SignIn
Kerala Kaumudi Online
Sunday, 28 June 2026 4.52 AM IST

ഗ്വാളിയോർ: കാവലിന്റെ കല്ലെഴുത്തുകൾ

gwalior-fort

മദ്ധ്യപ്രദേശിലെ പ്രധാന പട്ടണമായ ഗ്വാളിയോറിൽ വണ്ടിയിറങ്ങിയാൽ തലയെടുപ്പോടെ ഗ്വാളിയോർ കോട്ട സ്വാഗതം ചെയ്യും. നിരവധി രാജവംശങ്ങളുടെ പരിപാലനകളേറ്റ് വളർന്ന് വികസിച്ച ഗ്വാളിയോർ കോട്ട നഗരത്തിന്റെ ഏത് കോണിൽ നിന്ന് നോക്കിയാലും കാണത്തക്ക വിധം മൂന്ന് കിലോമീറ്റർ ഉയരത്തിൽ പടുകൂറ്റൻ പാറക്കൂട്ടങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്തൃതി, 35 അടി ഉയരമുള്ള ചുറ്റുമതിൽ. 'ഇന്ത്യയിലെ കോട്ടകളുടെ മുത്ത്' എന്നാണ് ബാബർ വിശേഷിപ്പിച്ചത്. ചെങ്കുത്തായ വഴിയിലൂടെ കോട്ടയിലെത്തുമ്പോൾ വിവിധ കാലഘട്ടങ്ങളിലെ ചരിത്ര വിസ്മയങ്ങളായ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, തടങ്കൽ പാളയങ്ങൾ, ജലസംഭരണികൾ,​ വഴികൾക്കിരുവശങ്ങളിലുമായി കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന ജൈന പ്രതിമകൾ എന്നിവ ഹൃദയത്തിൽ കുടിയേറും. ഒരുകാലത്ത് രാജാക്കന്മാരുടെ യുദ്ധഭൂമിയായിരുന്ന ഗ്വാളിയർ ഇന്ന് വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ്. കോട്ടയുടെ മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭാഗത്ത് ആയിരത്തിലേറെ വർഷം പഴക്കമുള്ള മതിലുകൾ. മറുഭാഗത്ത് അമ്പരചുംബികളായ കെട്ടിടങ്ങൾ നിറഞ്ഞ ആധുനിക നഗരത്തിന്റെ വർണ്ണ പൊലിമ. കാലം മായ്ക്കാത്ത ചരിത്രശേഷിപ്പുകളുടെയും കാലത്തിനൊപ്പം നടക്കുന്ന മാറ്റങ്ങളുടെയും സംഗമഭൂമി !

മൂന്നാം നൂറ്റാണ്ടിൽ രാജ്യം ഭരിച്ചിരുന്ന സൂരജ് സൺ എന്ന രാജാവിനെ ബാധിച്ച കുഷ്ഠം ചികിത്സിച്ച ഗ്വാളിപ എന്ന സന്യാസിയോടുള്ള ബഹുമാനാർത്ഥമാണ് പ്രദേശത്തിന് ഗ്വാളിയോർ എന്ന പേര് നൽകിയത്. പിന്നാലെ ഇതേ പേരിൽ വലിയ കോട്ടയും നിർമിച്ചു. സന്യാസി അടുത്തുള്ള ക്ഷേത്രത്തിനടുത്ത് ഒരു കുളം നിർമ്മിച്ച് അതിലെ വെള്ളം ഉപയോഗിച്ച് രാജാവിന്റെ രോഗം ഭേദമാക്കിയത്രേ. കോട്ടയ്ക്കകത്ത് ഇപ്പോഴും 'സൂരജ് കുണ്ട്' എന്ന പേരിൽ കുളമുണ്ട്.

 അധിനിവേശങ്ങളുടെ കുളമ്പടി ശബ്ദം

പതിനൊന്നാം നൂറ്റാണ്ടോടെ ഇന്ത്യയിൽ മുസ്ലിം അധിനിവേശം ആരംഭിച്ച ഘട്ടത്തിൽ ഗ്വാളിയാർ കോട്ടയായിരുന്നു പ്രധാന ലക്ഷ്യം. മുഹമ്മദ് ഗസ്നി കോട്ട പിടിച്ചടക്കിയതും മോചന ദ്രവ്യം വാങ്ങി തിരിച്ചു നൽകിയതും കുത്തബ് ദീൻ ഐബക്കും പിന്നീട് ഇൽതുമുഷും കോട്ട കീഴടക്കിയതും രേഖകളാണ്. 1398 ഓടെ ഗ്വാളിയോർ രാജ്യവും കോട്ടയും തോമർ രാജവംശത്തിന്റെ നിയന്ത്രണത്തിലായി. മാൻസിങ്,​ കോട്ടമോടി പിടിപ്പിച്ചു. 1505ൽ ഡൽഹി സുൽത്താൻ സിക്കന്ദർ ലോഡി കോട്ട പിടിക്കാൻ പാഴ്ശ്രമവും നടത്തി. എന്നാൽ 1516ൽ ഒരു വർഷം നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇബ്രാഹിം ലോഡി മാൻസിങ്ങിനെ വധിക്കുകയും കോട്ട പിടിച്ചടക്കുകയും ചെയ്തു. വൈകാതെ ബാബർ കോട്ട കൈവശപ്പെടുത്തി. 1542 മുതൽ കുറച്ചുകാലം ഷേർഷയുടെ അധീനധയിലായിരുന്നു. മുഗൾ രാജാവ് അക്ബർ കോട്ട പിടിച്ചടക്കുകയും അതിനെ രാഷ്ട്രീയ തടവയറാക്കുകയും ചെയ്തു. ഔറംഗസീബിന്റെ മരണശേഷം മറാഠ അധീനതയിലായ കോട്ട 1780ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. 1844ൽ കോട്ടയുടെ നിയന്ത്രണം സിന്ധ്യ രാജാക്കന്മാർക്കായി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഝാൻസി റാണിക്ക് അഭയമരുളിയതും ഈ കോട്ടയാണ്. സ്വാതന്ത്ര്യം കിട്ടുംവരെ കോട്ടയും ഗ്വാളിയോറും ഭരിച്ചിരുന്നത് സിന്ധ്യരാജാക്കന്മാരായിരുന്നു. ഇക്കാലത്ത് അവർ കോട്ടയ്ക്കുള്ളിൽ പല നിർമ്മിതികളും നടത്തി.
കോറിയിട്ട ചരിത്ര സ്മാരകങ്ങൾ
കയ്യേറ്റങ്ങളുടെയും പിടിച്ചടക്കലുകളുടെയും വീണ്ടെടുക്കലുകളുടെയും ചരിത്രമാണ് കോട്ടയുടെ കാതൽ. കോട്ടയ്ക്കകത്തും പുറത്തുമായി ഓരോ കാലത്തും നിർമിച്ച കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നീണ്ട നിരകൾ. നശിപ്പിക്കപ്പെട്ടവയും രൂപമാറ്റം വരുത്തപ്പെട്ടവയും പഴയപോലെ നിലനിൽക്കുന്നവയുമുണ്ട്. മൻമന്ദിർ പാലസ്, ഗുജരീ മഹൽ, വിക്രം മഹൽ, കരൺ മഹൽ, ഷാജഹാൻ മഹൽ, ജഹാംഗീർ മഹൽ മുതലായ പ്രധാന കൊട്ടാരങ്ങളും, സാസ് ബഹു ക്ഷേത്രങ്ങൾ, തേലി കാ മന്ദിർ എന്നിവയും അക്കാലത്തെ വാസ്തുവിദ്യാവൈഭവത്തിന്റെ നേർസാക്ഷ്യങ്ങളാണ്. കോട്ടയുടെ പടിഞ്ഞാറ് പാറയിൽ കൊത്തിയെടുത്ത 1500 വർഷം പഴക്കമുള്ള ജൈന തീർത്ഥങ്കര പ്രതിമ ലോകപ്രശസ്തമാണ്. കോട്ടയിലെ ചതുർഭുജ ക്ഷേത്രത്തിൽ ഒമ്പതാം നൂറ്റാണ്ടിലെ ലിഖിതത്തിലാണ് ലോകചരിത്രത്തിൽ ആദ്യമായി പൂജ്യം എന്ന അക്കം രേഖപ്പെടുത്തിയത്. ഗണിതശാസ്ത്രത്തിന് ഇന്ത്യയുടെ മഹത്തായ സംഭാവനയുടെ ജീവിക്കുന്ന തെളിവ്!
മൻസിംഗ് തോമർ നാല് നിലകളിൽ പണിത മൻ മന്ദിർ പാലസിന്റെ രണ്ട് നിലകളും ഭൂഗർഭ നിലകളാണ്. കലയുടെയും സംഗീതത്തിന്റെയും ആരാധകനായിരുന്ന മൻസിംഗ് കലാപരമായി നിർമ്മിച്ച കെട്ടിടമാണിത്. നീലയും പച്ചയും ടൈലുകൾ പതിച്ച മൻമന്ദിർ ഭിത്തികൾ വിസ്മയിപ്പിക്കുന്നു. നൃത്ത മണ്ഡപവും മ്യൂസിക് ഹാളും മറ്റ് സംവിധാനങ്ങളും കൊത്തുപണികളും ഹൈന്ദവ വാസ്തു കലയുടെ മകുടോദാഹരണങ്ങളാണ്. മൻസിംഗ്, പ്രാണപ്രേയസിയായ രാജ്ഞി മൃഗനയനിക്കായി നിർമ്മിച്ച മനോഹര കെട്ടിടം ഗുജാരി മഹൽ. കൊട്ടാരം ഇപ്പോൾ പുരാവസ്തു മ്യൂസിയമാണ്. ബി.സി.ഇ 300 വരെ പഴക്കമുള്ള സ്വർണ്ണം, ചെമ്പ്, അലോയ്,വെള്ളി എന്നിവ കൊണ്ടുള്ള നാണയങ്ങൾ,പ്രതിമകൾ, ലിഖിതങ്ങൾ, മൺപാത്രങ്ങൾ, ആയുധങ്ങൾ, വെങ്കല യുഗത്തിലെ ശേഷിപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
മാൻസിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് പണിത വിക്രം മഹൽ ലളിത വാസ്തുവിദ്യ ശൈലിയിലാണ്. ശിവക്ഷേത്രത്തിന്റെ രൂപഭാവങ്ങൾ. തോമർ രാജവംശത്തിലെ രണ്ടാമത്തെ രാജാവായിരുന്ന കീർത്തി സിംഗ് ആണ് 1480ൽ കരൺ മഹൽ പണിതത്. കോട്ടയിലെ ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച നാല് ക്ഷേത്രങ്ങളാണ് തെലി കാ മന്ദിർ, സാസ് ബഹു ക്ഷേത്രം , സൂര്യ ക്ഷേത്രം, ചതുർഭുജ ക്ഷേത്രം എന്നിവ. ഇവ കൂടാതെ സിദ്ധചാല് ജൈന ക്ഷേത്രം, ഉർവശിക്ഷേത്രം തുടങ്ങിയ മുപ്പത്തി രണ്ടോളം ജൈന ക്ഷേത്രങ്ങളും ചില ഗുഹാക്ഷേത്രങ്ങളും ഒട്ടേറെ ജലസംഭരണികളും ചെറുതും വലുതുമായ നിർമ്മിതികളും കൊട്ടയ്ക്കുള്ളിൽ ദൃശ്യമാണ്. കണ്ണഞ്ചിപ്പിക്കുന്ന വിശേഷങ്ങളുടെ അക്ഷയ പാത്രമാണ് കോട്ടനിറയെ. ജീവിത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഗ്വാളിയാർ, നമ്മുടെ ചരിത്രാഭിമാനത്തിന്റെ തലപ്പൊക്കമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOWLIYOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY