
ഏഴാച്ചേരി: വിജയദശമിയ്ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ഒരുക്കങ്ങൾ. പാരമ്പര്യ രീതിയിലുള്ള മണലെഴുത്തിനായി ശിവഗിരി ശ്രീ ശാരദാദേവി ക്ഷേത്രസന്നിധിയിൽ നിന്നുള്ള പവിത്രമായ പഞ്ചാരമണൽ ഇന്നലെ ക്ഷേത്രത്തിലെത്തിച്ചു. 11 മുതൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ തൂലികാപൂജ നടക്കും. 18ന് വൈകിട്ടാണ് പൂജവയ്പ്പ്. 21ന് രാവിലെ 8ന് വിദ്യാരംഭവും പൂജിച്ച പേനകളുടെ വിതരണവും മണലിലെഴുത്തും നടക്കും.
മല്ലികശ്ശേരി ഈട്ടിക്കൽ ഇ.കെ.രാജനാണ് ശിവഗിരിയിലെ പഞ്ചാരമണൽ സമർപ്പിച്ചത്. മണൽ സമർപ്പണവേളയിൽ അക്ഷരാചാര്യസ്ഥാനം വഹിക്കുന്ന റിട്ട.ഹെഡ്മിസ്ട്രസ് ലീലാ ഗോവിന്ദനും സന്നിഹിതയായിരുന്നു. ക്ഷേത്രഭരണസമിതി അംഗങ്ങളായ ടി.എൻ.സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, തങ്കപ്പൻ നായർ കൊടുങ്കയം, ജയചന്ദ്രൻ വരകപ്പള്ളിൽ, പ്രസന്നകുമാർ, അജിത് പുളിക്കൽ, ആർ.സുനിൽകുമാർ എന്നിവർ ചേർന്ന് പഞ്ചാരമണൽ കിഴി എഴുന്നള്ളത്തിനെ വരവേറ്റു.
ഇരുപത് വർഷമായി തുമ്പയിൽ രാമകൃഷ്ണൻ നായരാണ് തൂലികാ പൂജയ്ക്കുള്ള പേനകൾ സമർപ്പിക്കുന്നത്. തൂലികാ സമർപ്പണം ശനിയാഴ്ച നടക്കും. 11ന് ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ തൂലികാപൂജയ്ക്ക് തുടക്കമാകും. തുടർന്ന് വിജയദശമി നാളിൽ പ്രായഭേദമന്യേ ഭക്തർ പവിത്രമായ മണലിൽ 'ഹരിശ്രീ" കുറിക്കും. വിജയദശമി നാളിൽ എത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പൂജിച്ച പേന പ്രസാദമായി നൽകുമെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എൻ.സുകുമാരൻ നായർ, മീഡിയ കോഓർഡിനേറ്റർ ആർ.സുനിൽകുമാർ എന്നിവർ പറഞ്ഞു. ഫോൺ: 9745260444.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |