SignIn
Kerala Kaumudi Online
Thursday, 16 July 2026 10.53 AM IST

കുന്നുകളിൽ നിന്ന് ചില അജ്ഞാത ശബ്‌ദങ്ങൾ; ഒഴുകിയെത്തി സഞ്ചാരികൾ, കാരണം

moguicheng

ചൈനയിലെ ഷിൻജിയാങ് പ്രവശ്യയിലെ ജനവാസമില്ലാത്ത മരുഭൂമിയാണ് മോഗ്വിചെങ്. മോഗ്വിചെങ് എന്നാൽ ചെകുത്താന്റെ നഗരം എന്നാണ് അർത്ഥം. പ്രദേശവാസികൾ നൽകിയ പേരാണ് ഇത്. ചെറുതും വലുതുമായ കുന്നുകൾ നിറഞ്ഞ ഇവിടം കാഴ്‌ചയിൽ മനോഹരമാണ്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് ഇവിടം രൂപാന്തരപ്പെടാൻ കാരണമായതെന്ന് കരുതുന്നു.

കുന്നുകളും രൂപമാറ്റം സംഭവിച്ച കല്ലുകളും ദൂരെ നിന്ന് കണ്ടാൽ മരുഭൂമിയിൽ പുരാതന കോട്ടകൾ ഉയർന്ന് നിൽക്കുന്നത് പോലെയാണ് തോന്നുക. പക്ഷേ, ചിലപ്പോൾ ഇവയ്‌ക്ക് ഭീകരരൂപമായും തോന്നാം. എന്നാൽ, ഇതൊന്നുമല്ല ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. മോഗ്വിചെങിൽ ചില അജ്ഞാത ശബ്‌ദങ്ങൾ കേൾക്കാമത്രെ. പക്ഷേ, എവിടെ നിന്നാണ് ഇത് വരുന്നതെന്ന് ആർക്കും അറിയില്ല.

സൂര്യപ്രകാശമുള്ള തെളിഞ്ഞ ദിവസങ്ങളിൽ കാറ്റിനൊപ്പം കാതുകൾക്ക് സുഖകരമായ ശബ്‌ദങ്ങൾ ഈ പ്രദേശത്ത് കേൾക്കാൻ സാധിക്കും. ലക്ഷക്കണക്കിന് മണികൾ മുഴങ്ങുന്നത് പോലെയോ ഗിറ്റാറിന്റെ തന്ത്രികളിൽ നിന്നും മധുരമോടെ ഒഴുകിയെത്തുന്ന മെലഡി പോലെയോ ആണത്രെ ആ ശബ്‌ദങ്ങൾ. എന്നാൽ, കാറ്റ് അതിശക്തമായി വീശിയാൽ ഗിറ്റാറിന്റെ ഇമ്പമാർന്ന താളങ്ങളൊക്കെ മാറി പകരം കുറേ കടുവകളുടെ ഘോരമായ അലറൽ, ആനകളുടെ കൂട്ട ചിന്നംവിളി, കുഞ്ഞുങ്ങളുടെ കരച്ചിൽ തുടങ്ങിയ ശബ്‌ദങ്ങളാണ് കേൾക്കാൻ സാധിക്കുക.

എന്നാൽ, നേരം ഇരുട്ടുമ്പോൾ കഥ വീണ്ടും മാറും. അനേകം മൃഗങ്ങളും മനുഷ്യരും കരയുന്നതും കലഹിക്കുന്നതുമായ ശബ്‌ദങ്ങളാണ് കേൾക്കുന്നത്. കാറ്റിന്റെ ശക്തി കൂടുംതോറും ഈ ശബ്‌ദങ്ങൾ ഭീകരമാകുകയും ചെയ്യും. നിഗൂഢമായ ഈ വിചിത്ര ശബ്‌ദങ്ങൾക്ക് പിന്നിൽ പ്രദേശത്തിന്റെ സ്വഭാവമാണെന്ന് ഗവേഷകർ പറയുന്നു. മണ്ണും കല്ലും നിറഞ്ഞ ശക്തമായ കാറ്റ് പ്രദേശത്തെ വിവിധ രൂപത്തിലെ കുന്നുകളിൽ തട്ടുന്നതോടെയാണ് ശബ്ദങ്ങളുണ്ടാകുന്നത്. അതേസമയം, നല്ല ശബ്‌ദങ്ങൾ ദേവതമാരുടെയും ഭീകര ശബ്‌ദങ്ങൾ ചെകുത്താന്റെയും പ്രേതങ്ങളുടെയുമാണെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം. നിരവധി സഞ്ചാരികളാണ് ഈ പ്രദേശം കാണാൻ ഒഴുകിയെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOGUICHENG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY