
ഹോസ്റ്റൽ മുറിയിൽ രാത്രി വിനോദത്തിന് കളിച്ചുശീലിച്ച ഇരുളനൃത്തം അരങ്ങിലാടി, അനന്തപുരിയെ ത്രസിപ്പിച്ച വയനാടിന്റെ മക്കൾക്ക് എ ഗ്രേഡ്. കല്പറ്റ ജി.എം.ആർ.എസ്.എച്ച്.എസ്.എസിലെ ഷൈനിയും സംഘവുമാണ് ഇരുളനൃത്തത്തെ ആഘോഷമാക്കിയത്.
റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളായ ഷൈനി, നന്ദിത, അർഷിത, നിവേദ്യ, ആഷിക, മൃദുല, അജിത, ശ്രീനന്ദ, മാളവിക, അർഷിത, ഹരിപ്രിയ, ഹേമ, ആദിത്യ എന്നീ കൂട്ടുകാർ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അതിനിടയിലാണ് ഷൈനിയും അജിതയും ഇരുളനൃത്തത്തെപ്പറ്റി പറഞ്ഞതും പഠിപ്പിച്ചതും. അവർക്ക് ഇരുളനൃത്തം കുടുംബപരമായി അറിവുള്ളതാണ്. കഴിഞ്ഞ കലോത്സവത്തിൽ ഇരുളനൃത്തം മത്സര ഇനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ അതൊരു ആവേശമായി.
പാടിയും കളിച്ചും അവർ രാത്രികളെ പടിക്കുപുറത്ത് നിറുത്തി. ഉപജില്ല, ജില്ലാ കലോത്സവങ്ങളിൽ ജേതാക്കളായപ്പോഴാണ് തിരുവനന്തപുരത്തേക്ക് പോകാൻ അവസരമൊരുങ്ങിയത്. ഉപകരണങ്ങളൊക്കെ വാടകയ്ക്കെടുത്തു.
കൊകലൂതി പെറെകൊട്ടി....
"ചാവ് വന്താലും മാ ആട്ടാം പാട്ട സീറ് വന്താലും മാ ആട്ടാം പാട്ട..." മരണം കല്യാണം, കൃഷി അങ്ങിനെ ആഘോഷത്തിനും ദുഃഖത്തിനും ഒരുപോലെ കൊകല് ഊതി ദവിലും പെറെയും കൊട്ടി ജാല്റയുടെ താളത്തിൽ സലങ്കെ കെട്ടി പാലക്കാട് അട്ടപ്പാടിയിലെ ഇരുള സമുദായം കളിക്കുന്ന കളിയാണ് ഇരുളനൃത്തം. കല്പറ്റ ജി.എം.ആർ.എസ്.എച്ച്.എസ്.എസിലെ ഹരിപ്രിയയും ഹേമയും ആദിത്യയും കൊട്ടിയുണർത്തിയ താളത്തിനൊത്ത് കാശുമാല, കൈ, കാൽതണ്ട, നെളിയും ആഭരണങ്ങളിട്ട കൂട്ടുകാർ ചുവടുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |