
കാണാൻ ഭംഗിയുള്ള വീട്ടുപകരണങ്ങൾ മാത്രം വീടുകളിൽ ഇടംപിടിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഭംഗിയോടൊപ്പം ശരീരത്തിനുള്ള ആശ്വാസത്തിനും നമ്മൾ തുല്യ പ്രാധാന്യം നൽകിത്തുടങ്ങിയിരിക്കുന്നു. ഈ മാറ്റത്തിന്റെ ഭാഗമായാണ് ലിവിംഗ് റൂമുകളിൽ ലോഞ്ച് ചെയറുകൾക്കും വലിപ്പമേറിയ ആഡംബര കസേരകൾക്കും പ്രിയമേറുന്നത്. വൈകുന്നേരങ്ങളിൽ കൈയിലൊരു പുസ്തകവും ഒരു കപ്പ് കാപ്പിയുമായി കുറച്ചുനേരം സ്വസ്ഥമായിരിക്കാൻ ഇതിലും മികച്ച മറ്റൊരു ഇടം വേറെയില്ല. മുറിയുടെ ലുക്ക് മാറ്റുന്നതിനൊപ്പം കംഫർട്ടിനും മുൻഗണന നൽകുന്ന പുതിയ ഫർണിച്ചർ ട്രെൻഡ് വീടുകളിൽ തരംഗമാവുകയാണ്.
വലിയ കസേരകൾ വീട്ടിലേക്ക് വാങ്ങാൻ ഇന്ന് പലരും മടിക്കുന്നു. പ്രധാന കാരണം, ഇവ മുറിയിൽ കൂടുതൽ സ്ഥലം കൈയടക്കുമെന്നും കാണാൻ വലിപ്പക്കൂടുതൽ തോന്നിപ്പിക്കുമെന്നുമുള്ള ചിന്തയാണ്. എന്നാൽ എപ്പോഴാണ് ഒതുക്കമുള്ള ഡിസൈനുകൾ മാത്രം ഭംഗിയുള്ളവയായി മാറിയത്? ഒറ്റനോട്ടത്തിൽ വലുതെന്ന് തോന്നുന്നവ പലപ്പോഴും മൃദുവായ, വിശാലമായ , അതിലേറെ ആശ്വാസം നൽകുന്നതായിരിക്കും. എല്ലാം നമ്മളതിനെ എങ്ങനെ നോക്കി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വലിയ കസേരകൾ എല്ലാത്തരം വീടുകൾക്കും അനുയോജ്യമാകണമെന്നില്ല. എങ്കിലും, ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുകയാണെങ്കിൽ അവ നിങ്ങളുടെ വീടിന്റെ ഭംഗിയും ഉപയോഗവും വർദ്ധിപ്പിക്കും. സ്റ്റൈലിനൊപ്പം അവയുടെ ഉപയോഗപ്രദമായ മൂല്യവും ഉറപ്പാക്കി വേണം ഇത്തരം ഫർണിച്ചറുകൾ വാങ്ങാൻ.

സാധാരണ കസേരകളിൽ അല്പനേരം സംസാരിച്ചിരിക്കാനാണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ, ലോഞ്ച് ചെയറുകൾ ദീർഘനേരം വിശ്രമിക്കാൻ തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലി കഴിഞ്ഞോ യാത്ര കഴിഞ്ഞോ വരുമ്പോൾ ശരീരമാകെ തളർന്ന് ഇതിലേക്ക് ചാരിയിരിക്കുന്നത് നൽകുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. നമ്മുടെ വീടുകൾ ഇപ്പോൾ ഓഫീസുകളായും വിനോദകേന്ദ്രങ്ങളായും മാറുമ്പോൾ വീട്ടിൽ ഇങ്ങനെയൊരു 'കംഫർട്ട് കോർണർ' ഉണ്ടാകുന്നത് ഏറെ ഗുണം ചെയ്യും.
വെറും കുഷ്യനുകൾ മാത്രമുള്ള ഒന്നല്ല ലോഞ്ച് ചെയർ. മികച്ച മെറ്റീരിയലുകളും ഉറപ്പുള്ള നിർമ്മാണവുമാണ് അതിന്റെ കരുത്ത്. ട്രെൻഡുകൾ മാറുമ്പോൾ ഫർണിച്ചർ മാറ്റുന്നതിനേക്കാൾ നല്ലത് വർഷങ്ങളോളം ഈടുനിൽക്കുന്ന മികച്ച കസേര വാങ്ങുന്നതാണ്. വലിയ ലോഞ്ച് ചെയറുകൾ കൂടുതൽ സ്ഥലം എടുക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. ചെറിയ ഫ്ളാറ്റുകളിലോ നഗരങ്ങളിലെ പരിമിതമായ സ്ഥലങ്ങളിലോ ഇവ കുത്തിനിറയ്ക്കുന്നത് മുറിയുടെ ഭംഗി കളയും. അതിനാൽ 'ഇത് വലിപ്പക്കൂടുതലാണോ?' എന്ന് ചോദിക്കുന്നതിന് പകരം സ്വന്തം മുറിയിൽ അതിനുള്ള സ്ഥലമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.

ഇത്തരം വലിയ കസേരകൾക്ക് കൃത്യമായ ഒരു സ്ഥാനവും ലക്ഷ്യവും ഉണ്ടായിരിക്കണം. ഫർണിച്ചറുകൾ നിറഞ്ഞ ഒരു മുറിയിൽ ഇത് കുത്തിനിറയ്ക്കാതെ, വിശ്രമം ആവശ്യമുള്ള ഇടങ്ങളിൽ ഇവ സ്ഥാപിക്കുക. കിടപ്പുമുറി, വായനാമുറി, പഠനമുറി, അടച്ചിട്ട ബാൽക്കണി എന്നിവിടങ്ങളിൽ ഇത് സ്ഥാപിക്കുന്നത് അഭികാമ്യമാണ്. ഇതിനൊപ്പം ഒരു ചെറിയ മേശയോ, ഫ്‌ളോർ ലാമ്പോ കൂടിയുണ്ടെങ്കിൽ ഈ സ്ഥലം നിങ്ങളുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറും.
കസേരയ്ക്ക് ചുറ്റും ഫ്രീയായി നടക്കാനുള്ള സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക. കസേരയുടെ വലിപ്പം മാത്രം നോക്കാതെ മുറിയുടെ മൊത്തത്തിലുള്ള വലിപ്പവുമായി അത് പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക. നമ്മുടെ നാട്ടിലെ ചൂടുള്ള കാലാവസ്ഥയിൽ വായുസഞ്ചാരം ലഭിക്കുന്ന തരം തുണികൾ ഉപയോഗിച്ചുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വലിയ ലോഞ്ച് ചെയറുകൾ ഒരിക്കലും ഒരു ഡിസൈൻ പിഴവല്ല. ചെറിയ ഫർണിച്ചറുകൾ മാത്രമല്ല മികച്ച ഡിസൈൻ. വീട്ടിൽ കയറുമ്പോൾ തന്നെ ഇരിക്കാൻ തോന്നിപ്പിക്കുന്ന അത്രമേൽ ആശ്വാസം നൽകുന്ന ഇത്തരം വലിയ കസേരകളും ഒരു വീടിനെ പൂർണമാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |