
ആശങ്കയുടെ കേന്ദ്രമാകുകയാണ് കേരളത്തിലെ റോഡുകൾ. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നതും അപകടങ്ങളുണ്ടാക്കുന്നതും പതിവായി. ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുമായുള്ള അപകടയാത്രകളും കൂടുന്നു.
നിയമങ്ങളോടുള്ള അവഗണനയും രക്ഷിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മയും നിയമപാലനത്തിലെ വീഴ്ചകളും ചേരുമ്പോൾ ഇരയാകുന്നത് പലപ്പോഴും സാധാരണക്കാരാണ്. കൊച്ചി ചെരാനല്ലൂരിൽ ജഡ്ജി പുത്രനായ 17 വയസുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഒക്ടോബർ 25ന് പുലർച്ചെയായിരുന്നു അപകടം. പ്രതിയുടെ അച്ഛൻ ജഡ്ജി ആയതിനാൽ കേസിലെ നിയമനടപടികളുടെ സുതാര്യതയെക്കുറിച്ചും പൊതുസമൂഹത്തിൽ ചോദ്യങ്ങളുയർന്നു.
മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മൂഴിയാലിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്. കേരളത്തെ നടുക്കിയ നിമിഷമായിരുന്നു അത്. അപകടമുണ്ടാക്കിയത് പത്തൊൻപതുകാരനായ സമ്പന്നപുത്രനും.
വാഹനമോടിക്കൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല. മറ്റുള്ളവരുടെ ജീവനും സുരക്ഷയും സംരക്ഷിക്കേണ്ട സാമൂഹിക ഉത്തരവാദിത്വമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കാറും ബൈക്കും നൽകുന്ന രക്ഷിതാക്കൾ ഇക്കാര്യം തിരിച്ചറിയണം. കുട്ടിയുടെ ആഗ്രഹ സാധീകരണത്തിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ ആർക്കും അവകാശമില്ല.
മോട്ടോർ വാഹന നിയമം, 1988-ലെ നാലാം വകുപ്പ് പ്രകാരം 18 വയസ് പൂർത്തിയാകാതെ ഡ്രൈവിംഗ് പാടില്ല. നിയമത്തിലെ 181-ാം വകുപ്പ് ലൈസൻസില്ലാത്ത ഡ്രൈവിംഗുമായി ബന്ധപ്പെട്ട നടപടികൾക്ക് വ്യവസ്ഥ ചെയ്യുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ഉത്തരവാദിത്വം ചുമത്താൻ 199എ വകുപ്പും വ്യവസ്ഥ ചെയ്യുന്നു. അപകടത്തിന്റെ സ്വഭാവമനുസരിച്ച് ഭാരതീയ ന്യായ സംഹിതയിലെ അശ്രദ്ധമായ ഡ്രൈവിംഗ്, അശ്രദ്ധമൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങളും ബാധകമായേക്കാം.
എന്നാൽ നിയമം എല്ലാവർക്കും ഒരുപോലെ നടപ്പാകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. പ്രതിയുടെ കുടുംബപശ്ചാത്തലം, സാമ്പത്തികശേഷി, സാമൂഹിക സ്വാധീനം എന്നിവയൊന്നും അന്വേഷണത്തെ ബാധിക്കരുത്.
ജഡ്ജിയുടെ മകനായതുകൊണ്ട് ഒരാൾ കുറ്റക്കാരനാകില്ല. എന്നാൽ ജഡ്ജിയുടെ മകനാണെന്ന കാരണത്താൽ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനും പാടില്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതിയ്‌ക്ക് നിയമപരമായ അവകാശങ്ങളുണ്ട്. അതേസമയം ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നിഷ്‌പക്ഷമായ അന്വേഷണം ഉറപ്പാക്കേണ്ടത് അധികാരികളാണ്.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് പ്രത്യേക നടപടിക്രമങ്ങളുണ്ട്. അതിനാൽ ജാമ്യം കിട്ടിയതുകൊണ്ട് മാത്രം കുറ്റവിമുക്തനായെന്നു കരുതാനാവില്ല. തെളിവുകൾ ശേഖരിക്കുകയും നിയമാനുസൃതമായി അന്വേഷണം പൂർത്തിയാക്കുകയും വിചാരണയിലൂടെ ഉത്തരവാദിത്വം നിർണയിക്കുകയും വേണം. നിയമപരമായ നടപടിക്രമം പാലിക്കുന്നത് നീതിയുടെ ഭാഗമാണ്. അതിന്റെ മറവിൽ അന്വേഷണം വൈകുകയോ കുറ്റം മറച്ചുവയ്‌ക്കുകയോ ചെയ്യരുത്.
ചെരാനല്ലൂരിൽ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് സഹതാപവാക്കുകൾ മാത്രമല്ല വേണ്ടത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ അന്വേഷണം, കുറ്റം തെളിയുന്നപക്ഷം നിയമാനുസൃതമായ നടപടി, അർഹമായ നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കണം. സാധാരണ തൊഴിലാളിയുടെ മരണം അയാളുടെ കുടുംബത്തിന്റെ വരുമാനവും ഭാവിയും തകർക്കുമ്പോൾ, ആ നഷ്ടം വാർത്തയായി ചുരുക്കാൻ സമൂഹത്തിന് അവകാശമില്ല.
പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കൽ തടയാൻ പൊലീസും മോട്ടോർ വാഹനവകുപ്പും സ്കൂളുകളും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണം. ലൈസൻസില്ലാത്ത ഡ്രൈവിംഗിനെതിരെ പരിശോധന ശക്തമാക്കണം. അപകടസാദ്ധ്യതയുള്ള റോഡുകളിൽ വേഗനിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണം. റോഡു സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം സ്കൂൾതലത്തിലേ ശക്തമാക്കണം.
നിയമം സാധാരണക്കാരെ ഭയപ്പെടുത്താനുള്ള ഉപകരണമല്ല. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമാണ്. അധികാരമുള്ളവരുടെ മക്കൾക്കും സാധാരണക്കാരുടെ മക്കൾക്കും നിയമപരമായ മാനദണ്ഡങ്ങൾ ബാധകമാകണം. സമത്വം എന്നത് എല്ലാവരെയും മുൻകൂട്ടി കുറ്റക്കാരായി കാണുന്നതല്ല. മറിച്ച്, എല്ലാവർക്കും ഒരേ നീതിയും ന്യായമായ നടപടിക്രമങ്ങളും ഉറപ്പാക്കുന്നതാണ്.
ജയബാലകൃഷ്ണന്റെ മരണം മറ്റൊരു വാർത്തയായി അവസാനിക്കരുത്. അത് റോഡുകളിൽ ഉത്തരവാദിത്വം ഉറപ്പാക്കാനും നിയമപാലനത്തിലെ വീഴ്ചകൾ തിരുത്താനും നീതിന്യായവ്യവസ്ഥയിലുള്ള ജനവിശ്വാസം ശക്തിപ്പെടുത്താനും കാരണമാകണം.
വേണം ശക്തമായ ബോധവത്കരണം
രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഉറപ്പാക്കണം
സ്കൂളുകളിൽ റോഡ് സുരക്ഷാ ബോധവത്കരണം ശക്തമാക്കണം
പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും പരിശോധന കർശനമാക്കണം
ഇലക്ട്രിക് സ്കൂട്ടറിലെ നിയമവിരുദ്ധ യാത്രകൾ നിയന്ത്രിക്കണം
അപകട അന്വേഷണങ്ങൾക്ക് സമയപരിധിയും സുതാര്യതയും ഉറപ്പാക്കണം
റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |