SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

റാങ്ക് ലിസ്റ്റ് പൂട്ടിക്കെട്ടാൻ ദിവസങ്ങൾ; വനിതാ പൊലീസ് നിയമനം വഴിപാട്

p

തിരുവനന്തപുരം: സംസ്ഥാന പൊലീസ്‌ സേനയിലെ സ്ത്രീ പ്രാതിനിദ്ധ്യം 15 ശതമാനമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കാവുന്നു.

ഏപ്രിൽ 20ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ കിട്ടിയത് 210 പേർക്ക് മാത്രം. റാങ്ക് ലിസ്റ്റിൽ 961 പേരുണ്ട്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമനം നൽകിയിരുന്നു.
56,000 പേരുള്ള പൊലീസ് സേനയിൽ വനിതകൾ അയ്യായിരത്തോളം മാത്രമാണ് (13 ശതമാനം)​. സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും വനിതാ സി.പി.ഒമാരുടെ ഒഴിവുണ്ട്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ സി.പി.ഒമാർ വേണമെന്നുണ്ട്. എന്നാൽ പലയിടത്തും പകുതിപോലുമില്ല.

അതേസമയം,​ പരിശീലനം കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും ക്യാമ്പ് ഡ്യൂട്ടിയിൽ തുടരുന്ന 600ലധികം വനിതാ സി.പി.ഒമാരുണ്ട്. സ്റ്റേഷൻ ഡ്യൂട്ടിക്ക് പോകാതെ,​ സ്വാധീനമുപയോഗിച്ച് ക്യാമ്പിൽ തുടരുകയാണ്. ഇത് ഫലത്തിൽ പാരയാകുന്നത് പുതിയ ലിസ്റ്റിലെ നിയമനത്തെയാണ്. ഇവർക്ക് സ്റ്റേഷൻ ഡ്യൂട്ടി നൽകിയാലെ പുതിയ ബാച്ചിന് ക്യാമ്പിൽ പരിശീലനം നൽകാനാകൂ.

സേനയിലെ ഉയർന്ന പദവികളിലും വനിതകൾ കുറവാണ്. 92 ശതമാനവും എസ്.ഐക്ക് താഴെയുള്ളവരാണ്. സി.ഐമാർ 26. എസ്.ഐ 131.

വിനയായി 9:1 അനുപാതം
വനിതാപ്രാതിനിദ്ധ്യം ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 9:1 അനുപാതം വിനയാകും. ആകെ ഒഴിവുകൾ കണക്കാക്കി ആദ്യ ഒൻപതെണ്ണം ജില്ലകളുടെ ഫീഡർ ബറ്റാലിയനിലേക്കുള്ള നിയമനത്തിന് ഉപയോഗിക്കും. പത്താമത്തെ ഒഴിവ് സംസ്ഥാനതല വനിതാ പൊലീസ് ലിസ്റ്റിലെ നിയമനത്തിന് മാറ്റും. 9 പുരുഷന്മാർക്ക് നിയമനം ലഭിച്ചാലേ പത്താമത്തെ ഒഴിവിലേക്ക് വനിതയെ പരിഗണിക്കാനാവൂ. വനിതകൾക്ക് മാത്രമായി പ്രത്യേക നിയനമം നടക്കില്ല.

ബീഹാർ മുന്നിൽ

സേനയിൽ 25 ശതമാനമുള്ള ബീഹാറിലാണ് ഏറ്റവും കൂടുതൽ വനിതാ പൊലീസ്. ഹിമാചൽ പ്രദേശിൽ 20 ശതമാനവും തമിഴ്നാട്ടിൽ 19 ശതമാനവുമുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് അടക്കം പത്തിലേറെ സംസ്ഥാനങ്ങൾ കേരളത്തേക്കാൾ മുന്നിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA