SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

കവിത ദാസേട്ടാ, കേൾക്കുമോ?

s

ജ്യേഷ്ഠാ, മൽപ്രിയജ്യേഷ്ഠാ

വിശ്വമാനസം നിന്നെ

ജ്യോതിസ്സെന്നപോൽ

പുണർന്നു രമിക്കുന്നു!

ജീവസ്സുറ്റനിന്നുടെ

നാദബ്രഹ്മങ്ങളാലീ

അണ്ഡകടാഹം സുഖ

നിദ്ര‌യിൽ മുഴുകുന്നു!

ഓരോ മൺതരിയിലു-

മോരോപൂവനിയിലും

ഓമൽ സംഗീതമായ്

നീയോടിയണയുന്നു!

തപ്തമാനസങ്ങളിൽ

സുഷുപ്തിയരുളുന്നു

സംഘർഷ വീഥികളിൽ

സംയമം തുകീടുന്നു!

നിന്നെ കാണുകിലതു

ദിവ്യബിംബ ദർശനം,

നിൻപാദ സേവയൊരു

പുണ്യകർമ്മവുമല്ലോ!

നിൻഗാനസരിത്തിന്റെ

കുളിർക്കാറ്റു വീശുമ്പോ-

ളെന്തലൗകികങ്ങളീ

ചരാചരങ്ങളെന്നോ!

നിന്റെ ശബ്ദധാരകൾ

ലോകദിവ്യൗഷധികൾ

ഇന്നോളവുമേൽക്കാത്ത

മധുരാർദ്രവീചികൾ!

ഹൃദ്രോഗിയുമെന്നല്ല

കരഞ്ഞീടും കൈകുഞ്ഞും

സുഖദമനസ്കരായ്

മയങ്ങാൻ തുടങ്ങീടും!

ജന്മമേന്മകളെല്ലാം

മധുരം സുവിശ്രുതം

നീയിലോകത്തിൽ നിത്യം

പ്രിയപ്പെട്ടവനായി!

എന്തിനിചെയ്യേണ്ടുനിൻ

നന്മകളുയർത്തുവാ-

നെങ്കിലുമെശസ്സിപ്പോൾ

പാടി ഞാൻ പുകഴ്ത്തട്ടെ!

നീയൊരുഗാനദേവ

പ്രവീണനായ് പടർന്നു,

ഞാൻ വെറും പാട്ടുകാരൻ

ഭൂമിയിലലയുന്നു.............!

ദുഷ്ടജനസംസർഗ്ഗം

കൊണ്ടെൻ, ജീവിതമെല്ലാം

തട്ടിത്തകർന്നുപോയി

പൊങ്ങുവാൻ കഴിയീല!

യൗവ്വനമോടിപ്പോയി

രോഗങ്ങൾ വന്നുകേറി

തൊണ്ടയിൽ കഫമൂറി

മധുരമെരിഞ്ഞുപോയി!

നിൻഗാന ശബ്ദരസം

നീട്ടിപ്പാടിനോക്കുമ്പോൾ

ദേഹം തളർന്നീടുന്നു

കുഴഞ്ഞങ്ങുവീണാലോ!

ക്ഷമിക്കൂ, നിൻഗാനങ്ങൾ

മാത്രമുച്ചത്തിൽ പാടി

തേനെങ്ങും പടർത്തിടാം

പ്രകൃതി ഉണർന്നീടാൻ!

ശേഷം ഞാൻ പാടുകില്ല

കേൾക്കുക മാത്രം ചെയ്യും

രാത്രിയോ പകലെന്നോ‌

നോക്കാതെ ശ്രവിച്ചീടും!

എങ്ങനെയീദേഹിയിൽ

നാദബ്രഹ്മങ്ങൾ തീർക്കും

മഞ്ജുള മാനസാനീ-

യത്ഭുതസൃഷ്ടിയല്ലോ!

നിനക്ക് നൽകുവാനെൻ

ഹൃദയരാഗം മാത്രം

ജീവന്നഗാധമാകും

നിസ്തുലത്തുടിപ്പുകൾ!

നിനക്ക് ദീർഘായുസ്സുഞാൻ

നിത്യവും നേരുന്നുണ്ട്

നിർമ്മല ഹൃദയനായ്

പ്രാർത്ഥന ചെയ്യുകയാം!

വിജയരാഘവൻ കളിപ്പാൻകുളം

ഫോൺ: 9645600953

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY