SignIn
Kerala Kaumudi Online
Monday, 25 May 2026 4.38 AM IST

വയനാട് പുനരധിവാസം:  ഉഴപ്പിയാൽ കേന്ദ്ര ഉദ്യോഗസ്ഥരെ വരുത്തുമെന്ന് ഹൈക്കോടതി

wyanad

# 529.50 കോടി ചെലവാക്കാനുള്ള
കാലാവധി ഡിസം.31വരെ കേന്ദ്രം നീട്ടി

കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള 529.50 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാത്തതിന് കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കാര്യങ്ങൾ നിസാരമായി കാണരുത്. കേന്ദ്രഉദ്യോഗസ്ഥർ ഹൈക്കോടതിക്കു മുകളിലാണെന്നു കരുതരുത്. ഡൽഹിയിലെ ഉദ്യോഗസ്ഥരെ അടുത്തവിമാനത്തിൽ കോടതിയിൽ വരുത്താനറിയാമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു.

കേന്ദ്രം അനുവദിച്ച 529.50 കോടി വിനിയോഗിക്കാനുള്ള സമയപരിധി ഈ മാസം 31ൽനിന്ന് ഡിസംബർ 31വരെ നീട്ടിയതായി ഇന്നലെ കേന്ദ്രസർക്കാർ അറിയിച്ചു.

മാർച്ച് 31നകം ഫണ്ട് ഉപയോഗിക്കണമെന്നത് അപ്രായോഗികമാണെന്ന് കഴിഞ്ഞ തവണ വിഷയം പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

ഈ തുക നിക്ഷേപിക്കുന്നത് പുനരധിവാസ പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അക്കൗണ്ടിലേക്കാണോ എന്നതടക്കം വ്യക്തമാക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇന്നലെയും അതുണ്ടാകാത്തതാണ് വിമർശനത്തിനു കാരണമായത്. കേന്ദ്രസർക്കാർ സമയം പാഴാക്കുകയാണെന്ന് കോടതി പറഞ്ഞു.

ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സത്യവാങ്മൂലമായി തിങ്കളാഴ്ച തന്നെ നൽകണം. സാവകാശം നൽകണമെന്ന കേന്ദ്രസർക്കാർ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചില്ല.

ചൂരൽമല - മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിലും മറ്റും കേന്ദ്രതീരുമാനം ഇനിയും വൈകരുത്. ബാങ്ക് ഒഫ് ബറോഡ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയ സാഹചര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണം. വിഷയം മാർച്ച് 26 ന് വീണ്ടും പരിഗണിക്കും.

അവശിഷ്ടങ്ങൾ നീക്കും,
മൂന്നു ഘട്ടമായി

ദുരിതബാധിത മേഖലയിലെ നദികളിലും മറ്റും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ മൂന്നുഘട്ടമായി നീക്കം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആദ്യഘട്ടം ചൂരൽമല ടൗൺ അടക്കമുള്ള ജനവാസമേഖലകളിൽ മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കും. വിദഗ്ദ്ധസംഘം പദ്ധതികൾക്കു രൂപം നൽകി. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. എപ്പോൾ ആരംഭിക്കുമെന്ന് അടുത്തയാഴ്ച വിഷയം പരിഗണിക്കുമ്പോൾ അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA