SignIn
Kerala Kaumudi Online
Saturday, 23 May 2026 7.15 PM IST

അനുഭവം,​ സഞ്ചാരം,​ കഥകൾ,​ കാവ്യം

ss

അറേബ്യൻ

സ്വപ്നങ്ങൾ

നാല് പതിറ്റാണ്ടുകാലം പ്രവാസ ജീവിതത്തിന്റെ കയ്പും മധുരവും അറിഞ്ഞ ഡോ. ഫ്രാൻസിസ് ക്ളീറ്റസ് എഴുതിയ 'അറേബ്യൻ സ്വപ്നങ്ങൾ" എന്ന ഗ്രന്ഥം,​ ജീവിതത്തിന്റെ മരുപ്പച്ച തേടി ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിലേക്കു ചേക്കേറിയ എല്ലാ മലയാളികളുടെയും സ്വപ്നങ്ങളുടെയും സമ്പാദ്യങ്ങളുടെ കഥ കൂടിയായിത്തീരുന്നു. പത്തേമാരിയിൽ സ്വപ്നലോകത്തേക്കു സഞ്ചരിച്ച പ്രവാസികളുടെ കാലം മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൗതുകം വരെ നിറയുന്ന രചന. ഓരോ അദ്ധ്യായത്തിനും അനുയോജ്യമായ വർണ ചിത്രങ്ങൾ സഹിതമുള്ള ഗ്രന്ഥസംവിധാനം.

പ്രസാധകർ:

ഒലിവ്,​ കോഴിക്കോട്

ഒലിവ് മലയിൽ

നിന്ന്...

യാത്രാവിവരണങ്ങൾ കഥാഖ്യാനങ്ങൾ പോലെതന്നെ രസകരമായി വായിച്ചുപോകാവുന്നവ ആയിത്തീരുന്നത്,​ അവ നമുക്ക് പരിചിതമല്ലാത്ത ഭൂമികകളിലൂടെയുള്ള അക്ഷരസഞ്ചാരമായതിനാലാണ്. അഡ്വ. സേവ്യർ ജോർജിന്റെ 'ഒലിവ് മലയിൽ നിന്ന് പുഞ്ചിരി ദേശത്തേക്ക്" എന്ന യാത്രാവിവരണ പുസ്തകം,​ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തേക്കു മാത്രമായി നടത്തിയ സഞ്ചാരത്തിന്റെ കഥയല്ല. ജോർദ്ദാൻ,​ ഇസ്രയേൽ,​ വിയറ്റ്നാം,​ തായ്ലൻഡ് തുടങ്ങി എണ്ണമറ്റ രാജ്യങ്ങളിലൂടെ ഗ്രന്ഥകാരൻ നടത്തിയ യാത്രകളിൽ നിന്നുള്ള കൗതുക വർത്തമാനങ്ങൾ അവതരിപ്പിക്കുന്ന ഗ്രന്ഥം. 160 കുറിപ്പുകളുടെ സമാഹാരം. ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയത് മനോഹരം. പി.കെ. ഗോപിയുടെയും പി.ആർ. നാഥന്റെയും മുഖവുരകൾ.

പ്രസാധകർ:

ഹരിതം,​ കോഴിക്കോട്

നീന്തിക്കയറിയ

ജീവിതം

ജലമരണങ്ങളിൽ നിന്ന് ഒരുപാടു പേർക്ക് ജീവന്റെ കാവൽ മാലാഖയായി മാറിയ ഡോ. ചാൾസൺ ഏഴിമലയുടെ ഓ‌‌ർമ്മക്കുറിപ്പുകളാണ് 'നീന്തിക്കയറിയ ജീവിതം." വെള്ളത്തിലെ ജീവൻരക്ഷാ പ്രവർത്തനങ്ങളുടെ വിവരണം മാത്രമല്ല,​ നീന്തലിനെക്കുറിച്ചുള്ള രസകരവും അപൂർവവുമായൊരു പഠനഗ്രന്ഥം കൂടിയായിത്തീരുന്നു,​ ഈ പുസ്തകം. ഓരോ കുറിപ്പും തീരെ ചെറിയവ ആയതിനാൽ വായന എളുപ്പം. അനുയോജ്യമായ ചിത്രങ്ങളുമുണ്ട്. ഗ്രന്ഥകാരനുമായി ബന്ധപ്പെട്ട് പലപ്പോഴായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളും ചിത്രങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു. ലളിതമായ രചന വായനയ്ക്ക് സുഖമേറ്റുന്നു.

പ്രസാധകർ:

ഒലിവ്,​ കോഴിക്കോട്

ബക്കിംഗ്ഹാം

പാലസ്

ബ്രിട്ടിനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ,​ രതിസംഗമത്തിന് ഏറ്റവും അനുയോജ്യമെന്ന് വിശ്വസിക്കപ്പെടുന്ന വിശേഷപ്പെട്ട കസേര കാണാൻ നാല് സുഹൃത്തുക്കൾക്ക് ആഗ്രഹമുദിക്കുന്നതിന്റെയും,​ അതിനായി അവർ നടത്തുന്ന പരിശ്രമങ്ങളുടെയും രസകരവും കൗതുകകരവുമായ ആഖ്യാനം. അധികാര ചിഹ്നങ്ങൾക്കപ്പുറം മനുഷ്യന്റെ ജൈവപരമായ വികാരത്തിന്റെയും ആസക്തിയുടെയും കഥയാണ് ഡോ. പ്രവീൺ ഇറവങ്കരയുടെ ഈ നോവൽ. വിഷയം ജൈവപരം ആയതുകൊണ്ടോ എന്തോ,​ പുസ്തകത്തിന്റെ വലിപ്പത്തിന് 'കൊച്ചു"രൂപം

നല്കിയിരിക്കുന്നത് കൗതുകകരം. വിഷയം പോലെതന്നെ ആഖ്യാനവും രസകരം.

പ്രസാധകർ:

രബീന്ദ്ര ബുക്സ്

ഋതുഭേദങ്ങളുടെ

കാവ്യപുസ്കകം

ഗബ്രിയേൽ തളിയച്ചിറയുടെ കവിതകളുടെ സമാഹാരം. കവി കെ.ജി. ശങ്കരപ്പിള്ളയുടെ ആമുഖത്തിൽ നിന്ന്: 'അന്യതയെ അതിജീവിക്കുവാൻ കവി ഗബ്രിയേലിൽ ഉണർന്ന ആത്മപ്രതിരോധവും ആത്മനിരീക്ഷണവും ആത്മസമരവും ധ്യാനക്കുറിപ്പുകൾ പോലെ സ്വച്ഛന്ദം. അന്യദേശം അന്യമോ തടവറയോ അല്ലാതാക്കുന്ന കവിതയുടെ അദ്വൈതലയം. വിഷാദാത്മകതയെ ഓർമ്മയിലും നേരിലുമുള്ള അനുഭവ വിശാലതകൊണ്ട് പ്രസാദാത്മകതയാക്കുന്ന സർഗാത്മകതയുടെ മാന്ത്രിക വിജയമാണ് ഗബ്രിയേൽ തളിയച്ചിറയുടെ കവിത. ദുർഗ്രഹമല്ല ഈ കവിതകൾ എന്നതുതന്നെ അതിനെ വായനാക്ഷമാക്കുന്നു. സത്യസന്ധത അതിനെ മനോഹരവുമാക്കുന്നു.

പ്രസാധകർ:

യെസ്‌പ്രസ്,​ പെരുമ്പാവൂർ

ഗാഥയുടെ

സുഹാന

സമകാലിക പെൺജീവിതം സമഗ്രമായി ആവിഷ്കരിക്കുന്ന 'ഉണർവിലെ സ്വപ്നം" ഉൾപ്പെടെ,​ ഗാഥ പഴയന്നൂരിന്റെ പന്ത്രണ്ട് കഥകളുടെ സമാഹാരം. പ്രമേയത്തിലെ വ്യത്യസ്തതയും ആഖ്യാനത്തിലെ ആത്മാർത്ഥതയും സമീപനത്തിലെ ആർജ്ജവവുംകൊണ്ട് മനോഹരമായിത്തീരുന്നു,​ ഓരോ കഥയും. ഗാഥയുടെ കഥകളിലെല്ലാം കഥയെഴുത്തുമായി ബന്ധപ്പെട്ട സർഗാത്മകമായ ഒരു ആകുലത കൂടി കരുതിവയ്ക്കുന്നുണ്ടെന്ന് പുസ്തകത്തിന് മുഖവുരയെഴുതിയ സുരേഷ് കീഴില്ലം കണ്ടെടുക്കുന്നു. ഓരോ ജീവിതവും ഒരു കഥയാണ്. ആ കഥകൾ ആഭരണച്ചാർത്തുകളില്ലാതെ പകർത്തുകയാണ് കഥാകാരി. കഥകൾ പരീക്ഷണങ്ങളായിത്തീരുന്ന കാലത്ത്,​ അതിനെ ജീവിതത്തിലേക്ക് വീണ്ടും ചേർത്തുവയ്ക്കുന്ന രചനകൾ.

പ്രസാധകർ:

യെസ്‌പ്രസ്,​ പെരുമ്പാവൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LITERATURE, BOOKS, , BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY