
ഒരു വേള പുറകോട്ടുപോയെന്റെ ചിന്തകൾ
ഒരു ഹർഷ ചോലയിൽ ആണ്ടുപോയി
ചിറകുമുളക്കാത്ത കാലത്തു ഞാനൊരു
ചിറകുള്ള പറവയെപ്പോലെ പാറീ
ചൂടറിയാതെ കളിച്ചിടും വേനലിൽ
വീടണയാൻ വൈകും കൂട്ടരെവിട്ടു ഞാൻ
മഴവന്നുനിറയുവാൻ നിനവോടിരുന്നൊരു
കടലാസ്സുതോണിയൊഴുക്കിടാനായ്
അതു തുള്ളിനീങ്ങുമ്പോൾ ആഹ്ളാദചിത്തനായ്
അറിയാതെ തുള്ളീടും ഞാനുമപ്പോൾ
അധ്യയനത്തിന്റെ പുതുവർഷമെത്തുമ്പോൾ
ആദ്യമായ് അണിയുന്ന പുത്തൻ കുപ്പായവും
പുതുമണം ചൊരിയുന്ന പുസ്തകക്കൂട്ടവും
എത്രയാണാവേശം പകരുന്നെനിക്കന്നു
എത്രയും വേഗത്തിലെത്തുവാനന്നെന്റെ
ധന്യതയാർന്നൊരാ വിദ്യാലയത്തിൽ !
ഉച്ചനേരത്ത ഇടവേള എത്തുമ്പോൾ
കൊച്ചു പൊതിച്ചോറഴിച്ചുവെക്കും
കൊതിയൂറും ഇന്നുമെൻ നാവിൽ നിറഞ്ഞൊരാ
പൊതിയിൽ നിന്നെത്തുന്ന മണമതോർത്താൽ
അമ്മതൻ കൈകൊണ്ടു 'നിർമ്മിതമായൊരു"-
ചമ്മന്തി മാത്രംമതി ഊണിനായ്
സ്നേഹം കലർത്തിയ ഭോജനത്തിൻ രുചി
ആവോളം അമ്മ പകർന്നു തന്നു.
വേർതിരിവില്ലാത്ത ചങ്ങാതിക്കൂട്ടവും
ഒത്തുചേർന്നുള്ളൊരു കേളിഘോഷങ്ങളും
മായാതെകാക്കട്ടെ പിന്മുറക്കാർ, ഓർക്കുക:
സ്നേഹസമ്പന്നമീ ബാല്യകാലം!
ജനനീ
ജനനി ഭാരതമെത്ര സുശോഭിനി
ഹരിത പുഷ്കല കാന്തിയെഴുന്നവൾ,
മതിവരില്ല പുകഴ്ത്തിയാലത്രമേൽ
മിഴികൾനട്ടു നാം നില്കുമാശോഭയിൽ !
മലകളുണ്ടു ,കുളിർനീരരുവിയാൽ
രജതമാല്യം ധരിച്ചപോലൊത്തിരി
കുളിർപവനൻ തഴുകിത്തലോടുന്ന
തടിനികളെത്ര സ്വച്ഛന്ദശീതളം.
തടവിടുന്നുണ്ടു മാലേയ സൗരഭം,
അടവികൾ ഘനഗംഭീര ശ്യാമളം,
അലകടൽ നീലച്ഛായാപുളകിതം
അകതാരിന്നു പകരുന്നു നിർവൃതി .
ഗഗനമെത്ര മനോജ്ഞം നിറമുകി
ലൊളിവിതറുന്നു കണ്കുളിർക്കുന്നിതാ ,
ചെറുകുളങ്ങൾ, നിറയുന്ന താമര
മുകുളമോ നിൽപ്പു ധ്യാനനിമീലിതം !
മഴപുണരുന്ന കാടുകൾ, പൂവുകൾ
'കള കള' സ്വനമേളിതം, സുന്ദരം
അധികവിസ്മയമാർന്നുകാണുന്നിതാ
പുളകിതോജ്ജ്വലം വർണ്ണപ്പകിട്ടുകൾ.
നിറവു തൂകുമീ സ്വർഗ്ഗസമാനത
യ്ക്കരുളുകെന്നുംനാം ധന്യാഭിവാദനം,
അറിയുകെന്നും നമുക്കായ് പ്രപഞ്ചമി
ങ്ങരുളീടുന്നൊരീ സ്നേഹസൗഭാഗ്യങ്ങൾ.
ഇപ്രപഞ്ചം നമുക്കു നന്മയ്ക്കത്രേ;
ശത്രുതവെടിഞ്ഞൊന്നിച്ചു നിൽക്ക നാം.
പൂവിനെപ്പോലും നുള്ളിനോവിയ്ക്കാതെ
മോദപൂർവ്വം പുലർത്തുകീ നന്മകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |