SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

അറിയണം,​ കുട്ടി മനസുകളെ

akruvatta-

പ്രായക്കാരായ ചങ്ങാതിമാരെ നിയോഗിച്ച സംഭവം വർദ്ധിച്ചുവരുന്ന ടീനേജ് വയലൻസിനെ കുറിച്ചും അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള പേടികൾ ഉണർത്തുന്നു. നിറവേറ്റാനാകാത്ത മോഹങ്ങൾ നിഷേധിക്കുമ്പോൾ മാതാപിതാക്കളെ ഉപദ്രവിക്കുന്ന കൗമാരപ്രായക്കാരെ കുറിച്ച് ധാരാളമായി ഇപ്പോൾ ക്ലിനിക്കൽ സാഹചര്യങ്ങളിൽ കേൾക്കാറുണ്ട്. കുട്ടികൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിൽ സമ്മർദ്ദത്തിലായി കീഴടങ്ങുന്നവരാണ് പലരും.


വീടുകളുടെ ചുമരുകളിൽ ഒതുങ്ങി നിൽക്കുന്നത് പുറത്തേക്കും പടരാൻ തുടങ്ങുന്നു. തീവ്രത വർദ്ധിക്കാൻ ആരംഭിക്കുന്നു. കേരളത്തിലും കൗമാര മാനസികാരോഗ്യം ഒരു മുൻഗണന വിഷയമായി മാറുന്നു. ശരിതെറ്റുകളെ വിലയിരുത്താനുള്ള പാകത രൂപപ്പെട്ടു വരുന്ന കാലത്താണ് ഇത്തരം ഓരോ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അത് പൂർണതയിൽ എത്തിയിട്ടുണ്ടാകില്ല. എന്നാൽ കൗമാരസഹജമായ നിഷേധങ്ങൾ കാരണം അവർ അത് അംഗീകരിക്കുന്നുമുണ്ടാവില്ല.

പുതിയ ലോകവും നവസാങ്കേതിക വിദ്യകളും കുട്ടികളെ മുതിർന്നവരുടേതായ കുരുത്തക്കേടുകളുമായും, പെരുമാറ്റങ്ങളുമായും അകാലത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ കൊച്ചു തലച്ചോറിലേക്ക് അക്രമവും, ലൈംഗികതയുമൊക്കെ കലർന്ന ഉള്ളടക്കങ്ങൾ പല വഴികളിലൂടെ കടന്നുകയറുന്ന കാലമാണിത്.


സൃഷ്ടിപരമായും വിമർശനാത്മകമായും ഈ കാഴ്ചകളെയും കേൾവികളെയും വിലയിരുത്താനുള്ള പ്രാപ്തി കുട്ടികളിൽ വളർത്തിയെടുക്കാൻ പള്ളിക്കൂടങ്ങളും മാതാപിതാക്കളും ശ്രദ്ധിക്കുന്നുണ്ടോ? കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും, പ്രായത്തിന് ചേരുന്നതുമായ ബദൽ പ്രവൃത്തികളിലേക്ക് ആകർഷിക്കാനുള്ള എന്ത് ശ്രമങ്ങളാണ് നടക്കുന്നത്? കുട്ടികൾ ഇടപെടുന്ന സോഷ്യൽ മീഡിയ ഉൾപ്പെടെ എല്ലാ മാദ്ധ്യമ അനുഭവങ്ങളും അവരുമായി ചർച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നുണ്ടോ? അക്രമം ഉൾപ്പെടെയുള്ള പെരുമാറ്റങ്ങൾ എന്തുകൊണ്ട് അനുകരണീയമല്ലെന്ന ബോദ്ധ്യം അദ്ധ്യാപകരോ മാതാപിതാക്കളോ നൽകുന്നുണ്ടോ? കുട്ടികളെ അറിയാൻ വേണ്ടി അവരെ കേൾക്കാൻ ക്ഷമകാട്ടുന്ന മാതാപിതാക്കൾ കുറയുന്നുണ്ടോ?.

ഇതൊക്കെ ചെയ്തില്ലെങ്കിൽ അപകടമാണ്. വിവേചന ബുദ്ധി നൽകുന്ന തലച്ചോറിന്റെ ഭാഗങ്ങൾക്ക് മൂപ്പെത്താത്ത പ്രായത്തിൽ അതൊക്കെ വിലക്കില്ലാതെ പ്രയോഗത്തിൽ വരുത്താനുള്ള ഉൾപ്രേരണകൾ നിയന്ത്രിക്കാൻ പറ്റാതെ പോകും. കുടുംബത്തിൽ പ്രശ്‌നങ്ങളുള്ള കുട്ടികളിലും, പെരുമാറ്റ വൈകല്യങ്ങൾ ഉള്ളവരിലും, അവഗണന നേരിടുന്നവരിലും ഈ അപകടസാദ്ധ്യത കൂടുതലുമാണ്. അത് ഇഷ്ടനായകന്റെ ലഹരി ആവേശമാകാം, കത്തി വീശലാകാം, പക വീട്ടലാകാം, കുറ്റകൃത്യങ്ങളിലൂടെ പണമുണ്ടാക്കുന്ന സ്റ്റൈലാകാം, ലൈംഗികതയുമാകാം.

പ്രായത്തിന് ചേരാത്ത

രഹസ്യ മനസ്
പ്രായത്തിന് ചേരാത്ത ആശയങ്ങൾ ഒരു രഹസ്യ മനസുണ്ടാക്കാൻ പല കുട്ടികളെയും പ്രേരിപ്പിക്കുന്നുണ്ട്. സ്വകാര്യമായി പലതും ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കൂട്ടുകെട്ടുകൾ ഓൺലൈനിൽ പോലും ഉണ്ടായേക്കാം. അവർ കുട്ടിയെ നല്ല ദിശയിലേക്ക് നയിക്കുന്നവരാകണമെന്നില്ല. കരുവാറ്റയിലെ പെൺകുട്ടിയുടെ ചങ്ങാത്തത്തിലും ഈ ദോഷം കാണാം. ഇതൊക്കെ അനുവദനീയമായ പുതു നോർമൽ പെരുമാറ്റമെന്ന് ബോദ്ധ്യപ്പെടുത്താനാകും സമപ്രായക്കാർ പലരും ശ്രമിക്കുക. പല പെരുമാറ്റങ്ങളും സുഖം നൽകുന്നതോ, താത്കാലിക നേട്ടങ്ങളോ ഉണ്ടാക്കുമെന്നതു കൊണ്ട് കൗമാര പ്രായക്കാർ വിശ്വസിക്കുകയും ചെയ്യും.

നവകാല വളർത്തലിന്റെ ദൗത്യങ്ങൾ

പണ്ടൊക്കെ റിയൽ ലോകത്തിലെ സമപ്രായക്കാരുടെ സ്വാധീനം മാത്രമാണുണ്ടായിരുന്നത്. റീൽ ലോകവും, ഡിജിറ്റൽ സ്വാധീനവും വന്നപ്പോൾ ആർക്കും കുട്ടിയെ സ്വാധീനിക്കാമെന്നായി. ഈ സങ്കീർണ സാഹചര്യത്തിൽ കുട്ടിയെ അറിയുകയെന്നത് പ്രധാനമാണ്. മൂപ്പെത്താത്ത മനസിൽ വീഴുന്ന പുതുബോംബുകളെ നിർവീര്യമാക്കുന്നതും നവകാല വളർത്തലിലെ ദൗത്യമാണ്. പ്രായത്തിന് ചേരാത്ത ശീലങ്ങളും അനുഭവങ്ങളും സ്വഭാവ രൂപീകരണത്തെ തകരാറിലാക്കുമെന്ന ചിന്ത വിശ്വസനീയമായ രീതിയിൽ അദ്ധ്യാപകരും മുതിർന്നവരും സൃഷ്ടിച്ചെടുക്കുകയും വേണം.

ഇവരെ വീണ്ടെടുക്കണം

അക്രമവാസനയിലേക്കും കുറ്റകൃത്യങ്ങളിലേക്കുമൊക്കെ പോകാനിടയുള്ള പെരുമാറ്റങ്ങൾ കുട്ടികളായിരിക്കെ പ്രകടിപ്പിക്കാം. നിഷേധ സ്വഭാവം, എതിർത്തു പറയൽ, അനുസരണ ഇല്ലായ്മ, അമിതമായ ദ്വേഷ്യം, മറ്റുള്ളവരെ ഉപദ്രവിക്കൽ, വസ്തുവകകൾ നശിപ്പിക്കൽ, അടിപിടി ഉണ്ടാക്കുന്നവരുമായി ചങ്ങാത്തം, പള്ളിക്കൂടത്തിൽ കയറാതെ ചുറ്റിത്തിരിയൽ, ലഹരി ഉപയോഗിക്കൽ ഇവയൊക്കെ കുറ്റകൃത്യങ്ങളിലേക്ക് പോകാനിടയുള്ള കുട്ടികളിലെ പെരുമാറ്റങ്ങളാണ്.

ഇവ തിരിച്ചറിഞ്ഞു വീണ്ടെടുക്കാൻ മാതാപിതാക്കളും, അദ്ധ്യാപകരും പരാജയപ്പെടുമ്പോഴാണ് 'കുട്ടിക്രിമിനൽ' പിറക്കുന്നത്. വീഴ്ച സമൂഹത്തിന്റേതാണ്. കുറ്റകൃത്യങ്ങളിലും അക്രമവാസനകളിലും കുടുങ്ങുന്ന ഭൂരിപക്ഷം കുട്ടികളുടെയും ജീവിതത്തിൽ ഒത്തിരി അപ്രിയങ്ങളായ ജീവിത പരിസരങ്ങളുണ്ട്. പ്രതികൂല ജീവിത സാഹചര്യങ്ങളിൽ കുടുങ്ങി കുറ്റകൃത്യങ്ങളുടെ വഴിയേ പോകുന്ന ഇത്തരം കൗമാരപ്രായക്കാർക്ക് നല്ല രീതിയിൽ വളരാൻ ബദൽ സംവിധാനം ഒരുക്കാൻ പരാജയപ്പെട്ടോയെന്ന് കൂടി സമൂഹം ചോദിക്കേണ്ടതുണ്ട്.


(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റും, സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY