SignIn
Kerala Kaumudi Online
Thursday, 06 August 2026 4.03 PM IST

ശൂന്യാകാശത്തും നെല്ല് കൊയ്യൽ; മെയ്‌ഡ് ഇൻ ചൈന

rice-harvest
എഐ ചിത്രം

ബീജിംഗ്: ബഹിരാകാശനിലയത്തിൽ നെൽകൃഷിചെയ്‌ത് ചരിത്രം കുറിച്ച് ചൈനീസ് ശാസ്‌ത്രജ്ഞർ. ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ വളർത്തിയ നെൽ കൃഷിയുടെ ആദ്യ വിളവെടുപ്പ് വിജയകരമായി പൂർത്തിയാക്കി.

ഭാവിയിൽ ബഹിരാകാശ യാത്രകൾ നടത്തുന്നവർക്കാവശ്യമായ ഭക്ഷണം അവിടെത്തന്നെ ഉൽപ്പാദിപ്പിക്കാനാകുമോയെന്ന അന്വേഷണത്തിലെ നിർണായക മുന്നേറ്റമാണിത്. ഭൂമിയിൽനിന്നുള്ള ഭക്ഷണവിതരണത്തെ ആശ്രയിക്കുന്നത് കുറച്ച് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെയുള്ള ബഹിരാകാശ യാത്രകൾ കൂടുതൽ സ്വയംപര്യാപ്‌തമാക്കാനുള്ള ശ്രമത്തിലാണ് ശാസ്‌ത്രലോകം. ടിയാൻഗോങിലെ ഈ ചെറിയ വിളവെടുപ്പ് ഭാവിയിലെ ബഹിരാകാശ കൃഷിയുടെ വലിയ തുടക്കമാകുമെന്നാണ് പ്രതീക്ഷ.

ബഹിരാകാശ യാത്രികരായ സു യാങ്‌സു, ഷാങ് ഷിയുവാൻ, ലൈ കായിങ് എന്നിവർ ചേർന്നാണ് ബഹിരാകാശത്ത് വിളഞ്ഞ നെല്ലിന്റെ ആദ്യ സാമ്പിളുകൾ ശേഖരിച്ചത്. ഷെൻഗോ-3 എന്ന ബഹിരാകാശ ദൗത്യത്തിലൂടെയാണ് നെൽവിത്തുകൾ ടിയാൻഗോങിലെത്തിച്ചത്. മേയ് 24ന് വിക്ഷേപിച്ച ദൗതിലൂടെ നിലയത്തിലെത്തിച്ച് മുളപ്പിച്ച വിത്തുകൾ രണ്ട് മാസത്തിലേറെനീണ്ട പരിചരണത്തിന് ശേഷമാണ് വിളവിന് പാകമായത്.

വിളവെടുപ്പിന്റെ ദൃശ്യങ്ങൾ ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടു. ശേഖരിച്ച നെൽസാമ്പിളുകൾ കൂടുതൽ പഠനങ്ങൾക്കായി ശാസ്‌ത്രജ്ഞർ സുരക്ഷിതമാക്കിവച്ചു. ബഹിരാകാശ സാഹചര്യങ്ങൾ ചെടിയുടെ വളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്നറിയാനാണ് ശാസ്‌ത്രജ്ഞർ ശ്രമിക്കുന്നത്.

2022ലെ ചരിത്ര പരീക്ഷണത്തിന്റെ തുടർച്ച

ടിയാൻഗോങിൽ നെൽകൃഷി നടത്തുന്നത് ചൈനയുടെ ആദ്യ ശ്രമമല്ല. 2022ൽ തന്നെ ബഹിരാകാശത്ത് ലോകത്തിലെ ആദ്യ സമ്പൂർണ നെൽകൃഷി പരീക്ഷണം ചൈന വിജയകരമായി പൂർത്തിയാക്കിയിരുന്നു. അന്ന് ആറ് നെൽവിത്തുകൾ 120 ദിവസം ബഹിരാകാശക്ക് വളർത്തിയിരുന്നു. അവയിൽനിന്ന് ലഭിച്ച 59 പുതിയ വിത്തുകൾ ഭൂമിയിലെത്തിച്ച് വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു.

നിലവിലെ പരീക്ഷണത്തിൽ രണ്ട് തരത്തിലുള്ള ജാപ്പോണിക്ക നെല്ലാണ് ഉപയോഗിക്കുന്നത്. ഭൂമിയിൽനിന്ന് ശേഖരിച്ച നെൽവിത്തുകളും 2022ൽ ബഹിരാകാശത്ത് വിളവെടുത്ത പുതിയ തലമുറ വിത്തുകളുമാണ് പരീക്ഷണത്തിനുപയോഗിച്ചത്.

ബഹിരാകാശത്ത് നെല്ലിന്റെ അടുത്ത തലമുറ

മൈക്രോഗ്രാവിറ്റിയെന്ന കുറഞ്ഞ ഗുരുത്വാകർഷണ സാഹചര്യത്തിൽ നെല്ലിന്റെ വളർച്ച എങ്ങനെ മാറുന്നുവെന്നതാണ് ശാസ്‌ത്രജ്ഞർ പ്രധാനമായും പഠിക്കാൻ ശ്രമിക്കുന്നത്. ബഹിരാകാശ കൃഷിയിലെ ആദ്യ വിളവെടുപ്പിൽനിന്ന് ലഭിച്ച വിത്തുപയോഗിച്ച് അടുത്ത തലമുറയിലെ നെല്ലും ബഹിരാകാശത്തുതന്നെ വളർത്തുന്നതാണ് പദ്ധതി.

രണ്ടുരീതിയിൽ പരീക്ഷണം

ഈ പരീക്ഷണത്തിനായി നാല് പ്രത്യേക കൃഷി യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ യൂണിറ്റിലും ആറ് നെൽവിത്തുകൾ വീതമാണുള്ളത്. ആദ്യ വിഭാഗത്തിൽ ഭൂമിയിൽനിന്നെത്തിച്ച വിത്തുകളുടെ വളർച്ചയാണ് നിരീക്ഷിക്കുന്നത്. ബഹിരാകാശത്ത് വിളവെടുത്ത വിത്തുകൾ വീണ്ടും അവിടെതന്നെ കൃഷി ചെയ്യുമ്പോൾ അവിടത്തെ സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെടാനാകുമോയെന്നും പരിശോധിക്കും.

രണ്ടാമത്തെ വിഭാഗത്തിൽ 'റാറ്റൂണിംഗ്' എന്ന രീതിയാണ് പരീക്ഷിക്കുന്നത്. ആദ്യ വിളവെടുപ്പിന് ശേഷം ബാക്കിയാകുന്ന വേരുകളിൽനിന്ന് വീണ്ടും പുതിയ തളിരുകൾ വളർത്തുന്ന രീതിയാണിത്. മൈക്രോഗ്രാവിറ്റിയിൽ ഈ കൃഷിരീതിയെങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാനാണ് ശ്രമം. നെൽമണികൾക്കൊപ്പം ചെടികളുടെ തണ്ടുകളും ഇലകളും ശാസ്‌ത്രജ്ഞർ സംരക്ഷിച്ചിട്ടുണ്ട്. ഇവ ഭൂമിയിലെത്തിച്ചശേഷം വിശദമായ പരിശോധനകൾ നടത്തും.

English Summary

China has reportedly harvested rice aboard the Tiangong Space Station, marking a significant step in space farming. The breakthrough could help support future Moon and Mars missions by enabling astronauts to grow food in space.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE HARVEST, SPACE STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY