സാമ്പത്തിക സ്വാതന്ത്ര്യത്തിനൊപ്പം സ്വന്തം തീരുമാനങ്ങളെ നടപ്പിലാക്കാനും, സ്വപ്‌നങ്ങളെ പിന്തുടരാനും സമൂഹം നിർണയിച്ച പരിധികൾക്കപ്പുറം ജീവിതത്തിന് പുതിയ ദിശ നൽകാനുമുള്ള ആത്മവിശ്വാസമാണ് യഥാർത്ഥ സ്‌ത്രീശാക്തീകരണം. സ്ഥിരതയുള്ള ജോലി, നല്ല ശമ്പളം, സുരക്ഷിതമായ കരിയർ എന്നിവയ്‌ക്കുപരിയായി താൻ ആഗ്രഹിക്കുന്ന ജീവിതത്തിന് പ്രാധാന്യം നൽകി സ്വന്തം സംരംഭം കെട്ടിപ്പടുത്ത താരണ ചൗഹാന്റെ കഥ ഇതിന് മികച്ച ഉദാഹരണമാണ്. ഒരു പഴയ കുടുംബവീട്ടിലെ മൂന്ന് മുറികളിൽ നിന്നാരംഭിച്ച അവരുടെ സംരംഭം ഇന്ന് നിരവധിയാളുകൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ ബിസിനസ് അനലിസ്റ്റായും പിന്നീട് ആൻഹ്യൂസർ-ബുഷ് ഇൻവെബ് കമ്പനിയിലും അവർ ജോലിചെയ്‌തു. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ താരണ മികച്ച ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചാണ് ഹോം സ്റ്റേ നടത്താൻ ആരംഭിച്ചത്. താൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ജീവിതം ഏതാണെന്ന തിരിച്ചറിവാണ് താരണയെ അതിന് പ്രേരിപ്പിച്ചത്.
2020ലെ കൊവിഡ് കാലത്ത് ഹിമാചൽ പ്രദേശിലെ റോഹ്‌റുവിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങിയെത്തിയതോടെയാണ് ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിച്ചത്. പഴയ കുടുംബവീട് പുതുക്കിപ്പണിത് വെറും മൂന്ന് മുറികളുമായി നിർവാണ ഹോംസ് എന്ന പേരിലാണ് താരണ തന്റെ സംരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീട് രണ്ട് മുറികൾകൂടി നിർമ്മിക്കുകയും യോഗയ്‌ക്കായി പ്രത്യേകയിടം ഒരുക്കുകയും ചെയ്‌തു.
ഏകദേശം രണ്ട് വർഷത്തോളം കോർപ്പറേറ്റ് ജോലിയിൽ തുടർന്നുകൊണ്ടാണ് താരണ സംരംഭം വളർത്തിയെടുത്തത്. തന്റെ സംരംഭം വിജയിക്കുമെന്ന് ഉറപ്പായതിനുശേഷമാണ് അവർ ജോലി ഉപേക്ഷിച്ചത്. എന്നാൽ, ഇവിടെ കോർപ്പറേറ്റ് ജോലിയുടേത് പോലെ വരുമാനം സ്ഥിരമല്ല. ചില മാസങ്ങളിൽ അഞ്ച് ലക്ഷം രൂപവരെ വരുമാനമുണ്ടാകുമ്പോൾ ചിലപ്പോൾ ഒന്നും ലഭിക്കാതെയും വരുന്നു. എന്നാൽ വരുമാനത്തെക്കാൾ ഉപരിയായി തന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന സ്വാതന്ത്യം തനിക്കുണ്ടെന്നുള്ളതാണ് താരണയുടെ ഏറ്റവും വലിയ നേട്ടം.
ഹോം സ്റ്റേയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും താരണ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഹോം സ്റ്റേയ്‌ക്ക് പുറമെ നിർവാണ എക്‌സ്‌പീരിയൻസ് എന്ന ആശയത്തിലൂടെ സ്ലോ ട്രാവൽ, പ്രകൃതിയോടൊത്തുള്ള വർക്ക് ഷോപ്പുകൾ എന്നിവയ്‌ക്കും അവർ പ്രാധാന്യം നൽകുന്നുണ്ട്.
ഒരു പുതിയ ആശയത്തിന് രൂപം നൽകാൻ എല്ലായ്‌പോഴും ജോലി ഉപേക്ഷിക്കണമെന്ന് നിർബന്ധമില്ലെന്ന് താരണ പറയുന്നു. 'പഠിക്കുക, ചെറിയ രീതിയിൽ തുടങ്ങുക, ആശയം പരീക്ഷിക്കുക, പണം സംരക്ഷിക്കുക, ബദൽ മാർഗം ഉറപ്പാക്കുക- ശേഷം മാത്രം വലിയ തീരുമാനം എടുക്കുക' - അവർ പറയുന്നു.
Tharana Chauhan left her corporate job to start Nirvana Homes, a successful homestay in Himachal Pradesh, inspiring women to pursue financial independence and their dreams.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |