SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

കാക്കിക്കുള്ളിലെ സൗമ്യതയും സ്‌നേഹവും

a

മുൻകാലങ്ങളിൽ പൊലീസിനെപ്പറ്റി ജനത്തിനും ജനങ്ങളെപ്പറ്റി പൊലീസിനും പല തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. യൂണിഫോമിട്ടാൽ സൗമ്യതയും വിനയവും പാടില്ല എന്ന് ചിന്തിച്ചിരുന്നവരാണ് ഏറെയും. കൊമ്പൻമീശയും അസഭ്യവർഷവും ആക്രോശവും പൊലീസിന്റെ ഗാംഭീര്യം കൂട്ടുമെന്ന ധാരണയായിരുന്നു അക്കൂട്ടരെ നയിച്ചിരുന്നത്. മീശപിരിച്ച് വിരട്ടിയാലേ പ്രതികൾ കുറ്റം സമ്മതിക്കുകയുള്ളു എന്നതായിരുന്നു അവരുടെ ന്യായം. മേലധികാരികളിൽ പലരും അതിന് നിശബ്ദമായി പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു.

പണ്ടൊക്കെ കായികശേഷിയും ബലവും ഉള്ളവരാണ് പൊലീസിൽ കൂടുതലായും നിയമിക്കപ്പെട്ടിരുന്നത്. ബലം കൊണ്ടല്ല ബുദ്ധിയും തന്ത്രവും കൊണ്ടാണ് കുറ്റവാളികളെ കീഴടക്കേണ്ടതെന്ന ചിന്തയുള്ള മേലുദ്യോഗസ്ഥരുടെ എണ്ണം കൂടിയതോടെ പൊലീസുകാരിലും ആ മനോഭാവം വളർന്നു. പൊലീസിൽ അഭ്യസ്തവിദ്യരുടെ എണ്ണം വർദ്ധിച്ചതും ഇതിന് സഹായകമായി.

മൂന്നാം മുറയും ലോക്കപ്പിലെ പ്രതികളുടെ നിലവിളികളും പൊലീസ് സ്റ്റേഷനിൽ ന്യായമായ പരാതി നൽകുന്നതിന് പോലും തടസമായിരുന്നു. കുറ്റവാളികൾ മാത്രമേ പൊലീസിനെ ഭയക്കേണ്ടതുള്ളൂ. നീതിയും ന്യായവും നടപ്പാക്കാൻ സഹായിക്കുന്ന സർക്കാർ സംവിധാനമാണ് പൊലീസെന്ന ധാരണ ഇപ്പോൾ പൊതുജനത്തിനുണ്ട്. അതുകൊണ്ടുതന്നെ നിർഭയരായി പരാതികൾ നൽകാൻ അവർ മുന്നോട്ടുവരുന്നുണ്ട്. രാവും പകലും കഠിനാദ്ധ്വാനം ചെയ്യുന്നവരാണ് പൊലീസുകാർ. കുറ്റകൃത്യങ്ങളുടെ മേഖല വിപുലമായതോടെ അവരുടെ ജോലിഭാരവും വർദ്ധിച്ചിട്ടുണ്ട്. അതിനു തക്ക പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതി പൊതുവേയുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സഹായിക്കാനും പൊലീസിനു കഴിയും എന്ന ചിന്താഗതിയുള്ളവർ ധാരാളം. ഇടുക്കി സ്റ്റേഷനിലെ എസ്.ഐ ടി.ബി. ബിബിൻ അതിനൊരു ഉദാഹരണമാണ്.

ഉത്രാട ദിനത്തിൽ ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ടുനിന്ന മദ്ധ്യവയസ്കനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ഈ യുവ പൊലീസ് ഉദ്യോഗസ്ഥൻ സേനയ്ക്കാകെ അഭിമാനവും മാതൃകയുമായി മാറിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലെ ഓണം സ്റ്റാറായി തിളങ്ങിനിൽക്കുന്നു ബിബിൻ. ആഗസ്റ്റ് 25ന് രാവിലെ 11.30ന് ഭാര്യയുമായി വഴക്കിട്ട് പ്രവാസിയായിരുന്ന തടിയമ്പാട് കാർത്ത്യായനിക്കവല സ്വദേശി കടുംകൈയ്ക്കു മുതിർന്നു. മുറിക്കുള്ളിൽ കയറി വാതിലടച്ചു കഴുത്തിൽ കയറിട്ടു. സംഗതി പന്തിയല്ലെന്നു കണ്ട് ഭാര്യ കൺട്രോൾറൂമിലേക്കു വിളിച്ചു. മിനിട്ടുകൾക്കകം ബിബിനും സംഘവും സ്ഥലത്തെത്തി. സ്‌‌നേഹം കൊണ്ടേ ഈയവസരത്തിൽ കീഴടക്കാനാകൂ എന്നു മനസിലാക്കിയ എസ്.ഐ 'ഒരു മോനാണെന്ന് വിചാരിക്കൂ. ആ കയറഴിക്കൂ ചേട്ടാ' എന്ന് സ്‌നേഹവും കരുതലും കലർന്ന സ്വരത്തിൽ വിളിച്ചുപറഞ്ഞു. ആ സ്‌നേഹശരം കൊള്ളേണ്ടിടത്തു കൊണ്ടു. 'അയാൾ മരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. ആ സമയം അങ്ങനെ പറയാനാണ് തോന്നിയത്. ആളെ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യ'മെന്ന് ബിബിൻ പറയുന്നു.

പൊലീസിന്റെ ഈ സൗമ്യസ്വരവും സഹായഹസ്തവും ഒരാളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒരു കുടുംബത്തിൽ വരാനിരുന്ന പല ആശങ്കകളും അങ്ങനെ ഒഴിവായി. ഇത്തരത്തിലുള്ളവർ പൊലീസിന് സൽപ്പേരുണ്ടാക്കും. അധികാരികൾ ഈ ശൈലിയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കുറേ മുമ്പ് ചടയമംഗലത്ത് ഒരു പ്രൊബേഷൻ എസ്.ഐ ഹെൽമറ്റ് വയ്ക്കാത്ത പ്രശ്നം വല്ലാതെ വഷളാക്കി. ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ആൾ ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കണമെന്ന് എസ്.ഐ നിർബന്ധംപിടിച്ചു. വിസമ്മതിച്ച വൃദ്ധനായ യാത്രക്കാരന്റെ മുഖത്തടിച്ചു കാലുകൾ പൊക്കി ജീപ്പിലേക്ക് എടുത്തിടുകയായിരുന്നു. ബിബിന്റെ പ്രായം പോലും ഇല്ലായിരുന്നു ആ പൊലീസുദ്യോഗസ്ഥന്. പ്രായമല്ല പക്വതയും മനുഷ്യത്വവുമാണ് ജനത്തെ സംരക്ഷിക്കേണ്ട പൊലീസിനെ നയിക്കേണ്ടത്. ബിബിൻ തെളിച്ച പാതയിലൂടെ കൂടുതൽ പൊലീസുകാർ സഞ്ചരിക്കട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY