വണ്ണം കുറയ്‌ക്കുന്നതിനായി വ്യായാമങ്ങൾക്കും ഭക്ഷണക്രമീകരണങ്ങൾക്കും പുറമെ ചിലർ ഒസെംപിക്, വെഗോവി തുടങ്ങിയ കുത്തിവയ്‌പുകളും സ്വീകരിക്കാറുണ്ട്. എന്നാൽ, ഇത്തരം കുത്തിവയ്‌പുകൾ മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് ഡോക്‌ടർമാരും ത്വക്ക് രോഗ വിദഗ്‌ദ്ധരും മുന്നറിയിപ്പ് നൽകുന്നത്.
ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജിഎൽപി-1 വിഭാഗത്തിൽപ്പെടുന്ന ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് വണ്ണം കുറച്ച പലരിലും സാധാരണയേക്കാൾ കൂടുതലായി മുടി കൊഴിയുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹ ചികിത്സയ്‌ക്കായി വികസിപ്പിച്ച സെമാഗ്ലൂട്ടൈഡ് എന്ന മരുന്നാണ് ഇവയിലെ പ്രധാന ഘടകം. പിന്നീട് വണ്ണം കുറയ്‌ക്കുന്നതിനും ഈ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയായിരുന്നു.
എന്നാൽ ഇവയിലെ മരുന്ന് നേരിട്ട് മുടികൊഴിച്ചിലിന് കാരണമാകുന്നില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. പകരം, ശരീരഭാരം പെട്ടെന്ന് കുറയുമ്പോൾ 'ടെലോജൻ എഫ്ലുവിയം' എന്ന താൽക്കാലിക അവസ്ഥയിലേക്ക് കടക്കാം. ഈ അവസ്ഥയിൽ സാധാരണയെക്കാൾ അധികം മുടി കൊഴിയാൻ സാദ്ധ്യതയുണ്ട്. ഗുരുതരമായ അസുഖം, ശസ്‌ത്രക്രിയ, ശരീരികമോ മാനസികമോ ആയ കടുത്ത സമ്മർദം, ഭക്ഷണക്രമത്തിലെ വലിയ മാറ്റങ്ങൾ എന്നിവ കാരണവും സമാനമായ അവസ്ഥയുണ്ടാകാമെന്ന് വിദഗ്‌ദ്ധർ വിശദികരിക്കുന്നു.
അതിവേഗത്തിൽ ശരീരഭാരം കുറയുമ്പോൾ ശരീരത്തിലുണ്ടാകുന്ന പോഷകക്കുറവും മുടികൊഴിച്ചിലിന് കാരണമാകാം. പ്രോട്ടീൻ, അയൺ, വിറ്റാമിനുകൾ എന്നിവയുടെ അപര്യാപ്‌തത മുടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരത്തിലുള്ള മുടികൊഴിച്ചിലുകൾ താൽക്കാലികമാണെന്നും ആരോഗ്യവിദഗ്‌ദ്ധർ വ്യക്തമാക്കുന്നുണ്ട്. ശരീരം പുതിയ അവസ്ഥയോട് പൊരുത്തപ്പെടുകയും ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ചെയ്‌താൽ മുടിവളർച്ച സാധാരണനിലയിലാകാൻ സാദ്ധ്യതയുണ്ട്.
വണ്ണം കുറയ്‌ക്കാനുള്ള കുത്തിവയ്‌പ്പെടുക്കുന്നവർ സമീകൃതമായ ഭക്ഷണക്രമം പാലിക്കണമെന്നും മുടികൊഴിച്ചിൽ കൂടുതലായി അനുഭവപ്പെടുകയോ ദീർഘകാലം തുടരുകയോ ചെയ്‌താൽ ഡോക്‌ടറുടെ ഉപദേശം തേടണമെന്നും ആരോഗ്യവിദഗ്‌ദ്ധർ നിർദേശിക്കുന്നു. അതിവേഗത്തിൽ ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനെക്കാൾ ആരോഗ്യകരമായ രീതിയിൽ ക്രമേണ ശരീരഭാരം കുറയ്‌ക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |