SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.40 AM IST

സൗജന്യയാത്ര സ്ത്രീകളോടുള്ള ആദരവ്: മുഖ്യമന്ത്രി സതീശൻ

തിരുവനന്തപുരം: സൗജന്യയാത്ര ഔദാര്യമല്ല. സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവാണ്. നിറകണ്ണുകളോടെയാണ് പ്രിയദർശനി പദ്ധതി താൻ ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലായിരുന്നു ചടങ്ങ്.

സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്ന സന്ദേശമാണ് ഇതിലുള്ളത്. സ്ത്രീകൾക്ക് അഭിമാനത്തോടെ സർക്കാർ വാഹനത്തിൽ യാത്ര ചെയ്യാം. സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാവുക. മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്നവർ,​ വിദ്യാർത്ഥികൾ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.

പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാച്ചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വർഷം ഏകദേശം 800 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകും.
സ്ത്രീകൾക്കു മാത്രം സൗജന്യം കൊടുക്കുന്നതിൽ പുരുഷസംഘടനകൾ പ്രതിഷേധിച്ചിട്ടുണ്ട്. സ്ത്രീകളുടെ കൈയിലാണെങ്കിൽ ആ പൈസ വീട്ടിലെത്തും. പുരുഷന്മാർക്കാണെങ്കിൽ കുറച്ചുപേർ വീട്ടിൽ കൊടുക്കും. ബാക്കി സർക്കാരിനുതന്നെ തിരിച്ച് കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത

മന്ത്രി സി.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എ. തുളസി, എൻ. ശക്തൻ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നഗരസഭ കൗൺസിലർ സി.ഹരികുമാർ, ഗതാഗത സെക്രട്ടറി ടി.വി. അനുപമ, ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു, കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA