ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സിജെപിയും നടത്തിയ പ്രതിഷേധത്തിൽ ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ. മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി പാർട്ടി ഡൽഹി അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജ് എന്നിവരടക്കമുള്ള നേതാക്കളും കസ്റ്റഡിയിലായി. ഗ്യാനേഷിന്റെ രാജിക്ക് പുറമേ എസ്.ഐ.ആർ നിറുത്തിവയ്ക്കണമെന്നും ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൂടാതെ വിഷയത്തിൽ സമഗ്രമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവും സി.ജെ.പി അടക്കമുള്ള രാഷ്‌ട്രീയ സംഘടനങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.
കോൺഗ്രസ്, ഇടത് സംഘടനകൾ, വിദ്യാർഥി സംഘടനകൾ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് അനുമതി നിഷേധിച്ചിരുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയതായാണ് വിവരം.
ഗാന്ധിജയന്തി ദിനത്തിൽ മുംബയിലെ ശിവാജി പാർക്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടന്നു. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ആയിരക്കണക്കിന് പേർ ദേശീയപതാകകളും പ്ലക്കാർഡുകളുമായി ശിവാജി പാർക്കിലെത്തി. കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നടന്മാരായ നസറുദ്ദീൻ ഷാ, ഷബാന ആസ്മി, സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെയായിരുന്നു മുംബയിൽ പ്രതിഷേധറാലിക്ക് തുടക്കമിട്ടത്.
വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷവും വിവിധ സംഘടനകളും ഉന്നയിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കമ്മീഷനിലെ അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ജയ്പൂരിലും അഹമ്മദാബാദിലും പ്രതിഷേധങ്ങൾ നടന്നു. എസ്‌ഐആർ നടപടിയിൽ കൂടുതൽ സുതാര്യത ആവശ്യപ്പെട്ടായിരുന്നു ജയ്പൂരിലെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. അഹമ്മദാബാദിൽ ഗുജറാത്ത് സർവകലാശാലയ്ക്ക് മുന്നിലും ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടന്നു.
Protests demanding Chief Election Commissioner Gyanesh Kumar's resignation led to over 700 detentions in Delhi, including leaders. Similar large-scale demonstrations occurred in Mumbai on Gandhi Jayanti despite police denial. Participants alleged voter list irregularities, also calling for halting SIR and an independent investigation into the electoral process.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |