
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലിന്റെ കാര്യം മഹാകഷ്ടം! മഴക്കാലത്ത് നാല് നദികളിൽ നിന്ന് ഒഴുകിയെത്തുന്ന ജലം ഉൾക്കൊള്ളാൻ കായലിന് ആകുന്നില്ല. എക്കലും ചെളിയും അടിഞ്ഞുകൂടിയതാണ് കാരണം. ഇതുമൂലം മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം പുറത്തേക്ക് പരന്നൊഴുകുന്നു. ഇത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പലഭാഗങ്ങളെയും വെള്ളത്തിൽ മുക്കുന്നു.
120 വർഷത്തിനിടെ വേമ്പനാട്ടു കായലിന്റെ സംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞുവെന്നാണ് രണ്ടു വർഷം മുമ്പ് സ്വാമിനാഥൻ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ശരാശരി ആഴം 8.5 മീറ്ററിൽ നിന്ന് 1.87 മീറ്ററായി. ജലം ഉൾക്കൊള്ളാനുള്ള വേമ്പനാട്ടു കായലിന്റെ ശേഷി 2617.5 മില്യൺ ക്യൂബിക് മീറ്ററിൽ നിന്ന് 387. 87 മില്യൺ ക്യുബിക്ക് മീറ്ററായി കുറഞ്ഞു.
പ്രളയജലത്തിന്റെ പത്തു ശതമാനം ഉൾക്കൊള്ളാനേ വേമ്പനാട്ടു കായലിനു ഇപ്പോൾ കഴിയുന്നുള്ളൂ. ബാക്കി വീടുകളിലും കൃഷിയിടങ്ങളിലും കയറി ദിവസങ്ങളോളം കെട്ടിനിന്നു ജനങ്ങളെ ദുരിതത്തിലാക്കുന്നു.
എക്കലും ചെളിയും കുന്നുകൂടി വേമ്പനാട്ടു കായലിന്റെ പല സ്ഥലത്തും ചെറുതുരുത്തുകൾ രൂപപ്പെട്ടു. കായലിന്റെ ശരാശരി ആഴം 2.5 മീറ്ററാണെങ്കിലും പല സ്ഥലത്തും ഒരു മീറ്ററിൽ താഴെയേ ഉള്ളൂ. കായലിന്റെ അടിത്തട്ടിൽ ജലസസ്യങ്ങൾ വളർന്ന് വെള്ളത്തിനു മുകളിലെത്തി. പലയിടത്തും ആമ്പൽ പാടങ്ങളും കായലിനു മുകളിൽ പടർന്നു നിൽക്കുന്നു.
ആഴം കുറഞ്ഞ് കായൽ
മീനച്ചിലാറിന്റെയും കൈവഴികളുടെയും ആഴത്തേക്കാൾ കുറവാണ് വേമ്പനാട്ടു കായലിലെ പല സ്ഥലങ്ങളും. ഈ സ്ഥിതി തുടർന്നാൽ വർഷങ്ങൾ കഴിയുമ്പോൾ പല തുരുത്തുകളായി വേമ്പനാട്ടുകായൽ മാറുന്ന ഗുരുതര സ്ഥിതി ഉണ്ടാകുമെന്ന മുന്നറിയിപ്പ് പരിസ്ഥിതി വിദഗ്ദ്ധർ നൽകുന്നു.
പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല ആറുകളാണ് വേമ്പനാട്ടുകായലിൽ പതിക്കുന്നത്. പഴുക്കാനിലം, വെട്ടിക്കാട്, മുത്തേരിമട, മുത്തന്റെ നട, കൊഞ്ചുമട, നാലുപങ്ക്, നസ്രത്ത് ബോട്ടുജട്ടി, കവണാർ, പെണ്ണാർ, കൈപ്പുഴമുട്ട്, വാച്ചാപറമ്പ്, ചൂളങ്കലുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ തോടുകളും ആറുകളും വേമ്പനാട്ടു കായലിൽ പതിക്കുന്നിടത്തെല്ലാം ആഴം കുറഞ്ഞു. ഇക്കാരണത്താൽ മലവെള്ളം കായലിലേക്ക് പതിക്കാനാകാതെ സമീപ പ്രദേശങ്ങളെ വെള്ളത്തിൽ മുക്കുകയാണ്.
വെള്ളത്തിന് ഇറങ്ങിപോകാൻ സ്ഥലമില്ലാത്തതിനാൽ വെള്ളക്കെട്ട് ദിവസങ്ങളോളം തുടരുന്നു. എത്ര വെള്ളവും ഉൾക്കൊണ്ടു കടലിലൊഴുക്കേണ്ട വേമ്പനാട്ടു കായലിന്റെ ഇപ്പോഴത്തെ ഈ ദു:സ്ഥിതിയാണ് വർഷങ്ങളായി മദ്ധ്യകേരളത്തിലെ വെള്ളപ്പൊക്കത്തിന് കാരണം.
എക്കലും പ്ലാസ്റ്റിക് മാലിന്യവും
എക്കലിനൊപ്പം ടൺ കണക്കിന് മാലിന്യം വേമ്പനാട്ടു കായലിൽ ഒഴുകിയെത്തുന്നു. ഓരോ വെള്ളപ്പൊക്കത്തിലും എത്തുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രം ടൺ കണക്കിനുണ്ട്. 4376 ടൺ പ്ലാസ്റ്റിക് മാലിന്യം 2018ലെ പ്രളയത്തിനു മുമ്പേ കായലിന്റെ അടിത്തട്ടിലുണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത് നീക്കം ചെയ്തിട്ടില്ല. എക്കലിൽ പൂണ്ട് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്താൽ തന്നെ കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കായലിനാകും.
തുരുത്തുകൾക്കു പുറമേ നദീമുഖങ്ങളിൽ വൻ മൺതിട്ടകൾ രൂപപ്പെട്ടിട്ടുള്ളതും വെള്ളം ഒഴുകുന്നതിന് തടസമാകുന്നു. കിഴക്കു മഴപെയ്തു ഒഴുകിയെത്തുന്ന വെള്ളം കായലിനു പകരം കരയിലേക്കു കയറുന്നതാണ് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിനു കാരണമാകുന്നത്.
ഒഴുക്കു സുഗമമാക്കണം:
ഡോ.കെ.ജി. പത്മകുമാർ
കടലിലേക്ക് വെള്ളം ഒഴുക്കാനാവാതെ കായലിൽ ഉണ്ടാകുന്ന തടസങ്ങളാണ് വെള്ളപ്പൊക്കത്തിനു കാരണമാകുന്നതെന്ന് കുട്ടനാട് കായൽ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി. പത്മകുമാർ പറയുന്നു. ആറുകളും തോടുകളും വേമ്പനാട്ടുകായലിൽ പതിക്കുന്ന സ്ഥലത്തെ എക്കൽ നീക്കി ഒഴുക്കു സുഗമമാക്കണം. ആറിന്റെയും തോടുകളുടെയും വശങ്ങളിലെ തരിശുപാടങ്ങൾ ബൈപ്പാസ് കനാലുകളാക്കി മാറ്റുന്നത് വെള്ളം ഒഴുകുന്നതിന് സഹായകമാകും.
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |