SignIn
Kerala Kaumudi Online
Thursday, 14 May 2026 6.29 AM IST

തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി,​ സുബിത്തിന്റെ വിജയ രഹസ്യമിതാണ്

Increase Font Size Decrease Font Size Print Page
Add as a preferred source on Google
subuth

കൊല്ലം: മാലി​ന്യ കേന്ദ്രമായി​ കി​ടന്ന ഒരേക്കർ പാട്ടത്തി​നെടുത്ത് വൃത്തി​യാക്കി​ സുബി​ത്ത് നടത്തി​യ തണ്ണി​മത്തൻ കൃഷി​യി​ൽ നൂറുമേനി​.

അദ്ധ്വാനിക്കാൻ മനസുണ്ടെങ്കിൽ വി​ജയം ഒപ്പമുണ്ടെന്ന് തെളിയിക്കുകയാണ് ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിലെ സീനിയർ ഇൻസ്ട്രക്ടറായ സുബിത്ത്.

പുത്തൂർ പൂവറ്റൂർ സി.എച്ച്.സിക്കു സമീപം കാടു പി​ടി​ച്ചു കി​ടന്ന സ്ഥലമാണ് കഠി​നാദ്ധ്വാനത്തി​ലൂടെ കൃഷി​യോഗ്യമാക്കി​യത്. ആദ്യഘട്ട വിളവെടുപ്പിൽ തന്നെ അര ടണ്ണിലേറെ തണ്ണിമത്തനാണ് വിറ്റഴിച്ചത്. 'സുപ്രീത്' ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് സുബിത്ത് ഇവിടെ പരീക്ഷിച്ചത്. തണ്ണിമത്തനോടൊപ്പം സൂര്യകാന്തിയും ചോളവും കൃഷിയിടത്തിൽ വിജയകരമായി വിളയിച്ചെടുക്കാനായി​.

തണ്ണി​മത്തൻ കൃഷി​സ്ഥലം ഉൾപ്പെടെ മൊത്തം പന്ത്രണ്ട് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ മൂവായിരത്തിലധികം വാഴകളും പരിപാലിക്കുന്നുണ്ട്. തണ്ണിമത്തനും പച്ചക്കറികൾക്കും പുറമെ വാഴക്കൃഷിയും പ്രധാന വരുമാന മാർഗ്ഗമാണ്.

കൃഷിയുടെ ഓരോ ഘട്ടത്തിലും കടുത്ത വെല്ലുവിളി നേരി​ട്ടി​ട്ടുണ്ട്. തൈകൾ മുളച്ചു തുടങ്ങിയപ്പോൾ മയിലുകളും കായ്ച്ചു തുടങ്ങിയപ്പോൾ കാട്ടുപന്നികളും കൃഷി നശിപ്പിക്കാൻ എത്തിയെങ്കിലും സുബിത്തിന്റെ ചിട്ടയായ പരിചരണത്തിന് മുന്നിൽ ഇവ വഴിമാറി. ഐ.ടി.ഐയിലെ ജോലിത്തിരക്കുകൾക്കിടയിലും തൊഴിലാളികളുടെ സഹായത്തോടെയാണ് സുബിത്ത് ഈ നേട്ടം കൈവരിച്ചത്.

കറുത്ത നെല്ലും!

നേരത്തെ കറുത്ത നെല്ല് ഉൾപ്പെടെയുള്ള വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ സുബിത്ത് ശ്രദ്ധ നേടി​യി​രുന്നു. വിളവെടുത്ത തണ്ണിമത്തൻ കൃഷിയിടത്തിൽ തന്നെ വില്പന നടത്തിയപ്പോൾ മികച്ച പ്രതി​കരണമാണ് ഉണ്ടായത്. ഇനിയും ഒരു ടണ്ണിലേറെ വിളവെടുക്കാനുണ്ട്.

പൂവറ്റൂർ ശ്യാമളത്തിൽ താമസിക്കുന്ന സുബിത്തിന് പിന്തുണയുമായി ഭാര്യ അപർണയും മക്കളായ അഗ്നി ഭഗത്തും അഗ്നിജ തൻവിയും കൂടെയുണ്ട്. വേനൽച്ചൂടിൽ നാട്ടുരുചിയുള്ള തണ്ണിമത്തനും മറ്റ് കാർഷിക ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് കാർഷികരംഗത്ത് മാതൃകയാവുകയാണ് ഈ അദ്ധ്യാപകൻ.

തുടക്കത്തിൽ മയിലുകളുടെയും പന്നികളുടെയും ശല്യം വലിയ വെല്ലുവിളിയായിരുന്നു എങ്കിലും കൃത്യമായ പരിചരണത്തിലൂടെ അത് മറികടക്കാൻ സാധിച്ചു. ഗുണമേന്മയുള്ള വിഷരഹിത ഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം. തരിശായി കിടക്കുന്ന നമ്മുടെ മണ്ണിൽ അധ്വാനിക്കാൻ നമ്മൾ തയ്യാറായാൽ മികച്ച വിജയം കൊയ്യാമെന്നാണ് ഈ വിളവെടുപ്പ് തെളിയിക്കുന്നത്. ഇനിയും കൃഷി കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം." - സുബിത്ത്.

Add as a preferred source on Google
TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY