കോഴിക്കോട്: ഒന്ന് കടലുകാണണമായിയിരുന്നു. ബസുകയറി ഓട്ടോപിടിച്ച് കോഴിക്കോട് ബീച്ചിലെത്താൻ വയ്യ. ഏറെ അവശതയുള്ളവർ. 'അത്താണി' കട്ടയ്ക്ക് കൂടെ നിന്നപ്പോൾ 125 കിടപ്പുരോഗികൾ ആംബുലൻസിലെത്തി കടലുകണ്ടു, വെള്ളം തൊട്ട് നാവിൽ വെച്ച് ഉപ്പറിഞ്ഞു. വീൽചെയറിൽ എത്തിയവരെ സംഘാടകർ കടലിൽ ഇറക്കിയപ്പോൾ പലരുടെയും കണ്ണിലും ഉപ്പുവെള്ളം നിറഞ്ഞു.. ജീവിതം നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ നിരവധി മനുഷ്യരുടെ ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെയും കരുതലത്തിന്റെയും വെളിച്ചം പകർന്നാണ് കോഴിക്കോട് ബീച്ചിൽ 'കടലോളം 2.0' ഹൃദയസ്പർശിയായ അനുഭവമായി മാറിയത്. നരിക്കുനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററായ 'അത്താണിയുടെ' ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്‌നേഹസംഗമം സംഘടിപ്പിച്ചത്. നൂറോളം ആംബുലൻസുകളിലായി അത്താണിയുടെ സംരക്ഷണത്തിലും പരിചരണത്തിലുമുള്ള 125 കിടപ്പ് രോഗികൾ തങ്ങളുടെ പരിമിതികളെല്ലാം മറന്ന് ബീച്ചിലെത്തിയപ്പോൾ വേറിട്ട കാഴ്ചയായി.
മേയർ ഒ. സദാശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ അസുഖങ്ങളും ശാരീരിക അവശതകളും കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും സംരക്ഷിക്കാനും ഉള്ള വലിയൊരു ദൗത്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സുലൈമാൻ കാരാടൻ അദ്ധ്യക്ഷത വഹിച്ചു. അത്താണി ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. 2005ൽ ഒരു കിടപ്പുരോഗിയെ പരിചരിക്കുന്നതിനായി ആരംഭിച്ച അത്താണിയുടെ തണലിൽ ഇന്ന് ഏഴു പഞ്ചായത്തുകളിലായി എണ്ണൂറോളം രോഗികൾക്ക് പാലയേറ്റീവ് പരിചരണം നൽകിവരുന്നുണ്ട്. ഡയലൈസിസ് സെന്റർ, ഫിസയോതെറാപ്പി സെന്റർ, റീഹാബിലറ്റേഷൻ യൂണിറ്റ്, എമർജൻസി ഹോം കെയർ, സൈക്യാട്രി ക്ലിനിക്ക്, പോളി ക്ലിനിക്ക് തുടങ്ങിയ നിരവധി സേവനങ്ങളാണ് അത്താണിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഈ മാസം 22 മുതൽ 25 വരെ അത്താണിയുടെ ഇരുപതാം വാർഷികത്തിന്റെ സമാപനവും വീട് സന്ദർശനവും നരിക്കുനി അത്താണിയിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |