
ഒരാൾ തന്റെ നാലുവയസ്സുള്ള മകനെ ഉത്സവത്തിനു കൊണ്ടുപോയി. കുട്ടി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പാണ് ധരിച്ചിരുന്നത്. ഉത്സവപ്പറമ്പിലെ തിരക്കിനിടയിൽ ഉടുപ്പ് അഴുക്കാകാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. വീട്ടിലേയ്ക്കു തിരിച്ചുവരും വഴിക്ക് ഒരു സൈക്കിൾ തട്ടി കുട്ടി മറിഞ്ഞുവീണു. കൈമുട്ടിന് പരിക്കു പറ്റി. കരയുന്ന കുട്ടിയെ അച്ഛൻ വാരിയെടുത്തു. ഒരു തൂവാലകൊണ്ട് മുറിവ് തൽക്കാലത്തേയ്ക്ക് വച്ചുകെട്ടി. അയാൾ മകനെ ആശ്വസിപ്പിച്ചു. എന്നിട്ടും കുട്ടി കരച്ചിൽ നിറുത്തിയില്ല. അതുകണ്ട് അച്ഛൻ പറഞ്ഞു, ''മോൻ കരയല്ലേ. മുറിവ് അത്ര ആഴത്തിലല്ല. അതു വേഗം ഉണങ്ങും''. ''അച്ഛാ, മുറിവിനെക്കുറിച്ചോർത്തല്ല ഞാൻ കരയുന്നത്. വീഴ്ചയിൽ എന്റെ ഉടുപ്പു കീറി. മുറിവ് ഉണങ്ങും. പക്ഷേ ഉടുപ്പ് പഴയതുപോലെയാവില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പാണിത്. അതോർത്താണ് ഞാൻ കരഞ്ഞത്. അച്ഛൻ പറഞ്ഞു, ''മോനേ, അത് ഒരു തരത്തിൽ നല്ലതല്ലേ? കീറിയ ഉടുപ്പ് പഴയതു പോലെ ആകാത്തതുപോലെ കൈയിലെ മുറിവും ഒരിക്കലും ഉണങ്ങില്ലായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി?'' അതുകേട്ടപ്പോൾ മകന് കാര്യങ്ങളെ പുതിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു. അവൻ പറഞ്ഞു, ''ശരിയാണ്. കൈമുട്ടും ഉടുപ്പിനെപ്പോലെ ആയിരുന്നെങ്കിൽ മുറിവ് ഒരിക്കലും ഉണങ്ങില്ല. കൈ ഒരിക്കലും പഴയതുപോലെയാവില്ല. ദൈവം അങ്ങനെ ചെയ്യാതിരുന്നത് വളരെ നന്നായി. ദൈവത്തിനു നന്ദി''. അത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേയ്ക്കും കണ്ണീർ പുരണ്ട ആ മുഖത്ത് മനോഹരമായ പുഞ്ചിരി പ്രത്യക്ഷമായി.
നമ്മുടെ ജീവിതം എന്താണ്, എങ്ങനെയാണ് എന്നതിനേക്കാൾ പ്രധാനം അതിനെ എങ്ങനെയാണ് നമ്മൾ നോക്കിക്കാണുന്നത് എന്നാണ്. സാഹചര്യങ്ങൾ എന്തായാലും, സന്തോഷത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും ജീവിതത്തെ നോക്കിക്കാണാൻ നമുക്ക് കഴിയണം. നമ്മുടെ കാഴ്ചപ്പാടും മനോഭാവവും ആണ് അത് സാദ്ധ്യമാക്കുന്നത്. നിരാശ മനസ്സിനെ കീഴ്‌പെടുത്തിയാൽ പിന്നെ സാഹചര്യങ്ങളുടെ ചീത്തവശങ്ങൾ മാത്രമേ നമുക്കു കാണാനാകൂ. അതോടെ നമ്മുടെ ഉത്സാഹവും ആത്മവിശ്വാസവും നഷ്ടമാകും. എന്നാൽ ആത്മവിശ്വാസവും ധൈര്യവും കൈവിടാതിരുന്നാൽ വിവേകബുദ്ധി പ്രവർത്തിക്കും. അപ്പോൾ സാഹചര്യത്തെ നേരിടാനുള്ള വഴി തുറന്നു കിട്ടും. അതുനമ്മെ വിജയത്തിലേയ്ക്കു നയിക്കുകയും ചെയ്യും.
ശുഭാപ്തിവിശ്വാസമുണ്ടെങ്കിൽ നമുക്ക് ഏതു പ്രതികൂല സാഹചര്യത്തിലും സമചിത്തത നിലനിർത്താൻ കഴിയും. ഏത് അന്ധകാരത്തിലും ഈശ്വരാനുഗ്രഹത്തിന്റെ കിരണങ്ങൾ ദർശിക്കാനാകും,വിജയത്തിലേക്കുള്ള വഴിയും തെളിയും.
ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ ശോഭനമാക്കുന്നത്. പരാജയം നമ്മളെ തുറിച്ചു നോക്കുന്ന നിമിഷത്തിൽ പോലും ഒരൽപ്പം കൂടി കിണഞ്ഞു പരിശ്രമിച്ചാൽ വിജയിക്കാൻ കഴിയും. ഹൃദയത്തിന്റെ ഇ.സി.ജി എടുക്കുമ്പോൾ അതിൽ ഉയർച്ചകളും താഴ്ചകളും കാണും. അതു കാണുന്നില്ലെങ്കിൽ അതിന്റെ അർത്ഥം പ്രാണൻ പോയി എന്നാണ്. അതുപോലെ ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ സ്വഭാവമാണ്. സ്വയം പഠിക്കാനും വളരാനും നമുക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നു എന്നാണ് അതിനർത്ഥം. ആ കാഴ്ചപ്പാട് ഉൾക്കൊണ്ടാൽ നമ്മൾ ഒരിക്കലും തളർന്നു പോകില്ല.
വിവേകവും തെളിഞ്ഞ മനസും ഉണ്ടെങ്കിൽ നമുക്ക് ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളിലും നല്ല വശം കാണാൻ കഴിയും.ശുഭാപ്തി വിശ്വാസം നഷ്ടമാവുകയില്ല. ജീവിതത്തിൽ ശാന്തിയും വിജയവും നമ്മുടേതാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |