SignIn
Kerala Kaumudi Online
Friday, 24 July 2026 2.10 AM IST

അലിവിന്റെയും അറിവിന്റെയും ആൾരൂപം

alikutty
പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ

അറിവിൻ മധുരം കിനിയുന്ന വാക്കുകളും അലിവിന്റെ കുളിർ തെന്നൽ സ്പർശവും സമ്മേളിച്ച ഒരു യുഗ പുരുഷനായിരുന്നു പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ. ഇസ്ലാമിന്റെയും സമസ്തയുടെയും ധന്യപാത ജീവിത വഴിയായി സ്വീകരിച്ച പണ്ഡിത ശ്രേഷ്ഠൻ. ഒരു വിളക്കുമാടമായി ജ്വലിച്ചു നിന്ന് വിശ്വാസികൾക്ക് അറിവിന്റെ ശോഭ തെളിച്ച സൂഫീവര്യൻ. മൗനമായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകൾ സദാ ചലിച്ച് കൊണ്ടേയിരിക്കും. അല്ലാഹുവിന്റെ മഹദ് വചനങ്ങൾ ഉരുവിട്ട് സദാസമയവും സ്രഷ്ടാവിൽ അലിഞ്ഞു ചേർന്നുള്ള ജീവിതം.

ഇസ്ലാമിന്റെ ധാർമ്മിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയത്. ഇഹത്തിലെ നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളൊന്നും, എല്ലാം പരലോക വിജയത്തിനായി മാത്രം.
കൗമാരകാലം മുതൽക്കു തന്നെ സമുദായ നേതൃത്വത്തിൽ എത്തിയയാളായിരുന്നു അദ്ദേഹം. 16-ാം വയസിൽ തന്നെ ഖത്തീബായി. 20 വയസ് കഴിയും മുമ്പ് ഖാളിയായി.

പിന്നിട്ട ജീവിതം മുഴുവൻ സമുദായത്തിന്റെ നേതൃനിരയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ലോകത്തിലെ തന്നെ പ്രശസ്ത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃനൂരിയ്യയുടെയും പ്രവർത്തനങ്ങൾക്ക് എന്നും ചുക്കാൻ പിടിച്ചു. സമസ്തയ്ക്കായി ജീവിതം മുഴുവൻ ഓടി നടന്നു. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രവർത്തന മേഖല വ്യാപിപ്പിച്ചു. അനാരോഗ്യം കാരണം കിടപ്പിലാവുന്നതുവരെ അദ്ദേഹം സമുദായത്തിനായി ഓടിനടന്നു.

ജാമിഅഃയിലെ അദ്ധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ച അദ്ദേഹം നിരവധി പണ്ഡിതരെ സമൂഹത്തിന് സംഭാവന ചെയ്തു. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആലിക്കുട്ടി മുസ്ലിയാർ എന്നും സമുദായത്തിന്റെ ആധികാരിക നേതൃത്വമായിരുന്നു. വിയോഗം വരെ ഉമ്മുൽ മദാരിസിന്റെ രക്ഷകർത്തൃ സ്ഥാനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവസാനം നടന്ന വാർഷിക, സനദ് ദാന സമ്മേളനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. സന്തത സഹചാരികളുടെയും ഊന്നുവടിയുടെയും സഹായത്തോടെയാണ് അന്ന് അദ്ദേഹം വേദിയിലെത്തിയത്.


പാണക്കാട് കുടുംബവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഞങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതൽക്ക് തുടങ്ങിയതായിരുന്നു. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഉമറലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും ഞങ്ങളെല്ലാവരുമായും ആ ബന്ധം തുടർന്നു.

പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീടുപോലെ പ്രിയപ്പെട്ടതായിരുന്നു. ഇടയ്ക്കിടെ അവിടെ വരും. ദീർഘനേരമിരിക്കും. മുൻപിലെ വഴിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെല്ലാം തറവാട്ടിൽ സന്ദർശനം നടത്തും. പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൂർവികരുടെ ഖബറിടം സന്ദർശിക്കും. പട്ടിക്കാട് ജാമിഅഃ കമ്മിറ്റിയിൽ അംഗമായത് മുതൽ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നു. സമ്മേളനത്തിന്റെ കാര്യങ്ങളിലും മറ്റും ചേർന്ന് പ്രവർത്തിച്ചു. അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞ സ്‌നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ച് കണ്ടിട്ടില്ല.

വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ചേർത്തു നിറുത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവു കൊണ്ടും മനുഷ്യരെ ചേർത്തു നിറുത്തുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ വിയോഗ വാർത്തയറിയുമ്പോൾ മനസിലേക്കോടിയെത്തിയത് അനേകം ഓർമ്മകളാണ്. നഷ്ടപ്പെട്ടത് ഒരു കൂടെപ്പിറപ്പിനെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളെയാണ്. അതേ, ഒടുവിൽ അല്ലാഹു നിശ്ചയിച്ചതെല്ലാം പൂർത്തിയാക്കി ആ പണ്ഡിതൻ തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. മഹാനവർകളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALIKKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY