
തിരുവനന്തപുരം: അദ്ഭുതമായിരുന്നു മയൂഖയുടെ കണ്ണുകളിൽ. മലയാള സിനിമയുടെ കാരണവർക്ക് മുന്നിലിരിക്കാൻ ഇരിപ്പിടം കിട്ടിയപ്പോൾ സ്വപ്നമാണോയെന്നു പോലും തോന്നിയ നിമിഷം. ഇമവെട്ടാതെ അവൾ മലയാളത്തിന്റെ പുണ്യമായ നടൻ മധുവിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
തന്റെ കരം പിടിച്ച് 'മോളെ, മോണോ ആക്ട് നന്നായിട്ടുണ്ട്. നിനക്ക് ഞാൻ എന്ത് സമ്മാനമാ തരേണ്ടതെന്ന" മഹാനടന്റെ ചോദ്യത്തിന് ഉത്തരം പറയാൻ മയൂഖയ്‌ക്കായില്ല. സാറിന്റെ അനുഗ്രഹം മതിയെന്ന് പറഞ്ഞവൾ പാദങ്ങളിൽ തൊട്ടുതൊഴുതു. തുടർന്ന് മേശ തുറന്ന് പേനയെടുത്ത് മധു അവൾക്ക് സമ്മാനിച്ചു.
പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ പാടുപെടുന്ന ബാലിക, രാവണൻ, സീത, അദ്ധ്യാപിക, തമിഴത്തി - ഇങ്ങനെ വിവിധ ഭാവങ്ങളിലൂടെയാണ് മയൂഖ മോണോ ആക്ട് വേദിയിൽ നിറകൈയടി നേടിയത്. കാസർകോട് പാക്കം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനായ മയൂഖ ശശിധരൻ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതും തലസ്ഥാനത്തെത്തുന്നതും ആദ്യം. എ ഗ്രേഡും നേടി.
'ഫുൾ എ പ്ലസ് കിട്ടാത്ത പിള്ളേർക്കിവിടെ ജീവിക്കണ്ടേ...?" എന്ന ചോദ്യം സമൂഹത്തിലേക്കെറിഞ്ഞായിരുന്നു വേദിയിലെ മയൂഖയുടെ പ്രകടനം. സദസ് കരഘോഷത്തോടെ അത് സ്വീകരിച്ചു. ചെമ്മീൻ സിനിമ ആവർത്തിച്ചു കാണാറുള്ള മയൂഖയുടെ വലിയ ആഗ്രഹമായിരുന്നു അതിലെ പരീക്കുട്ടിയെ ഒന്ന് കാണമെന്നത്. അങ്ങനെയാണ് ഇന്നലെ കണ്ണമ്മൂലയിലെ മധുവിന്റെ വസതിയിലെത്തിയത്.
പരീക്കുട്ടിയ്‌ക്ക് ഇഷ്ടമായ ക്ലൈമാക്സ്
വേദിയിലെ പ്രകടനം മധുവിന് മുന്നിലും മയൂഖ ആവർത്തിച്ചു. 'ഞാൻ ആത്മഹത്യ ചെയ്യുമെന്ന് നിങ്ങൾ കരുതിയോ? എങ്കിൽ തെറ്റി. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പോട്ടെ സാരമില്ല. ഈ ലോകം അക്കാഡമിക് വിജയികളുടേത് മാത്രമല്ല, കഴിവുകളുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ് നമ്മൾക്കുണ്ടാകട്ടെ''- ഇതായിരുന്നു ക്ലൈമാക്സ്. അത് തനിക്ക് ഏറെ ഇഷ്ടമായെന്ന് പ്രിയനടനും സാക്ഷ്യപ്പെടുത്തി. അനിൽ നരിക്കോടിന്റെ രചനയെ ആസ്പദമാക്കി മകളെ പഠിപ്പിച്ച് വേദിയിലെത്തിച്ചത് അച്ഛൻ പാലക്കുന്ന് കരിപ്പോടി കുന്നുമ്മൽ ഹൗസിൽ ശശിധരൻ പുതുകുന്നാണ്. അമ്മ ശാലിനിയും സഹോദരൻ പ്രയാഗും അനഖയ്ക്കൊപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |