
ആലപ്പുഴ : എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പോഷകസംഘടനാ സംസ്ഥാന ഭാരവാഹികൾ എന്നിവർക്കായുള്ള ത്രിദിന സംഘടനാ നേതൃത്വ പരിശീലന ക്യാമ്പ് 29,30 ഡിസംബർ 1 തീയതികളിൽ മൈസുരുവിൽ നടക്കും. പ്രവർത്തനം കൂടുതൽ കരുത്തുറ്റതാക്കാനുള്ള കാര്യങ്ങൾ ആലോചിക്കുകയും കർമ്മപദ്ധതികൾ തയ്യാറാക്കുകയുമാണ് ലക്ഷ്യം. ആനുകാലിക സംഘടനാ വിഷയങ്ങളും ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതും ചർച്ച ചെയ്യും. ഒരു യൂണിയനിൽ നിന്ന് ഒരു പ്രതിനിധി വീതം ചർച്ചയിൽ പങ്കെടുക്കും..
29 ന് ഉച്ചയ്ക്ക് 2 ന് മൈസുരുവിലെ ഡോ.പൽപ്പു നഗറിൽ (ഹോട്ടൽ റിയോ മെറിഡിയൻ) പതാക ഉയർത്തുന്നതോടെ ക്യാമ്പിന് തുടക്കമാകും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നന്ദിയും പറയും. 30ന് രാവിലെ 9 ന് എസ്.എൻ.ഡി.പി.യോഗവും സമകാലിക രാഷ്ട്രീയവും എന്ന വിഷയത്തിൽ അഡ്വ.എ.ജയശങ്കർ ക്ലാസ് നയിക്കും. തുടർന്ന് സംഘടനാ ചർച്ച. ഉച്ചയ്ക്ക് 2.30 ന് സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.കോന്നി ഗോപകുമാർ ക്ലാസ് നയിക്കും. വൈകിട്ട് 4 ന് സംഘടനാ ചർച്ച. രാത്രി 8 മുതൽ കലാപരിപാടികൾ. ഡിസംബർ 1ന് രാവിലെ 7ന് ക്യാമ്പ് അവലോകനവും യോഗം ജനറൽ സെക്രട്ടറിയുടെ മറുപടിയും. വെസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് സന്ദേശം നൽകും.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നുമുൾപ്പെടെ 650ലേറെ പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. സംഘടനാ ചർച്ചയ്ക്ക് മാത്രമായി 12 മണിക്കൂറാണ് മാറ്റിവച്ചിട്ടുള്ളതെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |