
പ്രമുഖ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എത്തുന്ന ആദ്യ വനിതയെന്ന ഖ്യാതി ചിന്ത ജെറോമിനെ തേടിയെത്തുന്നത് രാജ്യത്തെ യുവജന പോരാട്ടങ്ങളുടെ നിർണായക ഘട്ടത്തിലാണ്. പുതിയ സ്ഥാനലബ്ധിയുടെ പശ്ചാത്തലത്തിൽ ചിന്ത കേരളകൗമുദിയുമായി
സംസാരിച്ചു.പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-
പുതിയ ഉത്തരവാദിത്വത്തെ
എങ്ങനെ കാണുന്നു?
വളരെ വലിയ ഉത്തരവാദിത്വമാണ്. രാജ്യം സമരസാന്ദ്രമായി നിൽക്കുന്ന ഘട്ടമാണ്. തൊഴിലാളികളും കർഷകരും എന്ന് മാത്രമല്ല വിദ്യാർത്ഥികളും യുവജനങ്ങളുമെല്ലാം പ്രക്ഷോഭ നിരയിലാണ്. ചെറുപ്പക്കാർക്ക് തൊഴിലില്ല. അൺ എംപ്ലോയ്‌മെന്റും അണ്ടർ എംപ്ലോയ്‌മെന്റും പ്രധാന വിഷയമായി നിലനിൽക്കുന്നു. സംസ്ഥാനത്തും യുവജന വിരുദ്ധ നിലപാടുകളുണ്ട്.ഇതെല്ലാം വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ പ്രേരിതമാകും.
യുവാക്കൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന്
അകലുന്നുവെന്ന പൊതു വിലയിരുത്തലിനെ
എങ്ങനെ കാണുന്നു?
യുവാക്കൾ ഉത്തരവാദിത്വത്തോടെ രാഷ്ട്രീയത്തെ സമീപിക്കുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. യുവത കുറച്ചുകൂടി പൊളിറ്റിക്കലാണ്. സമൂഹത്തിലെ പൊതു വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുകയും സമരരംഗത്ത് ഇറങ്ങാനും അവർ തയാറാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സൂചിപ്പിക്കുന്നത് അതാണ് . പുതിയകാലത്തിന്റെ അഭിരുചികളിൽ പക്ഷേ മാറ്റം വന്നു. കാലാനുസൃതമായ ഈ മാറ്റം ഉൾക്കൊണ്ട് വേണം വേണം പുത്തൻ പോരാട്ടങ്ങൾ സംഘടിപ്പിക്കാൻ എന്നതാണ് സംഘടനയുടെ വിലയിരുത്തൽ.
കോക്രോച്ച് ജനതാ പാർട്ടിയുടേത് പോലെയുള്ള
സമരങ്ങളെ ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള
സംഘടനകൾ മാതൃകയാക്കുമോ?
കോക്രോച്ച് പാർട്ടി എന്നത് ഒരു മൂവ്‌മെന്റാണ്. അവരുടെ ഇപ്പോഴത്തെ നിലപാടുകളോട് സംഘടനയ്ക്ക് യോജിപ്പാണ്. അതുകൊണ്ടാണ് സംഘടനയുടെ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പടെ ആ സമരമുഖത്തെത്തിയത്. ഈ മുദ്രാവാക്യങ്ങളും ആശയങ്ങളും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഉയർത്തുന്നുണ്ട്.
മാറുന്ന കാലഘട്ടത്തിൽ ഡി.വൈ.എഫ്.ഐ
അടക്കമുള്ള വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ
നേരിടുന്ന വെല്ലുവിളികൾ ?
പുതിയ കാലഘട്ടത്തിൽ ഇടതുപക്ഷ ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. സംഘടന നടത്തുന്ന സമരങ്ങൾക്കും പോരാട്ടങ്ങൾക്കും വലിയ സ്വീകാര്യതയുമുണ്ട്. പക്ഷേ, പരമ്പരാഗത സമര രീതികളിൽ നിന്ന് മാറി സംഘടനാ പ്രവർത്തനം സർഗാത്മകമാക്കാനാണ് ഉദ്ദേശിക്കുന്നത്. . കാലാനുസൃതമായി ഡി.വൈ.എഫ്.ഐയുടെ സംഘടനാ പ്രവർത്തനത്തിൽ മാറ്റം വരുത്തും.
പി.എസ്.സിയിൽ ഉൾപ്പെടെ ഉണ്ടാവേണ്ട കാലാനുസൃതവും
സാങ്കേതികവുമായ മാറ്റങ്ങളെ
ഡി.വൈ.എഫ്.ഐ എങ്ങനെയാണ് നോക്കിക്കാണുന്നത്?
പി.എസ്.സി യിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്ന് നേരത്തെ
തന്നെ ഡി.വൈഎഫ്.ഐ.ആവശ്യപ്പെട്ടിരുന്നു.ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല.സംസ്ഥാന സമ്മേളനം ഈ വിഷയം ചർച്ച ചെയ്തിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം നടക്കുകയാണ്. സിലബസ് പോലും തിരുത്തിയെഴുതാനുള്ള ശ്രമം നടക്കുന്നുണ്ട്. ചരിത്ര വസ്തുതകൾ മായിച്ചു കളയാനുള്ള ശ്രമങ്ങളും നടക്കുന്നു. ചരിത്രത്തിൽ ഒരു ഇടപെടലും നടത്താത്തവരെ പോലും വീരപുരുഷന്മാരായി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്.
പൊതിച്ചോറ് സംഘടനയായി മാത്രം മാറി എന്ന വിമർശനത്തോട്
എന്തു പറയുന്നു?
വിശക്കുന്നവന് ആഹാരം നൽകുന്നത് നല്ല കാര്യമായിട്ടാണ് ഞങ്ങൾ കാണുന്നത്.കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അക്കാര്യത്തിലുണ്ട്. മറ്റൊന്നും പറയാനില്ലാത്തവരാണ് ഇങ്ങനെ വിമർശിക്കുന്നത്.
മിസ നാടകം ഡി.വൈ.എഫ്.ഐയുടെ വേദിയിൽ
പ്രദർശിപ്പിക്കപ്പെട്ടപ്പോളുണ്ടായ അർദ്ധനഗ്ന വേഷ വിവാദം
സംബന്ധിച്ചുള്ള പ്രതികരണം?
അത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള രാഷ്ട്രീയമാണ്. അതേ ഏറ്റവും മികച്ച രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ ഒരു ഭാഗം മാത്രമെടുത്ത് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് സംസ്ഥാന സമ്മേളനത്തെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |