SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

കത്തിയമർന്നിട്ടും പാഠം പഠിക്കുന്നില്ല , സ്കൂൾ യാത്രയ്ക്ക് 1510 കട്ടപ്പുറം ബസുകൾ

ss

തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കടുത്ത നിലപാട് സ്വീകരിച്ചിരിക്കെ സ്കൂൾ ബസുകളുടെ കാര്യത്തിൽ മൗനം. 35 വർഷം പഴക്കമുള്ള ബസ് വരെ കുട്ടികളുമായി കേരളത്തിൽ സവാരി നടത്തുന്നു! സ്കൂൾ ബാനറിൽ ഓടുന്ന 1510 ബസുകൾ 20വർഷത്തിലേറെ പഴക്കമുള്ളതാണ്. മൂവാറ്റുപുഴയിലും കൊല്ലം കണ്ണനല്ലൂരും അടുത്തകാലത്ത് സ്കൂൾ ബസ് അഗ്നിക്കിരയായിരുന്നു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽകൊണ്ടു മാത്രമാണ് രണ്ടിടത്തും ആളപായം ഉണ്ടാകാതിരുന്നത്.

മോട്ടോർ വാഹനവകുപ്പിന്റെ കണക്കിൽ 29,000 അംഗീകൃത സ്കൂൾ വാഹനങ്ങളാണുള്ളത്. അതിൽ പകുതിയോളം10-15 വർഷം പഴക്കമുള്ളതാണ്. പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങാൻ ബഡ്ജറ്റിൽ 100 കോടി രൂപ മാറ്റി വച്ചപ്പോഴും സർക്കാർ സ്കൂളുകളുകളിലെ പഴഞ്ചൻ ബസുകളെ മറന്നു. പഴയവാഹനങ്ങൾ പൊളിക്കണമെന്ന നയത്തെ തുടർന്ന് 3000 സർക്കാർ വാഹനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നപ്പോഴും സ്‌കൂൾവാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല.

ട്രാൻസ്പോർട്ട് ബസുകളുടെ പഴക്കം 15 വർഷമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂൾബസിന്റെ പഴക്കത്തെക്കുറിച്ച് പ്രത്യേകമായി ഒന്നും പറ‌ഞ്ഞിട്ടുമില്ല. ഇത് കാലാവധി നീട്ടി നൽകാനുള്ള 'ലൈസൻസ്'ആയി അധികാരികൾ കണ്ടതാണ് പഴഞ്ചൻ ബസുകൾക്ക് തുണയായത്. കാലപ്പഴക്കത്തിൽ പെർമിറ്റ് നിഷേധിക്കപ്പെടുന്ന മറ്റു ബസുകളും മഞ്ഞ പെയിന്റടിച്ച് സ്കൂൾ ബോഡ് വച്ചാൽ നിരത്തിലിറക്കാം.!

മാനേജ്മെന്റ് സമ്മർദ്ദം

ഒരു വിഭാഗം സ്‌കൂൾ മാനേജ്‌മെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സംസ്ഥാന സർക്കാർ പഴയവാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം തുടരുന്നത്. അവ ഉപയോഗിക്കുന്നെങ്കിലും ബസ് ഫീസിൽ ഇളവില്ല. കൊവിഡ് കാലത്ത് സ്കൂൾ ബസുകളിൽ നിന്നുള്ള വരുമാനം ഇല്ലാതായതിന്റെ 'ക്ഷീണം' മിക്കവാറും മാനേജ്മെന്റുകൾ തീർത്തത് കൊവിഡാനന്തരം ബസ് ഫീസ് ഇരട്ടിപ്പിച്ചാണ്.

 ഫിറ്റ്നസ് പരിശോധന

വർഷത്തിലൊരിക്കൽ നടത്തേണ്ട ഫിറ്റ്നസ് പരശോധന പലപ്പോഴും ചടങ്ങാകും. ഫിറ്റ്നസ് കിട്ടിയാലും കാലഹരണപ്പെട്ട സാങ്കേതിക വിദ്യയിലുള്ള ബ്രേക്ക്, സ്റ്റിയറിംഗ്, പ്ലാറ്റ്‌ഫോം എന്നിവ പെട്ടെന്ന് തകരാറിലാകാനിടയുണ്ട്. കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാലും സാങ്കേതിക തകരാറിന് സാദ്ധ്യത നിലനിൽക്കും. കേന്ദ്രനയമനുസരിച്ച് വിന്റേജ് റാലികൾക്കും, പ്രദർശനത്തിനും മാത്രമാണ് പഴയവാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOLBUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA