SignIn
Kerala Kaumudi Online
Sunday, 11 October 2026 3.46 AM IST

ജാഗ്രത

poem

ആകാശം ചുമലിലേറ്റിയവളുടെ

സ്വപ്നങ്ങളെ വിചാരണയ്ക്ക് വയ്ക്കുമ്പോൾ

വേട്ടക്കാരന്റെ ജാഗ്രതയോടെ

നീ കരുതിയിരിക്കണം

ചുറ്റികകൊണ്ട് തലച്ചോറിന്റെ

നടുവിലേയ്ക്ക് ആഞ്ഞടിക്കണം;

മരണം ഉറപ്പാക്കാതെ

ഒരു ശ്വാസം പോലും ബാക്കിയാക്കി

മടങ്ങരുത്.

ഉച്ചത്തിൽ പൊട്ടിവീഴുന്ന നിലവിളികൾ

കേൾക്കാതിരിക്കാൻ

ചെവികൾ

കൊട്ടിയടച്ചിരിക്കണം.

ഹൃദയത്തിന് ചുറ്റും

ഇരുമ്പുവേലി തീർക്കണം;

ചതിയുടെ പൊള്ളലിൽ

പൊട്ടിയൊലിക്കുന്ന

ഓർമ്മക്കഷണങ്ങളെ

ഒന്നൊന്നായി

പറിച്ചെറിയണം.

അവസാനമായി, കണ്ണുകൾ

നനയാതിരിക്കാൻ

അവളുടെ സ്വപ്നങ്ങളുടെ ഭൂപടം

തീയിൽ എറിഞ്ഞ് ചാരമാക്കണം.

അല്ലെങ്കിൽ അറിയാതെ

ആ ഭൂപടത്തിലെ ഒരു വരയിൽ

നിന്റെ വിരലുകൾ തങ്ങിപ്പോകും..

നീ കൊട്ടിയടച്ച നിന്നിലേക്കുള്ള മുൾവഴി.

പിന്നെ ഓരോ രേഖയും അവളുടെ ശ്വാസത്തിന്റെ ചൂടിൽ

വീണ്ടും ജീവിച്ചുണരും.

ഒടുക്കം നീ ചാരമാക്കിയെന്ന് കരുതിയ

സ്വപ്നങ്ങൾ

നിന്റെ ഉള്ളിൽ വേരൂന്നിത്തുടങ്ങും.

അപ്പോഴാണ് മനസ്സിലാകുക-

കൊല്ലാൻ ഏറ്റവും പ്രയാസമുള്ളത്

ഒരു മനുഷ്യനെയല്ല, ഒരാളുടെ സ്വപ്നങ്ങളെ വിശ്വസിച്ച സ്വന്തം ഹൃദയത്തെയാണെന്ന്.

പിന്നെ, കല്ലറയിലേയ്ക്കല്ലാതെ

മറ്റൊരു മടക്കയാത്രയും നിനക്കുണ്ടാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY