കണ്ണൂർ: ദസറ വൈബ് ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് റെഡി. പത്തു ദിവസം നഗരത്തിലെ ദസറ ദീപാലങ്കാരങ്ങൾ ഡബിൾ ഡക്കർ ബസ്സിൽ കയറി ആസ്വദിക്കാം. കണ്ണൂരിൽ ആദ്യമായാണ് ഡബിൾ ഡക്കർ ബസ്സെത്തുന്നത്. ഇന്നലെ മേയർ അഡ്വക്കറ്റ് പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ റിജിൽ മാക്കുറ്റി, ലിഷ ദീപക് എന്നിവർ ആദ്യ യാത്ര നടത്തി.
വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ദീപാലങ്കാരങ്ങൾ വ്യക്തമായി കാണുന്നതിനും എല്ലാവർക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിക്കറങ്ങുന്നതിനുമാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ്സ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
കെ.എസ്.ആർ.ടി.സിക്ക് ഒരു വരുമാനം എന്ന നിലയിലും ബസ് ഏറെ പ്രയോജനപ്പെടുമെന്നും കണ്ണൂരുകാർ ബസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. ടൂറിസം പ്രൊമോഷന്റെ ഭാഗമായി മുഴപ്പിലങ്ങാട്, പയ്യാമ്പലം തുടങ്ങി കണ്ണൂർ നഗരവും പരിസര പ്രദേശങ്ങളും ചുറ്റിക്കറങ്ങാൻ സ്ഥിരമായി ഒരു ബസ് ജില്ലയിൽ അനുവദിക്കാനുള്ള ഇടപെടൽ നടത്തുമെന്നും ദസറയിലൂടെ അതിന് തുടക്കം കുറിക്കുകയാണെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി പറഞ്ഞു. ദസറയ്ക്ക് ഇത്തരമൊരു ബസ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചപ്പോൾ ഗതാഗത മന്ത്രി സി.പി ജോൺ അത് അനുവദിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് ബസ്സ് അനുവദിച്ചു. പത്തു ദിവസത്തെ ട്രയൽ റണ്ണിന് ശേഷം പദ്ധതി വിജയകരമാണെങ്കിൽ സ്ഥിരമാക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. നിലവിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സിറ്റികളിൽ മാത്രമാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ്സുകൾ സർവ്വീസ് നടത്തുന്നത്.
നഗരം ചുറ്റാൻ 100 രൂപ
40 മിനുട്ട് നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നിന്നും എല്ലാദിവസവും വൈകീട്ട് അഞ്ചിന് സർവീസ് ആരംഭിക്കും. ആദ്യം ടൗൺ സക്വയറിൽ നിന്നും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം വരെ സഞ്ചരിക്കും. തിരിച്ച് കാൽടെക്സിലേക്ക് വരും. അവിടെ നിന്നും താണ, മുനീശ്വരൻ കോവിൽ ഭാഗങ്ങൾ സന്ദർശിച്ച് ടൗൺ സ്ക്വയറിൽ തന്നെ തിരിച്ചെത്തും. വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തു വരെയാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ദസറ ഉദ്ഘാടനത്തോടനുബന്ധിച്ച് ആറ് മണിക്കാണ് സർവീസ് ആരംഭിച്ചത്. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ 12 വരെ സർവിസ് നടത്തും. ഓരോ 40 മിനുറ്റ് കൂടുമ്പോഴും സർവീസുണ്ടാകും. തിരുവനന്തപുരത്ത് 300 രൂപ ടിക്കറ്റിൽ നടത്തുന്ന സർവ്വീസാണ് നിലവിൽ കണ്ണൂരിൽ 100 രൂപ ടിക്കറ്റിൽ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |