
തിരുവനന്തപുരം: കലോത്സവത്തിന്റെ ആദ്യദിനം കോട്ടൺ ഹിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഉമയ്ക്ക് ഡബിൾ റോളായിരുന്നു രാവിലെ 10ന് പ്രധാനവേദിയായ എം.ടി നിളയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന്റെ അവതാരക. ഉദ്ഘാടനത്തിനു ശേഷം നേരെ ഇരുപതാം നമ്പർ വേദിയിലേക്ക്. അവിടെ നടന്ന ഹൈസ്‌കൂൾ വിഭാഗം മലയാള പ്രസംഗത്തിൽ നവകേരളത്തെക്കുറിച്ച് സംസാരിച്ച് എ ഗ്രേഡും നേടി.
രണ്ടാം തവണയാണ് ഉമ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കൊല്ലത്ത് നടന്ന കലോത്സവത്തിൽ പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്ററാണ് ഉമ. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ലിംഗനീതി,കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി ചെറുവീഡിയോകൾ നിർമ്മിക്കുകയാണ് ചുമതല.
സംസ്ഥാന ശിശുദിനഘോഷത്തിൽ മൂന്ന് തവണ കുട്ടികളുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉമ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവാണ്. കാത്തു, പൂപ്പി തുടങ്ങിയ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഉമക്കുട്ടി എന്നപേരിൽ യൂട്യൂബ് ചാനലുമുണ്ട്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റേയും അഡ്വ. എം. നമിതയുടെയും മകളാണ്.ബിരുദവിദ്യാർത്ഥിയായ അമൽ സഹോദരനാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |