SignIn
Kerala Kaumudi Online
Monday, 14 September 2026 8.15 PM IST

അദ്ധ്യാപക സ്ഥലംമാറ്റം: വിവേചനം തിരുത്തി, പുതിയ പട്ടിക റെഡി

hss

കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റത്തിൽ സർവീസാനുകൂല്യം ലഭിക്കുന്ന മലയോര സ്‌കൂളുകളെ ഒഴിവാക്കിയ വിവേചനം വിദ്യാഭ്യാസ വകുപ്പ് തിരുത്തി. വയനാട് ജില്ലയിലുൾപ്പെടെ ഒഴിവാക്കിയ സ്‌കൂളുകളെ ഉൾപ്പെടുത്തി പുതിയപട്ടിക പ്രസിദ്ധീകരിച്ചു. 'ഹയർ സെക്കൻഡറി സ്ഥലംമാറ്റം: മലയോര പട്ടികയിൽ വിവേചനം" എന്ന കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

മലയോരമായി നിർണയിച്ച മേഖലകളിൽ ജോലിചെയ്യുന്ന ഓരോവർഷവും ഒന്നര വർഷത്തിന് തുല്യമായും രണ്ടുവർഷം മൂന്നുവർഷമായും കണക്കാക്കി സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ കഴിയും. ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈവർഷം സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചെങ്കിലും 2013ലെ പട്ടികയാണ് അടിസ്ഥാനമായി സ്വീകരിച്ചത്. 2013ന് ശേഷം ആരംഭിച്ച സ്‌കൂളുകളെ ഉൾപ്പെടുത്തിയിരുന്നില്ല. പട്ടിക പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ നവംബറിൽ അദ്ധ്യാപക സംഘടനകൾക്ക് നൽകിയ ഉറപ്പ് പാലിക്കാതെയാണ് പഴയപട്ടിക സ്വീകരിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പുതുക്കിയ പട്ടിക സ്ഥലംമാറ്റത്തിനുള്ള പോർട്ടലിൽ ഉൾപ്പെടുത്തി. കാസർകോട്, പത്തനംതിട്ട തുടങ്ങിയ വിദൂരപ്രദേശ (റിമോട്ട് ഏരിയ) പദവിയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളെയും പട്ടികയിൽ ഉൾപ്പെടുത്തി.

പട്ടിക പരിഷ്‌കരിക്കണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മേയ് മൂന്നുവരെയാണ് അപേക്ഷിക്കാനുള്ള സമയം. പുതുതായി ഉൾപ്പെടുത്തിയ സ്‌കൂളുകളിലെ അദ്ധ്യാപകർക്കും അപേക്ഷിക്കാൻ കഴിയുമെന്ന് എച്ച്.എസ്.എസ്.ടി.എ ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHERS TRANSFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA