റോം: ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കാർ നിർമ്മിച്ച യുവാവിന് ഗിന്നസ് റെക്കോർഡ്. ഇറ്റാലിയൻ മെക്കാനിക്കും കണ്ടന്റ് ക്രിയേറ്ററുമായ ആൻഡ്രിയ മറാസിനാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത്. 1993 മോഡൽ ഫിയറ്റ് പാണ്ടയെ രൂപം മാറ്റിയാണ് ഇയാൾ ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കാർ നിർമ്മിച്ചത്. വെറും 50.20 സെന്റീമീറ്റർ മാത്രമാണ് കാറിന്റെ വീതി.
വടക്കൻ ഇറ്റലിയിലെ ബഗ്നോളോ ക്രെമാസ്‌കോ സ്വദേശിയായ മറാസി ഒരു വർഷം മുൻപാണ് ഗിന്നസ് റെക്കോർഡിനായി തന്റെ ആശയം സമർപ്പിച്ചത്. കാറിലെ 99 ശതമാനം ഭാഗങ്ങളും യഥാർത്ഥ ഫിയറ്റ് പാണ്ടയിൽ ഉപയോഗിച്ചിരുന്നവ തന്നെയാണെന്ന് മറാസി പറഞ്ഞു. വാഹനത്തിന്റെ ബോഡിയിലും ആന്തരിക ഘടനയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനർരൂപകൽപ്പന നടത്താനായി അദ്ദേഹത്തിന് ഒരു വർഷത്തോളം വേണ്ടിവന്നു. ഈ മാറ്റങ്ങളിലൂടെ വാഹനത്തിന്റെ വലിപ്പം യഥാർത്ഥ മോഡലിന്റെ ഏകദേശം മൂന്നിലൊന്നായി ചുരുക്കുവാൻ മറാസിക്കായി.
യുവാവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 'ഓട്ടോ ഡിമോളിസിയോനെ മറാസി' എന്ന വാഹന റീസൈക്ലിംഗ് സ്ഥാപനത്തിലാണ് കാർ നിർമ്മിച്ചത്. ഇവിടെയാണ് മറാസി വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്‌തതരം പരീക്ഷണങ്ങൾ നടത്തുന്നത്. ഒരേസമയം ഒരാൾക്ക് മാത്രം സഞ്ചരിക്കാനാകുന്ന രീതിയിലാണ് ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡ്രൈവർ വാഹനത്തിന്റെ മധ്യഭാഗത്തായാണ് ഇരിക്കുന്നത്. ചെറിയ സ്റ്റിയറിംഗ് വീൽ, നാല് ചക്രങ്ങൾ, മുൻവശത്ത് ഹെഡ്‌ലൈറ്റ്, പിന്നിൽ രണ്ട് ലൈറ്റുകൾ എന്നിങ്ങനെയാണ് വാഹനത്തിന്റെ പ്രധാനഭാഗങ്ങൾ. കാറിന്റെ വീതി 50.20 സെന്റീമീറ്ററും നീളം 3.40 മീറ്ററും ഉയരം 1.45 മീറ്ററുമാണ്. ഏകദേശം 264 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 15 കിലോമീറ്റർ മാത്രമാണ്. സാധാരണ കാറിന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി അതിന്റെ വലിപ്പം മാത്രം ചുരുക്കിയുള്ള നിർമ്മാണമാണ് മറാസിയുടെ ഈ പരീക്ഷണ വാഹനത്തെ ശ്രദ്ധേയമാക്കുന്നത്.
Italian mechanic and content creator Andrea Marazzi has earned a Guinness World Record for creating the world's narrowest car by modifying a 1993 Fiat Panda.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |