
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് എറണാകുളത്ത് തിരിതെളിയും. 8 നാണ് സമാപനം. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കലോത്സവത്തിന് എറണാകുളം ആതിഥ്യം വഹിക്കുന്നത്.
മറൈൻ ഡ്രൈവിലെ പ്രധാന വേദിയുൾപ്പെടെ 27 കേന്ദ്രങ്ങളിലായി നടക്കുന്ന 65-ാമത് കലോത്സവത്തിൽ 249 ഇനങ്ങളിലായി പതിനാലായിരത്തോളം കുട്ടിപ്രതിഭകൾ മാറ്റുരയ്‌ക്കും.
സ്കൂൾതല മത്സരങ്ങൾ സെപ്തംബർ 30-നകവും സബ് ജില്ലാമത്സരങ്ങൾ ഒക്ടോബർ 30-നകവും ജില്ലാതല മത്സരങ്ങൾ നവംബർ 30-നകവും പൂർത്തിയാക്കും.
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കും.
സംഘാടക സമിതി രൂപീകരണ യോഗം ഇന്നലെ കൊച്ചിയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കച്ചേരിപ്പടിയിൽ നിന്ന് ടൗൺഹാളിലേക്ക് നടത്തിയ വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
കായിക അദ്ധ്യാപകരുടെ തസ്തിക നിർണയത്തിൽ ഇളവ് വരുത്തിയതുപോലെ, കലാ അദ്ധ്യാപകരുടെ വിഷയത്തിലും അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനൽകി.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, അനൂപ് ജേക്കബ്, എം.പിമാർ. എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |