SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.35 PM IST

മോൻസൺ കേസിൽ സത്യവാങ്മൂലം; ഹൈക്കോടതി ഇടപെടൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ

m

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കേസിൽ ഹർജിക്കാരൻ ഉന്നയിക്കാത്ത കാര്യങ്ങളും കേസിലെ നിർണായക വിവരങ്ങളും ഹൈക്കോടതി ചർച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനുവേണ്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.

കേസിൽ സി.ബി.ഐയെ ഇടപെടുത്താനുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അമിതാവേശം ലഘുവായി കാണാനാവില്ല. സി.ബി.ഐ അന്വേഷണം ആവശ്യമില്ല. അജിത്തിനെതിരെ മോൻസൺ നൽകിയ പരാതികൾ കളവാണെന്ന് പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഹർജിയുടെ ലക്ഷ്യം നിറവേറി. അതിനാൽ ഹർജിയിലെ തുടർനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ഡിസംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി.

കോടതി നേരത്തെ ചോദിച്ചതും

സത്യവാങ്മൂലത്തിലെ മറുപടിയും

കോടതി: വിവിധ റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുള്ളതിനാൽ അന്വേഷണം ഫലപ്രദമാകുമോ?

സത്യവാങ്മൂലം: എസ്.പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെ ഹർജിക്കാരൻ ആരോപണം ഉന്നയിച്ചിട്ടില്ല.

കോടതി: മോൻസണിന് വിദേശത്തുള്ളയാളുമായി ബന്ധമുണ്ടെന്ന് പൊതുസമൂഹത്തിൽ ആരോപണമുണ്ടല്ലോ?

സത്യവാങ്മൂലം: പൊതുസമൂഹം അഭിപ്രായപ്പെട്ടതിന്റെ തെളിവുകളൊന്നും കോടതിയുടെ മുന്നിലില്ല. ഇത്തരം കഥകൾക്കെല്ലാം ഔദ്യോഗികമായി മറുപടി പറയാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഇതൊന്നും ഹർജിയിൽ പറയുന്ന കാര്യവുമല്ല.

കോടതി: കണ്ടതിനെക്കാൾ കൂടുതൽ വസ്തുതകൾ കേസിൽ ഉണ്ടല്ലോ?

സത്യവാങ്മൂലം: സത്യം പുറത്തു കൊണ്ടുവരാനുള്ള എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഇതിനായി പുറത്തു നിന്നൊരു ഏജൻസി ആവശ്യമില്ല. അന്വേഷണ സംഘത്തിനു ലഭിക്കുന്ന നിർണായക വിവരങ്ങൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നത് അന്വേഷണം നിഷ്ഫലമാക്കും.

 ഇ.ഡിക്കെതിരെ

സമീപകാലത്തെ ചില കേസുകളിൽ സംസ്ഥാന സർക്കാരിനെതിരെ ഇ.ഡി സ്വീകരിച്ച നിലപാടുകൾ ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സി.ബി.ഐയെ ഇടപെടുത്തണമെന്ന ഇ.ഡിയുടെ സ്റ്റേറ്റ്മെന്റ് കരുതിക്കൂട്ടിയുള്ളതാണ്. നിലവിലെ അന്വേഷണത്തിൽ പോരായ്മയുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിട്ടില്ല. ക്രിമിനൽ കേസുകളിൽ ഫലപ്രദമായി അന്വേഷണം നടത്താൻ പൊലീസ് പര്യാപ്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA