SignIn
Kerala Kaumudi Online
Sunday, 12 July 2026 5.51 PM IST

തളരാതെ കുസുമത്തിന്റെ പോരാട്ടം; സമ്മർദ്ദത്തിലായി അധികൃതർ, ഉടൻ സർക്കാർ ഉത്തരവ് പുറത്തുവരും

kusumam-r-punnapra

തിരുവനന്തപുരം: ഒരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന പ്രയോഗങ്ങൾക്കിടയിൽ ജീവനുമായി ബന്ധപ്പെട്ട ആ ഫയൽ സെക്രട്ടേറിയറ്റിൽ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്‌ മാസങ്ങളാവുന്നു. ലക്ഷക്കണക്കിന് വനിതകൾക്ക് ഗുണകരമാവുന്ന ഒരു സർക്കാർ ഉത്തരവ് അപാകത പരിഹരിച്ച് പുറത്തിറക്കണമെന്ന സാമൂഹിക പ്രവർത്തകയായ കുസുമം ആർ.പുന്നപ്രയുടെ അപേക്ഷയിലാണ് തീരുമാനം നീണ്ടുപോയത്. സ്വകാര്യ സ്‌കൂളുകളും കോളേജുകളുമടക്കമുള്ള സ്ഥാപനങ്ങളിലെ വനിതാജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിച്ച ഉത്തരവിലെ പിഴവാണ് തിരുത്താൻ തയ്യാറാകാതെ സെക്രട്ടേറിയറ്റിൽ ഇഴഞ്ഞുനീങ്ങുന്നത്.


2021 ജനുവരി 14ന് ഇറങ്ങിയ ഗസറ്റ് വിജ്ഞാപനപ്രകാരം, പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പുള്ള 12 മാസക്കാലയളവിൽ 80 ദിവസമെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്നാണ്. എന്നാൽ, ഗസറ്റ് വിജ്ഞാപനത്തിന് പിന്നാലെ ഇതുസംബന്ധിച്ച് ഇറങ്ങിയ സർക്കാർ ഉത്തരവാണ് ആനുകൂല്യം നിഷേധിക്കുന്ന സാഹചര്യമൊരുക്കിയത്.

'പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പ് 80 ദിവസമെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ' എന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. ഇത് പ്രസവത്തിന് മുമ്പുള്ള ആരോഗ്യസ്ഥിതിയിൽ പലപ്പോഴും അവധി എടുക്കേണ്ടിവരുന്നവർക്ക് തിരിച്ചടിയായി. അഞ്ച് വർഷത്തിനിടെ നിരവധി പേർക്ക് അവധിയും ആ കാലയളവിലെ ശമ്പളവും നിഷേധിക്കപ്പെട്ടു.

ഇതുസംബന്ധിച്ച് പലകോണുകളിൽ നിന്നും പരാതി ഉയർന്നതോടെയാണ് ഉത്തരവിലെ 'കെണി' കുസുമത്തിന്റെ ശ്രദ്ധയിൽപ്പെടുന്നതും 2025 സെപ്തംബറിൽ സർക്കാരിനെ സമീപിക്കുന്നതും. എന്നാൽ ഉത്തരവ് തിരുത്താതിരിക്കാൻ വലിയ സമ്മർദ്ദം സെക്രട്ടേറിയറ്റിലുണ്ടായി. കുസുമം വിശ്രമമില്ലാതെ ഫയലിന് പിന്നാലെ അധികാര കേന്ദ്രങ്ങളിൽ സ്ഥിരം എത്തിയതോടെ നിലപാട് മാറ്റാൻ അധികൃതർ സന്നദ്ധരാവുകയായിരുന്നു. വരുംദിവസങ്ങളിൽ തന്നെ പുതിയ ഉത്തരവ് ഇറങ്ങിയേക്കും. കെൽട്രോൺ മുൻജീവനക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ കുസുമം ഐ.ടി ജീവനക്കാരായ വനിതകളുടെ പ്രസവാവധിക്കായി നടത്തിയ പോരാട്ടം നേരത്തേ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUSUMAM R PUNNAPRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY