കെ പി.സി.സി പുന:സംഘടിപ്പിക്കുന്നതും കൈലാസമെടുത്ത് അമ്മാനമാടുന്നതും ഒരേ അദ്ധ്വാനമാണെന്ന് ബോദ്ധ്യമുള്ള ഒരേയൊരാൾ ചോമ്പാല ഗാന്ധി മുല്ലപ്പള്ളിയാണ്. മുള്ള്, മുരട്, മൂർഖൻ പാമ്പ് തൊട്ട് കല്ല്, കരട്, കാഞ്ഞിരക്കുറ്റി വരെ ഒരേയളവിലും ഒരേയനുപാതത്തിലും വിഘാതം സൃഷ്ടിച്ച് നിരന്നു നിരിക്കും. അക്കൂട്ടത്തിൽ ചില മൂർഖൻപാമ്പുകൾ ഏത് ഗാന്ധിസ്വരൂപമാണ് ധരിക്കുകയെന്ന് പോലും നിശ്ചയമുണ്ടാവില്ല. ചിലപ്പോളത് ചെന്നിത്തലഗാന്ധിയുടെ രൂപത്തിലാകാം. അതല്ലെങ്കിൽ കുമ്പളങ്ങിയിലെ തോമസ് മാഷിന്റെ രൂപത്തിലാകാം. അതുമല്ലെങ്കിൽ സാക്ഷാൽ ഓ.സി ഗാന്ധിയുടെ രൂപത്തിൽ തന്നെയാകാം. എങ്ങനെയെന്നൊന്നും ആർക്കും നിശ്ചയിക്കാനാവില്ല. പാലാഴിമഥനത്തിനൊടുക്കം ധന്വന്തരി അമൃതകുംഭവുമായി എത്തിയപാടേ അമൃതുമായി കടന്നുകളഞ്ഞ അസുരന്മാരെ പോലെ തക്കം പാർത്തിരിക്കുന്ന ഗാന്ധിമാരും ചിലപ്പോൾ ഉണ്ടായെന്നുവരും. അവർ ചിലപ്പോൾ ഇന്ദിരാഭവൻ മന്ദിരത്തെ തന്നെ ഇളക്കിയെടുത്ത് പറന്നെന്നിരിക്കും. ഇത്തരം സകലമാന പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ തക്ക മെയ്വഴക്കമുള്ള ഗാന്ധിയാണ് ചോമ്പാല ഗാന്ധി മുല്ലപ്പള്ളി. സകല മുള്ള്, മുരട്, മൂർഖൻപാമ്പുകളെയും മറികടന്ന് കെ.പി.സി.സി പുന:സംഘടന നടത്തിയെടുക്കുകയെന്നത് ചില്ലറ കാര്യമല്ല. ഏതെല്ലാം ഏടാകൂടങ്ങളാണ്, ഏതൊക്കെ രൂപത്തിലാണ് അവതരിക്കുകയെന്നൊന്നും രാഹുൽമോന് പോലും നിശ്ചയമില്ലാത്തതാണ്. അവിടെയാണ് നിത്യാഭ്യാസി ആനയെയുമെടുക്കും എന്ന് പറഞ്ഞ മാതിരി, ചോമ്പാലഗാന്ധി നിസാരമായി കാര്യം സാധിച്ചെടുത്തത്.
പ്രസിഡന്റേതായാലും നമുക്കും കിട്ടണം പദവി എന്ന നിലപാടിലായിരുന്നു കൊടിക്കുന്നിൽഗാന്ധിയും സുധാകരഗാന്ധിയും. തലയിരിക്കുമ്പോൾ വാല് വേറെ ആടാൻ വേണോ എന്ന് ചോമ്പാലഗാന്ധി വെറുതെ ചോദിച്ചുനോക്കുകയുണ്ടായി. വാല് ആടുന്നെങ്കിൽ മാത്രം തലയും ആടിയാൽ മതിയെന്ന ശാഠ്യത്തിൽ കൊടിക്കുന്നിൽഗാന്ധി ആ ചോദ്യത്തെ നിഷ്കരുണം ഖണ്ഡിച്ചുകളഞ്ഞു. എങ്കിൽ പിന്നെ വർക്കിംഗെങ്കിൽ വർക്കിംഗ്, അവിടെയിരുന്നോട്ടെയെന്ന് ചോമ്പാലഗാന്ധിയും കരുതി. ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട് എന്ന പക്ഷക്കാരനായ ചോമ്പാലഗാന്ധിയാകട്ടെ, വർക്കിംഗും പോരാഞ്ഞ് പത്ത്- പന്ത്രണ്ട് വൈസ് പ്രസിഡന്റുമാരെ കൂടി തട്ടിക്കൂട്ടിക്കളഞ്ഞു. കൊടിക്കുന്നിൽഗാന്ധി ഇത് കണ്ടിട്ട് മോഹാലസ്യപ്പെടണോ കുന്തം വിഴുങ്ങിയിരിക്കണോ എന്ന് ചിന്തിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
വർക്കിംഗായും നോൺ വർക്കിംഗായും വൈസായുമൊക്കെ ചേർത്ത് കെ.പി.സി.സിക്കെത്ര പ്രസിഡന്റുമാരുണ്ട് എന്ന് ചോദിക്കുന്നത്, കോട്ടയത്തെത്ര മത്തായിമാരുണ്ട് എന്ന് ചോദിക്കുന്നത് പോലെ വൃഥാവേലയാണെന്ന് ധരിക്കുന്നെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. രണ്ട് വർക്കിംഗും പന്ത്രണ്ട് വൈസും ചേർത്താൽ ഓരോ ജില്ലയ്ക്കും ഓരോ കെ.പി.സി.സി എന്ന മട്ടിൽ വികേന്ദ്രീകരിക്കാൻ സാധിക്കും. കാസർകോട്ടെ കെ.പി.സി.സി പ്രസിഡന്റിന് തിരുവനന്തപുരത്തെ കെ.പി.സി.സി പ്രസിഡന്റിനെ നോക്കേണ്ട കാര്യമില്ല. പഴയ കാലമല്ല. അധികാരവികേന്ദ്രീകരണത്തിന്റെ കാലമാണ് നാട്ടിലെങ്ങും. അപ്പോൾ കെ.പി.സി.സി മാത്രമായി പഴയ മട്ടിൽ ഒരു പ്രസിഡന്റിനെയും വച്ചിരുന്നിട്ട് കാര്യമില്ല. ഓരോ കെ.പി.സി.സിക്ക് കീഴിൽ വേണമെങ്കിൽ ഈ രണ്ട് ഡി.സി.സികൾ ആകാവുന്നതാണ്. അങ്ങനെയാവുമ്പോൾ കാസർകോട് കെ.പി.സി.സി പ്രസിഡന്റിന് കീഴിൽ ഡി.സി.സി പ്രസിഡന്റ്- ഒന്നാമൻ, ഡി.സി.സി പ്രസിഡന്റ്- രണ്ടാമൻ എന്ന മട്ടിൽ പുതിയ സംവിധാനവും പരീക്ഷിക്കാനാവും.
കാര്യങ്ങളൊക്കെ ഒരു വിധം ഭംഗിയായെങ്കിലും എല്ലാം കഴിഞ്ഞപ്പോൾ മുല്ലപ്പള്ളി ഗാന്ധിക്ക് മുന്നിൽ വലിയൊരു വൈതരണി രൂപപ്പെട്ട് നിൽക്കുകയാണ്. അത് ഇന്ദിരാഭവൻ കെട്ടിടത്തിന്റെ ഉറപ്പിനെ ചൊല്ലിയുള്ള ആശങ്കയാണ്. ലോകത്തെ ഏറ്റവും ഭാരമേറിയ കെട്ടിടമേതെന്ന ചോദ്യത്തിന് ഉത്തരമിപ്പോൾ തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ ഇന്ദിരാഭവൻ ആണെന്നായിട്ടുണ്ട്. ഇത്രയും ഭാരവാഹികളെ (ഇനി വരാനിരിക്കുന്നതും) താങ്ങി ഒരു മന്ദിരത്തിന് നിൽക്കുക അസാദ്ധ്യമാണെന്ന് ചെന്നൈ ഐ.ഐ.ടിയിലെ അടക്കം വിദഗ്ദ്ധരായ സ്ട്രക്ചറൽ എൻജിനിയർമാർ വിസ്മയം പൂണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ അദ്ഭുതമന്ദിരത്തെ അവർ ഗിന്നസ് ബുക് ഒഫ് വേൾഡ് റെക്കാഡ്സിലേക്ക് ശുപാർശ ചെയ്തതായാണ് വിവരം. കാക്കത്തൊള്ളായിരം ഭാരവാഹികളുടെ ഭാരം താങ്ങാൻ മാത്രം ശേഷിയുള്ള കെട്ടിടത്തിൽ കാര്യക്കാരനായി നിൽക്കുകയെന്നത് ചെറിയ പണിയല്ല. അതുകൊണ്ടുതന്നെ ചോമ്പാലഗാന്ധി മുല്ലപ്പള്ളി ആളൊരു ചെറിയ പുള്ളിയല്ല എന്ന് കൂടി ഓർമ്മിപ്പിച്ചുകൊള്ളട്ടെ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |