സുൽത്താൻ ബത്തേരി: മൈസൂരു ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ബന്ദിപ്പുര വനപാതയിലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാഴ്ചയോളം നീളുന്ന ദസറ ആഘോഷങ്ങൾ കാണാനെത്തുന്ന വയനാട്ടുകാരും വിനോദസഞ്ചാരികളും രാത്രി ഒമ്പതിനുള്ളിൽ വനപാത കടക്കേണ്ടിവരുന്നത് ആഘോഷങ്ങൾക്ക് തടസമാകുന്നുവെന്നാണ് ആരോപണം. ഉത്സവകാലത്തെങ്കിലും കേരളം, കർണാടക സർക്കാരുകൾ ഇടപെട്ട് താത്കാലിക യാത്രാ ഇളവ് അനുവദിക്കണമെന്നാണ് ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യം. മൈസൂരു ദസറയ്ക്ക് തുടക്കമായതോടെ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ബന്ദിപ്പുര വനപാതയിലെ രാത്രി യാത്രാനിരോധനം കാരണം വൈകുന്നേരങ്ങളിൽ മൈസൂരുവിലെത്തുന്നവർക്ക് രാത്രിയിലെ പരിപാടികൾ പൂർണമായി ആസ്വദിക്കാനാകാതെ നേരത്തേ മടങ്ങേണ്ടിവരുന്നു. സമയപരിധി പാലിക്കാൻ യാത്ര നേരത്തേ ആരംഭിക്കേണ്ടിവരുന്നതും കുടുംബാംഗങ്ങളുൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രയാസമുണ്ടാക്കുന്നു.
ദസറ ആഘോഷങ്ങളുടെ ദിവസങ്ങളിലെങ്കിലും നിയന്ത്രിത സമയക്രമത്തിലോ പ്രത്യേക അനുമതിയിലൂടെയോ യാത്രാ ഇളവ് അനുവദിച്ചാൽ വയനാട്ടുകാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനും ജില്ലയിലെ വ്യാപാരവിനോദസഞ്ചാര മേഖലകൾക്ക് നേട്ടമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
വ്യാപാരികൾക്ക്
നേട്ടമാകുന്നില്ല
ദസറക്കാലം മൈസൂരുവിലെ ആഘോഷങ്ങൾ കാണാനെത്തുന്നവരും വയനാട് വഴി യാത്ര ചെയ്യുന്നവരും ജില്ലയിലെ ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് വരുമാനം നൽകിയിരുന്ന കാലമാണ്. രാത്രിയാത്രാ നിരോധനത്തെത്തുടർന്ന് സഞ്ചാരികളുടെ വരവ് കുറയുന്നതും വയനാട് വഴിയുള്ള യാത്ര ഒഴിവാക്കുന്നതും പ്രാദേശിക സമ്പദ് വയവസ്ഥയെബാധിക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി.
കൂടുതൽ ബസ് സർവീസുകൾ
വേണമെന്നാവശ്യം
ദസറയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വയനാട് മേഖലയിലേക്കുള്ള സർവീസുകളുടെ എണ്ണം പരിമിതമാണെന്ന പരാതിയുമുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ദസറയുടെ പ്രധാന
ആകർഷണങ്ങൾ
ചാമുണ്ഡിമലയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പൂജകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. കൊട്ടാരവും നഗരവീഥികളും വൈദ്യുതദീപാലങ്കാരത്തിൽ തിളങ്ങുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൈസൂരുവിലെത്തുമെന്നാണ് പ്രതീക്ഷ. ദീപാലങ്കാരങ്ങൾ, ഡ്രോൺ പ്രദർശനം, വ്യോമസേനയുടെ എയർ ഷോ, വിജയദശമി ദിനത്തിലെ ജംബൂ സവാരി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |