
ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി റോജി
തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന ഇന്ദിരാഗ്യാരന്റി ഈ അദ്ധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം. ജോൺ. പ്രഖ്യാപനം ബഡ്‌ജറ്റിലുണ്ടാവുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വകുപ്പു തലത്തിൽ പ്രാഥമിക നടപടി തുടങ്ങി.
നാലുവർഷ ബിരുദ കോഴ്സിനെക്കുറിച്ച് വ്യാപക പരാതിയുയരുന്ന സാഹചര്യത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ സമിതിയെ നിയോഗിക്കും. ബിരുദം വരെ സൗജന്യ പഠനമെന്ന എൽ.ഡിഎഫ് സർക്കാരിന്റെ അവസാന ബഡ്‌ജറ്റിലെ പ്രഖ്യാപനം പണം നീക്കിവയ്ക്കാതെയുള്ളതാണ്. അവസാന ബഡ്‌ജറ്റിൽ എന്തു വേണമെങ്കിലും പറയാം.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കിഫ്ബി പദ്ധതികൾ തുടരണോയെന്ന് സർക്കാർ നിർദ്ദേശപ്രകാരം തീരുമാനിക്കും. സ്വകാര്യ സർവകലാശാലാ ബിൽ നിയമമാക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചിരിക്കുകയാണ്. പി.എസ്.സി ഒന്നാം റാങ്കുകാർക്ക് പോലും അസി.പ്രൊഫസർ നിയമനം ലഭിക്കാത്തതിന് പരിഹാരമുണ്ടാക്കും. അദ്ധ്യാപകരുടെ ജോലിഭാരം, പി.ജി വെയ്റ്റേജ് ഒഴിവാക്കിയത് എന്നീ കാരണങ്ങളാൽ എയ്ഡഡ് കോളേജുളിൽ തസ്തികകൾ കുറഞ്ഞതും പരിശോധിക്കും.
25ൽ താഴെ വിജയശതമാനമുള്ള സ്വാശ്രയ കോളേജുകളിൽ വിജയം ഉയർത്താനുള്ള നടപടികളുണ്ടാവും. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിലും നിയമനങ്ങളിലും ഇടപെടാൻ ഗവർണർക്ക് എൽ.ഡി.എഫ് സർക്കാർ പരവതാനി വിരിച്ചു. നിയമനങ്ങൾ വീതംവയ്ക്കാനുള്ള ധാരണയായിരുന്നു അന്നുണ്ടായിരുന്നത്. ഒരു മേഖലയിലും കാവിവത്കരണം അനുവദിക്കില്ല.
എൻജി. എൻട്രൻസ്
റാങ്ക് ലിസ്റ്റ് നീട്ടില്ല
സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അനിശ്ചിത്വത്തിന്റെ പേരിൽ എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് അനന്തമായി നീട്ടാനാവില്ല. പ്ലസ്ടു മാർക്ക് അപ്‌ലോഡ് ചെയ്യാൻ 14 വരെ സമയം നൽകിയിട്ടുണ്ട്. അതിനകം സി.ബി.എസ്.ഇ പുനർമൂല്യനിർണയ ഫലം വരുമെന്ന് ഉറപ്പില്ല. റാങ്ക് പട്ടിക വൈകിയാൽ അക്കാഡമിക് കലണ്ടറിനെ ബാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |