SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

26 ദിവസം മുമ്പ് കാണാതായ.... 15കാരിയും 42കാരനും തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തിയത് വീടിനടുത്തെ തോട്ടത്തിൽ

p

കാസർകോട്: പൈവളികെയിൽ നിന്ന് 26 ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയെയും ഓട്ടോറിക്ഷ ഡ്രൈവറായ 42കാരനെയും പെൺകുട്ടിയുടെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൈവളികെ കൂടമേൽക്കള മണ്ടേകാപ്പിലെ പ്രദീപ് കുമാറിനെയാണ് പത്താംക്ളാസ് വിദ്യാർത്ഥിനിക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. പെൺകുട്ടിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് അവിവാഹിതനായ പ്രദീപ്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ വീടിന് 200 മീറ്റർമാത്രം അകലെയുള്ള ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. തുടക്കത്തിൽ ഇരുവരുടേയും മൊബൈൽ ലൊക്കേഷൻ മനസിലാക്കി ഇതിനടുത്തടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കർണാടകയിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ നൂറോളം പൊലീസുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപം കോഴി ഫാം ഉള്ളതിനാലാണ് ദുർഗന്ധം അറിയാത്തതെന്ന് പൊലീസ് പറയുന്നു.

കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയായിരുന്നു മൃതദേഹങ്ങളിൽ. രണ്ടു ഫോണുകൾ, കത്തി, ചോക്ലേറ്റ് എന്നിവ സമീപത്തുനിന്ന് കണ്ടെത്തി. മരത്തിൽ കയറുന്നതിനായി കല്ലുകൾ എടുത്തുവച്ചിരുന്നു. കയറു മുറിക്കാൻ കടയിൽ നിന്ന് പേനാക്കത്തി വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 11ന് രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടി വീടിന് പിറകുവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് പോയെന്നായിരുന്നു രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നത്. അന്നുതന്നെ പ്രദീപിനെയും കാണാതായിരുന്നു.

കാണാതായത്

പിറന്നാൾ തലേന്ന്

ഫെബ്രുവരി 12നായിരുന്നു പെൺകുട്ടിയുടെ പിറന്നാൾ. അതിന് തലേന്നാളാണ്‌ പെൺകുട്ടിയെ കാണാതായത്. പത്താംക്ലാസ് പരീക്ഷയ്ക്ക് സ്കൂളിൽ പോയിരുന്നില്ല. ഇതിന്റെ പേരിൽ വീട്ടിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പെൺകുട്ടി സ്കൂളിൽ പോകാൻ മടിച്ചത് എന്തുകൊണ്ടാണെന്നും പൊലീസ് അന്വേഷിക്കുന്നു. അതേസമയം, 42കാരന് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA