SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ഓട്ടോക്കാരന്റെ ആത്മഹത്യ

READ ENGLISH VERSION
a

കൈക്കൂലി കൊടുത്തില്ലെന്ന കാരണത്താൽ ഓട്ടോയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ജീവിതമാർഗം വഴിമുട്ടിയ ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം മോട്ടോർ വാഹന വകുപ്പിലെ കൊടിയ അഴിമതിയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മോട്ടോർ വാഹന വകുപ്പ് എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും അതൊന്നും ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. കാരണം അത്രമാത്രം അഴിമതിയിൽ മുങ്ങിയ വകുപ്പാണിതെന്ന് അറിയാത്തവർ ആരുമില്ല. ചോദ്യപേപ്പർ ചോർന്നപ്പോൾ അതിനെ സാധൂകരിക്കാൻ ദേശീയ പരീക്ഷാ ഏജൻസിയും ഇതുപോലെ പല ന്യായങ്ങൾ പറഞ്ഞിരുന്നു. അവസാനം ജെൻസികളുടെ പ്രക്ഷോഭം വേണ്ടിവന്നു പരീക്ഷാസമ്പ്രദായം അടിമുടി മാറ്റാനുള്ള പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ. അതിനാൽ ഒറ്റപ്പെട്ട സംഭവമാണെങ്കിലും സർക്കാർ ഇത് അതിഗൗരവമായി കണക്കിലെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാനും മാറ്റങ്ങൾ വരുത്താനും അടിയന്തരമായി തയ്യാറാകണം.

കിഴിശ്ശേരി മുണ്ടംപറമ്പ് ആനക്കല്ലിങ്ങൽ സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് തന്റെ ആത്മഹത്യയ്ക്കു മുമ്പ് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. അതിൽ പറയുന്ന ഒരു വരിയും അവിശ്വസിക്കേണ്ട കാര്യമില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി പത്തുമാസമാണ് ഇയാൾ എം.വി.ഡി ഓഫീസുകൾ കയറിയിറങ്ങിയത്. ഇതിനിടെ ബാങ്ക് വായ്‌പാ തിരിച്ചടവും മുടങ്ങി. മോട്ടോർ വാഹന വകുപ്പിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടിയിൽ ഗതികെട്ടാണ് ജീവിതം വഴിമുട്ടിയ വേളയിൽ ഇയാൾ ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് മന്ത്രി ഉത്തരവും ഇട്ടിട്ടുണ്ട്. ഈ നടപടികൾ വെറും തൊലിപ്പുറത്തെ ചികിത്സകൾ മാത്രമാണ്. ഇതുകൊണ്ടൊന്നും പരിഹരിക്കാനാവുന്നതല്ല മോട്ടോർ വാഹന വകുപ്പിലെ അഴിമതി. മാത്രമല്ല ഈ വകുപ്പിലെ അഴിമതിക്കാരെല്ലാം ഒറ്റക്കെട്ടാണ്. അവർ സമ്പാദിക്കുന്ന അവിഹിത സ്വത്ത് ഭരണ നേതൃത്വത്തെപ്പോലും വെല്ലുവിളിക്കാൻ അവരെ പ്രാപ്തരാക്കിയിട്ടുണ്ട്.

2025 നവംബർ 13നാണ് ഫിറ്റ്‌നസ് പരിശോധനയ്ക്കായി ഷൗക്കത്ത് കൊണ്ടോട്ടി സബ് ആർ.ടി. ഓഫീസിലെത്തിയത്. ഏജന്റുമാരെ ഒഴിവാക്കിയതിനാൽ പെയിന്റിംഗിലെ സൂക്ഷ്‌മമായ പോരായ്മകൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. എം.വി.ഡി ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യുന്നത് തന്നെ കൈക്കൂലി നൽകി ഏജന്റു വഴി സമീപിക്കാൻ വേണ്ടിയാണ്. ഒരുമാതിരിപ്പെട്ടവരൊക്കെ ആ വഴിയാണ് കാര്യം നടന്നുകിട്ടാൻ സ്വീകരിക്കുന്നത്. എന്നാൽ ഷൗക്കത്ത് അതിന് തയ്യാറായില്ല. അതിന് പകരം അയാളുടെ ജീവൻ നൽകേണ്ടിവന്നു എന്ന നിർഭാഗ്യകരമായ സംഭവമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഷൗക്കത്ത് പെയിന്റിംഗ് പ്രശ്നം പരിഹരിച്ച് വീണ്ടും ചെന്നപ്പോൾ ഓട്ടോയുടെ വശങ്ങളിലെ സ്റ്റീൽകമ്പികൾ മുറിച്ചുമാറ്റണമെന്നായി. ഇങ്ങനെ ഖണ്ഡശ്ശയായി കുറ്റങ്ങൾ ചൂണ്ടിക്കാട്ടാൻ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കരുത്. ഇതെല്ലാം കൈക്കൂലിക്കുള്ള വഴികളാക്കിയാണ് അവർ മാറ്റിയെടുത്തിട്ടുള്ളത്.

ഷൗക്കത്തിന്റെ ഓട്ടോയിലെ സ്റ്റീൽവർക്ക് നിയമവിരുദ്ധമല്ലെന്ന് കഴിഞ്ഞ രണ്ടുതവണ സർട്ടിഫൈ ചെയ്തത് ഇതേ എം.വി.ഡി തന്നെയാണെന്നും പൊലീസ് പറയുന്നു. സമാനമായ സ്റ്റീൽവർക്കുള്ള നിരവധി ഓട്ടോകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി 11 തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും ഒരു ഗുണവും ഉണ്ടായില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും പ്രതികരണമുണ്ടായില്ല. സംസ്ഥാനത്ത് ഓടുന്ന ഭൂരിപക്ഷം ഓട്ടോകളും ലോണെടുത്ത് വാങ്ങിയിട്ടുള്ളവയാണ്. ഒരു ദിവസം ഓട്ടം മുടങ്ങിയാൽപോലും അത് അവരുടെ കുടുംബത്തെയും ലോൺ തിരിച്ചടവിനെയും പ്രതികൂലമായി ബാധിക്കും. സാധാരണക്കാരനെ ആത്മഹത്യയിലേക്ക് നയിക്കാൻ പറ്റുന്ന രീതിയിലാവരുത് നിയമങ്ങൾ നടപ്പാക്കേണ്ടത്. കൈക്കൂലി വാങ്ങുന്നവർ നിയമം പറയുന്നത് പോത്ത് വേദമോതുന്നതിന് തുല്യമാണ്. ഇത്തരം ദുരന്തങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള സമൂലമായ പരിഷ്കാര നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY