മുതലമട: സ്വന്തം പഞ്ചായത്തിലേക്ക് പോകാൻ അന്യസംസ്ഥാനം ചുറ്റണം! കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം, തേക്കടി നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ദുരിതമാണിത്. ഈ ദുരിതത്തിന് ഒടുവിൽ അറുതിയാവുകയാണ്. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ വനപാത നിർമ്മിക്കാൻ വീണ്ടും വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ തീരുമാനമായി.
ഇതിനായി മുതലമട ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചു. ഡി.പി.ആർ പൂർത്തിയായി നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ.എ.തുളസി പറഞ്ഞു. തേക്കടിയിൽ നിന്ന് 8 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു.
ചെമ്മണാംപതി മുതൽ വെള്ളക്കൽതിട്ട് വരെ (3.5 കിലോമീറ്റർ)പൂർത്തിയായാൽ ബാക്കി തേക്കടി വരെയുള്ള 6.5 കിലോമീറ്റർ ജീപ്പ് ഗതാഗതം സാദ്ധ്യമാകും. നേരത്തെ മുതലമട പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 3.8 കിലോമീറ്റർ 69 മരങ്ങൾ മുറിച്ച് മാറ്റി 600 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു.
ഇവിടെയാണ് യഥാർത്ഥ വെല്ലുവിളി. വലിയ പാറക്കെട്ടുകൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ സൈഡ് പ്രൊട്ടക്ഷൻ വാൾ, മണ്ണ് ഖനനം എന്നിവ വേണം.
ഡി.പി.ആർ തയ്യാറാക്കുന്ന സ്വകാര്യ ഏജൻസി ഒരാഴ്ചയ്ക്കുള്ളിൽ കാടുവെട്ടി തെളിച്ച് വഴി തെളിക്കും. അതിന്റെ തൊഴിൽ ആദിവാസി കുടുംബങ്ങൾക്ക് തന്നെ നൽകാനാണ് തീരുമാനം. ഇതിനകം തൊഴിലുറപ്പ് തൊഴിലാളികൾ വഴിവെട്ടൽ തുടങ്ങി.
സമരവും 700 കേസും
2020 ഒക്ടോബർ 2 ന് ചെമ്മണാംപതിയിൽ നിന്ന് ആദിവാസികൾ ആരംഭിച്ച വഴിവെട്ടൽ സമരമാണ് ഇതിന് തുടക്കം. സമരത്തിന്റെ പേരിൽ 700 കേസുകളാണ് വനം വകുപ്പ് ആദിവാസികൾക്കെതിരെ എടുത്തത്.
നിലവിൽ മുതലമടയിൽ നിന്ന് പറമ്പിക്കുളത്തേക്ക് പോകണമെങ്കിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല വഴി 65 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഒരു സാധാരണക്കാരന് വന്ന് പോകാൻ മാത്രം 3500 രൂപ ചെലവാകും.
ഡി.പി.ആർ പൂർത്തിയാകുന്ന മുറയ്ക്ക് വനപാതയുടെ നിർമ്മാണ പ്രവർത്തികൾ തുടങ്ങും. വനപാതയുടെ പൂർത്തീകരണത്തിനായുള്ള സാദ്ധ്യമായ എല്ലാ കാര്യങ്ങളും പഞ്ചായത്ത് നടപ്പിലാക്കും.
സി.തിരുചന്ദ്രൻ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് .
തേക്കടി പറമ്പിക്കുളത്തുകാരുടെ സ്വപ്ന പദ്ധതിയായ വനപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. പ്രാരംഭ നടപടികൾ എന്ന മുറയ്ക്ക് ഡി.പി.ആർ പൂർത്തിയാക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ പദ്ധതിയുടെ വിശദീകരണങ്ങൾ നൽകും.
കെ.എ.തുളസി, പിന്നോക്ക ക്ഷേമ മന്ത്രി.
ഞങ്ങളുടെ തലമുറകളുടെ സ്വപ്നമാണ് തേക്കടി ചെമ്മണാമ്പതി വനപാത. ജോലിക്കാണെങ്കിലും മറ്റു ആവശ്യങ്ങൾക്കാണെങ്കിലും മുതലമടയിൽ എത്തണമെങ്കിൽ ഞങ്ങൾക്ക് തമിഴ്നാട്ടിലൂടെ സഞ്ചരിക്കണം. ഈ തീരാ ദുരിതത്തിന് അറുതിയാകും എന്ന് പ്രതീക്ഷയിലാണ് തേക്കടി പറമ്പിക്കുളത്തുകാർ.
രാമൻകുട്ടി മൂപ്പൻ, തേക്കടി ഊര്മൂപ്പൻ.
Residents of Parambikulam and Thekkady in Muthalamada panchayat have faced a peculiar hardship for decades—having to travel through another state to reach different parts of their own panchayat. The long-standing ordeal is finally set to come to an end.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |