SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.33 PM IST

ഇന്ത്യ - പാക് ക്രിക്കറ്റിനിടെ ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ ശ്രമിച്ച സ്‌ത്രീ; ഡി കമ്പനിയെ പിടിച്ചുകുലുക്കിയ പ്രതികാരം

sapna-didi

ഇന്ത്യകണ്ട കൊടും ക്രിമിനലുകളിൽ ഒരാളാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അൽ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതിശക്തനായ ദാവൂദിന്റെ സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരു യുവതിയുണ്ട്, അഷ്‌റഫ് ഖാൻ എന്ന സപ്‌ന ദീദി.

മുംബയിലെ പുരുഷാധിപത്യ അധോലോകത്തിൽ സധൈര്യം പോരാടിയ സ്ത്രീയാണ് അഷ്‌റഫ് ഖാൻ. തന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ ദാവൂദ് ഇബ്രാഹിം ഉത്തരവിട്ടപ്പോൾ അണ്ടർവേൾഡ് ഡോണിനെ തിരികെ വെല്ലുവിളിച്ച സ്ത്രീ. അവർ ഡി കമ്പനിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തി, ദാവൂദിന്റെ കൊലപാതകം ആസൂത്രണം ചെയ്തു. 1994 ൽ ക്രൂരമായി കൊല്ലപ്പെടുന്നതിന് മുമ്പ് പ്രതീകാരത്തിന്റെ പ്രതീകമായി അവർ മാറിയിരുന്നു.

മുംബയിൽ സാധാരണ ഒരു കുടുംബിനിയായി ജീവിക്കുന്നതിനിടെയാണ് അഷ്‌റഫ് ഖാന്റെ ജീവിതം മാറിമറിയുന്നത്. തന്റെ ഭർത്താവ് മെഹ്‌മൂദ് ഖാന് ദാവൂദുമായി ബന്ധമുണ്ടെന്ന സത്യം പിന്നീടാണ് അഷ്‌റഫ് അറിയുന്നത്. ദാവൂദിന്റെ ഉത്തരവ് പ്രകാരം മുംബയ് വിമാനത്താവളത്തിൽ പട്ടാപ്പകൽ ഖാൻ കൊല്ലപ്പെട്ടു. ദാവൂദിന്റെ നിർദേശം നടപ്പിലാക്കാത്തതായിരുന്നു കൊലയ്ക്ക് കാരണം. ഭർത്താവിന്റെ കൊലപാതകം അഷ്‌റഫിനെ സപ്‌ന ദീദിയാക്കി മാറ്റുകയായിരുന്നു. ഭർത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അവർ ദൃഢപ്രതിജ്ഞയെടുത്തു. തോക്കുപയോഗിക്കാൻ പഠിച്ചു. മോട്ടോർ സൈക്കിൽ ഓടിക്കാനും പഠിച്ചു. അധോലോകത്തെക്കുറിച്ച് കൃത്യമായി മനസിലാക്കി. സാധാരണ മുസ്‌ലീം സ്ത്രീകളുടെ വേഷവിധാനം മാറ്റി ജീൻസും ജാക്കറ്റും അണിയാൻ ആരംഭിച്ചു. പണമോ അധികാരമോ ആയിരുന്നില്ല സപ്‌ന ദീദിയുടെ ലക്ഷ്യം, മറിച്ച് പ്രതികാരമായിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ കൊടും ശത്രുവായ ഹുസൈൻ ഉസ്‌താരയുമായുള്ള സഖ്യമാണ് സപ്‌ന ദീദിയെ അധോലോകത്തെത്തിച്ചത്. ഹുസൈന്റെ മാർഗനിർദേശപ്രകാരം ദാവൂദിനെതിരെ സപ്‌ന പ്രവർത്തിക്കാൻ തുടങ്ങി. ദാവൂദിന്റെ ആയുധ ചരക്കുകൾ തടഞ്ഞു. ചൂതാട്ട കേന്ദ്രങ്ങൾ അട്ടിമറിച്ചു. നിയമ നിർവ്വഹണ ഏജൻസികൾക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകി. അധോലോകത്തെ കൈവെള്ളയിലെ വരകൾ പോലെ സപ്‌ന മനഃപാഠമാക്കിയിരുന്നു.

ഷാർജയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനും സപ്ന പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. വിഐപി ഇരിപ്പിടത്തിൽ ദാവൂദ് ഇബ്രാഹിം കളി കാണുന്നുണ്ടെന്ന് അവർ മനസിലാക്കിയിരുന്നു. പൊതുമദ്ധ്യത്തിൽ കൊല നടത്താനായിരുന്നു സപ്‌നയുടെ പദ്ധതി. എന്നാൽ പദ്ധതി ചോർന്നു. ദാവൂദിനെ തൊടാൻ സപ്‌നയ്ക്കായില്ല.

പിന്നീട് ദാവൂദ് വെറുതെയിരുന്നില്ല. 1994ൽ ദാവൂദിന്റെയാളുകൾ സപ്ന ദീദിയുടെ മുംബയിലെ വസതിയിലേയ്ക്ക് ഇരച്ചുകയറി. തുടർന്ന് നടന്നത് അതിക്രൂരമായ വധശിക്ഷയായിരുന്നു. 22 തവണയാണ് സപ്‌ന ദീദിക്ക് കുത്തേറ്റത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണമടയുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAWOOD IBRAHIM, D COMPANY, SAPNA DIDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY