
തിരുവനന്തപുരം: പ്രതിരോധ, പവർ ഇലക്ട്രോണിക്‌സ് മേഖലയിൽ പുതിയ പദ്ധതികളുമായി കെൽട്രോൺ. പ്രതിരോധ മേഖലയിലെ സ്വയംനിയന്ത്രിത അണ്ടർവാട്ടർ വെസലായ 'ജൽകാപിക്ക്' ആവശ്യമായ സോണാർ നിർമ്മാണം സിസ്‌റ്റം ഇന്റഗ്രേഷൻ ഘട്ടത്തിലേക്ക് കടന്നു. മലപ്പുറം കുറ്റിപ്പുറത്തെ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിൽ പദ്ധതിയുടെ പുതിയ ഘട്ടം വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സോണാറിന് ആവശ്യമായ ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ അരൂരിലെ കെൽട്രോൺ കൺട്രോൾസിലും സെൻസറുകൾ (ട്രാൻസ്ഡ്യൂസറുകൾ) കുറ്റിപ്പുറത്തെ യൂണിറ്റിലുമാണ് നിർമ്മിച്ചത്.
കൂടംകുളം അണുശക്തി നിലയത്തിലെ 5,6 യൂണിറ്റുകൾക്കാവശ്യമായ പവർ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൻ.പി.സി.ഐ.എൽ) എക്‌സിക്യുട്ടീവ് ഡയറക്ടർ സുഭാശിഷ് റോയിയിൽ നിന്നും തിരുവനന്തപുരം കരകുളം കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ് അധികൃതർ ഏറ്റുവാങ്ങി. ആദ്യമായാണ് എൻ.പി.സി.ഐ.എൽ കരാർ നേരിട്ട് കെൽട്രോണിന് ലഭിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ ആദ്യ 100 ദിന കർമ്മ പരിപാടികളിൽ കെൽട്രോൺ സമർപ്പിച്ച പ്രതിരോധ-പവർ ഇലക്ട്രോണിക്സ് മേഖലയിലെ എല്ലാ പദ്ധതികളും പൂർത്തിയായി.
ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ അജിത്കുമാർ, നാവികസേന ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (സബ്മറൈൻ ഡിസൈൻ) കമ്മഡോർ ഡോ. അമിത് റേ, എ.ടി. ആലം, ആനന്ദ്.പി, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, കെൽട്രോൺ ഇലക്ട്രോ സെറാമിക് മാനേജിംഗ് ഡയറക്ടർ ജേക്കബ് തരകൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |