
തിരുവനന്തപുരം: അഞ്ചു ദിവസം മുമ്പ് വരെ അമ്മമ്മ കുംഭ വിഷ്ണുവിന്റെ വിളിപ്പുറത്തുണ്ടായിരുന്നു. എന്നാൽ അമ്മമ്മ പൊള്ളലേറ്റ് മരിച്ചതിന്റെ ഞെട്ടലും കണ്ണീരുമായാണ് ഈ കാസർകോടുകാരൻ തലസ്ഥാനത്തെത്തിയത്. കൂട്ടിന് മൂത്തമ്മ ശ്യാമളയും.
കാസർകോട് മാലോത്ത് കസബ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരനായ വിഷ്ണു ബാലകൃഷ്ണൻ നാടോടിനൃത്ത മത്സരത്തിനായാണ് എത്തിയത്. വിഷ്ണു വേദിയിൽ നൃത്തമാടുമ്പോൾ സദസിലുണ്ടായിരുന്ന മൂത്തമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നൃത്തം കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ കണ്ണുകളിലേക്കും ആ നനവ് പടർന്നു. നൃത്തത്തിന് എ ഗ്രേഡും ലഭിച്ചു.
കസബ ജി.എച്ച്.എസ്.എസിന് സമീപമാണ് വിഷ്ണുവിന്റെ വീട്. ഇതിന് സമീപമാണ് കുംഭയും താമസിച്ചിരുന്നത്. മത്സര ശേഷം വിഷ്ണു മരണവീട്ടിലുള്ള അമ്മ ദേവിയെയും അച്ഛൻ ബാലകൃഷ്ണനെയും വിളിച്ചു. തുടർന്ന് ഫോണിലെ അമ്മമ്മയുടെ ചിത്രത്തിലേക്ക് സങ്കടത്തോടെ നോക്കി. ഇത് കണ്ടപ്പോൾ ശ്യാമള പൊട്ടിക്കരഞ്ഞു.
'മരണ വീട്ടിലുള്ളവരല്ലേ. ഡാൻസും പാട്ടുമൊന്നും പറ്റില്ലല്ലോ. അതുകൊണ്ട് ഇവന് പരിശീലിക്കാനൊന്നും കഴിഞ്ഞില്ല. പങ്കെടുക്കേണ്ടെന്നാണ് കരുതിയത്. വേണ്ടെന്ന് ഇവനും പറഞ്ഞു. പക്ഷേ അദ്ധ്യാപകരും നാട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചപ്പോൾ മൂത്തമ്മ വന്നാൽ പോകാമെന്ന് വിഷ്ണു പറഞ്ഞു. അങ്ങനെയാണ് വന്നത്"- ശ്യാമള പറഞ്ഞു.
വിഷ്ണുവിന്റെ താമസം മൂത്തമ്മയ്‌ക്കൊപ്പം
മൂത്തമ്മയ്‌ക്കൊപ്പമാണ് വിഷ്ണു താമസിക്കുന്നത്. പക്ഷേ അമ്മമ്മ കുംഭയോടായിരുന്നു കൂടുതൽ സ്നേഹം. വീട്ടിലെ പാചകത്തിനിടെയാണ് കാൻസർ രോഗിയായിരുന്ന കുംഭ പൊള്ളലേറ്റ് മരിച്ചത്. ദരിദ്രമായ ചുറ്റുപാടാണ് വിഷ്ണുവിന്റേത്. അച്ഛൻ ബാലകൃഷ്ണൻ ടാപ്പിംഗും തൊഴിലുറപ്പ് പണിയും ചെയ്തുമാണ് കുടുംബം പോറ്റുന്നത്. അമ്മ ദേവിക്കും കൂലിപ്പണിയാണ്. വിദ്യാർത്ഥികളായ അഭി, ദീപു, ജിഷ്ണു എന്നിവരാണ് സഹോദരങ്ങൾ.
സമ്മാനം വാങ്ങിയതിന് ഇവന് ഒരു പുത്തനുടുപ്പ് വാങ്ങിക്കൊടുക്കണമെന്നുണ്ട്. അമ്മയുടെ മരണാന്തര ചടങ്ങുകളൊക്കെ കഴിഞ്ഞിട്ട് വാങ്ങാം.
- ശ്യാമള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |