
തൃശൂർ: അരണാട്ടുകരയിൽ നേതാജി ഹാളിന്റെ അവസ്ഥയിലേക്ക് നീങ്ങി അയ്യന്തോളിലെ പ്രിയദർശിനി ഹാളും. സാധാരണക്കാർക്ക് വിവാഹങ്ങളും മറ്റു ചടങ്ങുകളും ചെലവ് കുറഞ്ഞ് നടത്താൻ സാധിച്ചിരുന്ന ഒളരി മദർ ആശുപത്രിക്ക് മുന്നിലെ കോർപ്പറേഷന്റെ പ്രിയദർശിനി ഹാൾ പൊളിച്ചിട്ട് വർഷങ്ങളായി. ഇനി ഇതിനെ ഹാളാക്കി മാറ്റണമെങ്കിൽ വേണം ആറു കോടിയോളം രൂപ.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണ് പഴയ കെട്ടിടം പൊളിച്ചതും പുതിയ ഹാളിന് എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം ആരംഭിച്ചതും. എന്നാൽ ഇപ്പോഴും പാതിവഴിയിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പ്രിയദർശിനി ഹാളിന്റെ നിർമ്മാണം.
2023ൽ 5,47,61,619 രൂപയ്ക്കാണ് ടെണ്ടർ ചെയ്തത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല കരാറുകാരൻ ഇനിയും ഒരു കോടിയോളം രൂപ നൽകാനുണ്ട്. വർഷങ്ങളായി നിലച്ചിരിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം ഏങ്ങനെ പൂർത്തികരിക്കുമെന്ന് ആലോചിക്കുകയാണ് പുതിയ ഭരണ സമിതി. തിരഞ്ഞെടുപ്പുകൾ ലക്ഷ്യമാക്കി നിർമ്മാണോദ്ഘാടനങ്ങൾ നടത്തി പാതിവഴിയിൽ പദ്ധതികൾ ഉപേക്ഷിക്കുകയാണ് എൽ.ഡി.എഫ് ഭരണ സമിതി ചെയ്തിരുന്നതെന്നും ആരോപണമുണ്ട്.
ഇനിയും വേണം ആറുകോടിയോളം
പ്രിയദർശിനി ഹാളിന്റെ നിർമ്മാണം നിലവിലെ സാഹചര്യത്തിൽ പൂർത്തീകരിക്കണമെങ്കിൽ ഇനിയും ആറുകോടിയോളം ആവശ്യമാണ്. കോർപ്പറേഷൻ പ്രോജക്ട് സെക്ഷന്റെ മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം. ഓഡിറ്റോറിയത്തിന്റെ നിർമ്മാണം, ഇലക്ട്രിഫിക്കേഷൻ, ലിഫ്റ്റ് നിർമ്മാണം, ഫയർ സിസ്റ്റം സ്ഥാപിക്കൽ തുടങ്ങി പ്രവർത്തനങ്ങൾ ഇനിയും ഏറെ. സ്ട്രക്ചറൽ വർക്ക്, പ്ലംബിംഗ് വർക്ക്, ഗ്രാനൈറ്റ് വർക്ക്, വാട്ടർപ്രൂഫിംഗ്, സൗണ്ട് പ്രൂഫിംഗ്, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ് സിസ്റ്റം തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സ്ട്രക്ചറൽ ഡ്രോയിംഗിൽ വന്ന വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ ഒറിജിനൽ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിരുന്ന പ്ലംബിംഗ് വർക്ക്, ഗ്രാനൈറ്റ് വർക്ക്, സൗണ്ട് പ്രൂഫിംഗ്, പെയിന്റിംഗ്, റെയിൻവാട്ടർ ഹാർവസ്റ്റിംഗ് തുടങ്ങിയ പ്രവൃത്തികൾ ഒഴിവാക്കിയിരുന്നു.
ആവശ്യമായ തുക
പ്രിയദർശിനി ഹാൾ പൂർത്തീകരണ പ്രവർത്തികൾ -2.50 കോടി
ഹാളിൽ ഇലക്ട്രിഫിക്കേഷൻ ലിഫ്റ്റ് നിർമ്മാണം - 2.50 കോടി
ഫയർ ഫൈറ്റിംഗ് സിസ്റ്റം സ്ഥാപിക്കൽ- 1.00 കോടി
കോർപ്പറേഷന്റെ പല ഭാഗങ്ങളിലും ഇത്തരം നിരവധി പദ്ധതികളാണ് കഴിഞ്ഞ ഭരണ സമിതി പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുള്ളത്. ഇതെല്ലാം പുനഃരുദ്ധരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഭരണ സമിതിക്ക് മുന്നിലുള്ളത്.
-എ.പ്രസാദ്, ഡെപ്യുട്ടി മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |