
തിരുവനന്തപുരം: കലാമേളകളുടെ ഓർമ്മകളുമായി മന്ത്രി വീണാ ജോർജും കൂട്ടുകാരും വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു. 63-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവ വേദികളിലൊന്നായ വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിലായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള സമാഗമം.
സിനിമാ-സീരിയൽ താരവും മെഡിക്കൽ കോളേജ് ഒഫ്‌ത്താൽമോളജി ഡോക്ടറുമായ ആര്യ, സിനിമാ-സീരിയൽ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരാണ് മന്ത്രിക്കൊപ്പം ഓർമ്മകൾ പങ്കുവച്ചത്. ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും മന്ത്രി വീണാ ജോർജ് പി.ജിക്കുമാണ് വിമൻസ് കോളേജിൽ പഠിച്ചത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കലാപരിശീലനങ്ങളിലൂടെയും മേളകളിലൂടെയും ഇവർ അടുത്ത സുഹൃത്തുക്കളായി.
വിമൻസ് കോളേജിലെ പഠനം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇവർ ഒത്തുകൂടുന്നത്. കലോത്സവത്തെ കുറിച്ച് മനോഹരമായ ഓർമ്മകളാണുള്ളതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ സ്‌കിറ്റ്, ഡാൻസ്, മൈം തുടങ്ങിയവയിൽ പങ്കെടുത്ത ഓർമ്മകൾ പുതുക്കൽ കൂടിയാണ് ഈ കലോത്സവ വേദി. ഇവിടുത്തെ ഓഡിറ്റോറിയം ഉദ്ഘാടനത്തിന് അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം ഇപ്പോഴും ഓർക്കുന്നു. ചിലങ്കയുടെ ശബ്ദം കേൾക്കുമ്പോഴും കർട്ടൻ ഉയരുമ്പോഴും ചെസ്റ്റ് നമ്പർ വിളിക്കുമ്പോഴും പഴയകാലം ഓർക്കുകയാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |