ്നേഹത്താൽ ശകാരിച്ചെങ്കിലും യാത്രകളിൽ നിന്നവളെ വിലക്കിയില്ല. വയറുനിറയെ ഭക്ഷണം നൽകി വിശ്രമിക്കാനനുവദിച്ചു. തടിയൻഡമോൾ മലനിരകളിൽ ട്രക്കിംഗ് തുടങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് ശരണ്യയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അരുവിയിലെ വെള്ളം കുടിച്ച് വിശപ്പകറ്റിയും പാറപ്പുറത്ത് കിടന്നുറങ്ങിയുമാണ് ദിവസങ്ങൾ തള്ളിനീക്കിയത്.

അഗസ്ത്യകൂടം ചെമ്പ്ര മലനിരകളെ കീഴടക്കിയ ശരണ്യയ്ക്ക് തടിയൻഡമോൾ മല നിസാരമായിരുന്നു.

ഗൈഡ് കൂടെവരാഞ്ഞതാണ് വിനയായത്. 10 പേർക്കൊപ്പം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ട്രക്കിംഗ് ആരംഭിച്ചത്. 10 മണിയോടെ മലമുകളിലെത്തി രണ്ടുപേർക്കൊപ്പം തിരിച്ചിറങ്ങുമ്പോൾ വഴി തെറ്റി.

'' ഞാൻ കുറച്ച് മുൻപിലായിരുന്നു.തിരിഞ്ഞ് നോക്കിയപ്പോൾ അവർ പാറപ്പുറത്തിരിക്കുന്നു. കുറച്ച് സമയം അവരെ കാത്തുനിന്നു. പിന്നീട് നോക്കിയപ്പോൾ കാണാനില്ല. ഈ സമയം കുറച്ച് പേരെ മുകളിൽ കണ്ടു. അവർക്കൊപ്പമെത്താൻ വേറെ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ അവരും അവിടെയില്ല. തെറ്റിയ വഴിയിലൂടെ കുറച്ചു ദൂരം നടന്ന് തുറസ്സായ പാറപ്പുറം കണ്ടെത്തി. ഇരുട്ട് വീണതിനാൽ നടക്കുന്നത് അപകടമാണെന്ന് മനസിലായി.

രണ്ടുമണിക്കൂറുകൊണ്ട് മടങ്ങിവരാവുന്ന ട്രക്കിംഗായതിനാൽ ഭക്ഷണമോ പവർ ബാങ്കോ കരുതിയിരുന്നില്ല. വാട്ടർ ബോട്ടിലും ഒരു പഴവുമാണുണ്ടായിരുന്നത്. സുഹൃത്തിനെ വിളിച്ച് സർക്കാരിന്റെ ആരണ്യ സൈറ്റിൽ കയറി കാര്യംപറയാൻ പറയുമ്പോഴേക്കും ഫോൺ ഓഫായി. പാറക്കെട്ടിന്റെ തൊട്ടടുത്ത് ചെറിയ അരുവിയുണ്ടായിരുന്നതിനാൽ വെള്ളം കുടിച്ചു. വന്യമൃഗങ്ങളെയൊന്നും കണ്ടില്ല. ഉറങ്ങാൻ കിടന്നപ്പോൾ പല ശബ്ദവും കേട്ടു. അപ്പോൾ വടിയെടുത്ത് നിന്നു. പിന്നെ അത് ശീലമായി. അധികം ഉറങ്ങിയില്ല. ഭയമുണ്ടായിരുന്നില്ല. തന്നെ കണ്ടെത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പായതിനാൽ കാണാൻ സാധിക്കുന്ന ഇടങ്ങളിലാണ് നിന്നത്. മഴ പെയ്തതിനാൽ വഴിയൊന്നും കാണാൻ സാധിച്ചില്ലെന്നും ശരണ്യ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SARANYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA