മലപ്പുറം: കേരളത്തിൽ വളരെ അപൂർവമായി മാത്രം കണ്ടിട്ടുള്ള വലിയ ചൂളൻ എരണ്ട (Fulvous Whistling Duck) എന്ന ദേശാടനപക്ഷിയെ മലപ്പുറം ചെറുമുക്ക് ആമ്പൽപാടത്തിൽ കണ്ടെത്തി. ഇതിന് മുൻപ് കൊല്ലം ജില്ലയിൽ മാത്രമാണ് ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പി.എസ്.എം.ഒ കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനും പക്ഷിനിരീക്ഷകനുമായ പി കബീറലിയും പി.എസ്.എം.ഒ കോളേജ് മുൻ വിദ്യാർത്ഥിനിയും മലപ്പുറം ബേഡേഴ്സ് അംഗവുമായ ഫാത്തിമ സബീഹയും ചേർന്നാണ് ഈ അപൂർവ്വ പക്ഷിയെ കണ്ടെത്തിയത്. കബീറലി വലിയ ചൂളൻ എരണ്ടയുടെ ചിത്രം പകർത്തി.
ഇന്ത്യയിൽ അസാമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തണ്ണീർത്തടങ്ങളിലും കൂടുതലായി കാണപ്പെടുന്ന ഇവയുടെ മുപ്പതിലധികംഎണ്ണമുള്ള ഒരു വലിയ കൂട്ടത്തെയാണ് കണ്ടെത്തിയത്. കേരളത്തിലെ മിക്കവാറും എല്ലാ തണ്ണീർത്തടങ്ങളിലും സാധാരണയായി കാണപ്പെടുന്ന ചെറു ചൂളൻ എരണ്ടയുമായി കാഴ്ചയിൽ വലിയ സാദൃശ്യമുള്ളതിനാൽ പക്ഷിനിരീക്ഷകർക്ക് പലപ്പോഴും ഇവയെ മാറിപ്പോകാറുണ്ട്. കഴുത്തിന്റെ പിൻഭാഗത്ത് മുകളിൽ നിന്ന് താഴേക്ക് വരുന്ന കറുത്ത വര, കഴുത്തിലെ വെളുത്ത പാട്, ക്രീം കലർന്ന വെളുത്ത നിറത്തിലുള്ള പിൻഭാഗം , താരതമ്യേന വലിയ ശരീരം എന്നിവയാണ് ചെറു ചൂളൻ എരണ്ടകളിൽ നിന്ന് വലിയ ചൂളൻ എരണ്ടകളെ വേർതിരിക്കുന്ന സവിശേഷതകൾ.
ആകർഷകമായ രൂപത്തിനും ഉയർന്ന ശബ്ദത്തിലുള്ള വിസിലടി പോലുള്ള കൂജനത്തിനും പേരുകേട്ട വലിയ ചൂളൻ എരണ്ടക്ക് നീല കലർന്ന ചാരനിറത്തിലുള്ള നീളമുള്ള തടിച്ച കാലുകളും അതിനോട് ചേരുന്ന ചാരനിറത്തിലുള്ള ചുണ്ടുമാണുള്ളത്. ആൺപക്ഷികൾക്ക് പെൺ പക്ഷികളെക്കാൾ വലിപ്പം കൂടുതലായിരിക്കും. വടക്കുകിഴക്കൻ ചൈനയിലും ജപ്പാനിലും പ്രജനനം നടത്തുന്ന, കേരളത്തിൽ വളരെ അപൂർവമായി എത്തുന്ന തിത്തിരി വർഗ്ഗത്തിൽ പെട്ട ചാരത്തലയൻ തിത്തിരിയെ (Grey headed lapwing) പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ മുൻപ് ഇവിടെനിന്നും കണ്ടെത്തിയിരുന്നു.
ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റും, മലപ്പുറം ബേർഡേഴ്സ്, ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് നേച്ചർ, സിൻസിയർ ക്ലബ് ചെറുമുക്ക് എന്നിവയുമായി സഹകരിച്ച് തുടർച്ചയായ നാല് വർഷങ്ങളിലായി നടത്തി വരുന്ന വ്യവസ്ഥാപിത ജലപക്ഷി സർവേകളിൽ എൺപതോളം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ദേശാടനപ്പക്ഷികളായ ചെമ്പൻ അരിവാൾ കൊക്കൻ, വലിയ വേലി തത്ത, നാകമോഹൻ, നാമക്കോഴി, വാലൻ താമരക്കോഴി, കരിതപ്പി എന്നീ പക്ഷികളുടെയും സ്വദേശികളായ മറ്റനേകം പക്ഷികളുടെയും ഇഷ്ട താവളമായി മാറിയിരിക്കുകയാണ് ഇവിടം. ഇവിടുത്തെ ജലാശയങ്ങളും അനുബന്ധ ആവാസ വ്യവസ്ഥയും സമൃദ്ധമായ ആഹാരവും അഭയവും നൽകുന്നത് കൊണ്ട് ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര ദേശാടന പക്ഷികൾക്കും പ്രാദേശിക പക്ഷി ഇനങ്ങൾക്കും ഒരു പ്രധാന ശീതകാല താവളവും വിശ്രമകേന്ദ്രവുമായി മാറിയിരിക്കുകയാണ് വിസ്തൃതമായ ഈ തണ്ണീർത്തടം. നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ച് കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പക്ഷിവിഭാഗങ്ങൾ ഈ തണ്ണീർത്തടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നത്. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മൺസൂൺ ആരംഭിക്കുന്ന കാലത്ത് കേരളത്തിൽ എത്തുന്ന ഇവർ ഒക്ടോബർ മാസത്തോടെ തിരിച്ച് പോവും.
A rare migratory bird, the Fulvous Whistling Duck, has been spotted at the Ambalpadam wetlands in Cherumukku, Malappuram. The sighting is significant as the species is rarely seen in Kerala and had previously been reported only from Kollam district.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |